Tuesday, August 31, 2010

‘ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന്‌ ഒഴിവാക്കണം’

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ സുപീം കോടതി ഉത്തരവിട്ടു. രണ്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായി റേഷന്‍ പരിമിതപ്പെടുത്തണം. സമ്പന്നര്‍ക്ക്‌ ഭക്ഷ്യ സബ്‌സിഡി നല്‍കുന്നനടപടി ശരിയല്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. രാജ്യത്തെ ഭക്ഷ്യഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌.

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനാവില്ലെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ്‌ പവാറിന്റെ പ്രസ്‌താവനയെ സുപ്രീം കോടതി വിമര്‍ശിച്ചു. കോടതി നടത്തിയത്‌ വെറും നിര്‍ദ്ദേശമല്ല, ഉത്തരവാണ്‌. ഇതു നടപ്പാക്കാനാവില്ലെങ്കില്‍ റേഷന്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

രാജ്യത്തെ എ.പി.എല്‍, ബി.പി.എല്‍, അന്നയോജന, അന്ത്യോദന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ അതിനര്‍ഹരാണോയെന്ന്‌ സര്‍ക്കാര്‍ പരിശോധിക്കണം. കഴിഞ്ഞ 60 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌ വ്യക്‌തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. 2010-ലെ സെന്‍സസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തണം. റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തണമെന്നും അതിനു തയ്യാറാകാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. (mangalam)

No comments:

Post a Comment