Tuesday, August 31, 2010

റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരിയുടെ ബാഗ്‌ കവര്‍ന്ന യുവതി പിടിയില്‍
കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെ സ്‌ത്രീകളുടെ വിശ്രമമുറിയില്‍നിന്നു യാത്രക്കാരിയുടെ ബാഗുമായി കടന്ന യുവതിയെ ആര്‍.പി.എഫ്‌. കസ്‌റ്റഡിയിലെടുത്തു റെയില്‍വേ പോലീസിനു കൈമാറി.

കണ്ണൂര്‍ ചേലോറവാരം ചാപ്പ പുതിയമൊട്ടമ്മേല്‍ വീട്ടില്‍ ഷീലയുടെ മകള്‍ അജിന(19)യാണു പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചെ 2.30-ന്‌ ബംഗ ളുരുവില്‍നിന്ന്‌ കൊല്ലം സ്‌റ്റേഷനിലെത്തി സ്‌ത്രീകളുടെ വിശ്രമമുറിയില്‍ തങ്ങുകയായിരുന്ന കരുനാഗപ്പള്ളി പുത്തന്‍തെരുവ്‌ സ്വദേശി വിമലാ വര്‍ഗീസിന്റ ബാഗാണു യുവതി കവര്‍ന്നത്‌.

വിമലാ വര്‍ഗീസ്‌ മയങ്ങുന്നതിനിടെ രാവിലെ അഞ്ചരയോടെയായിരുന്നു മോഷണം. നാലുപവന്‍ താലിമാലയും തിരിച്ചറിയല്‍ കാര്‍ഡും അറുനൂറ്‌ രൂപയും മൊബൈല്‍ ഫോണും ബാഗിലുണ്ടായിരുന്നു. ഉണര്‍ന്ന വിമലാ വര്‍ഗീസ്‌ ബാഗ്‌ കാണാതെ അന്വേഷിച്ചപ്പോഴാണു സമീപമിരുന്ന യുവതി ബാഗുമായി പോയ കാര്യം മറ്റുള്ളവര്‍ അറിയിച്ചത്‌.

ആര്‍.പി.എഫ്‌. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ തിരച്ചില്‍ നടത്തുന്നതിനിടെ സ്‌റ്റേഷന്‌ മുന്നില്‍നിന്ന്‌ അജിത ഓട്ടോയില്‍ കയറുന്നതു കണ്ട്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണംപോയ ബാഗ്‌ യുവതിയുടെ പക്കല്‍നിന്ന്‌ കണ്ടെടുത്തു. തിങ്കളാഴ്‌ച രാത്രി എറണാകുളം-കൊല്ലം പാസഞ്ചര്‍ ട്രെയിനിലെത്തിയ അജിതയില്‍നിന്ന്‌ വിവിധ സ്‌ഥലങ്ങളിലേക്കുള്ള 12 റെയില്‍വേ ടിക്കറ്റുകളും ഒരു പഴ്‌സും കണ്ടെടുത്തു. റെയില്‍വേ പോലീസ്‌ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
(mangalam)

No comments:

Post a Comment