Tuesday, August 31, 2010

മൊബൈല്‍ ഫോണ്‍ കടകളില്‍ കവര്‍ച്ച: തമിഴ്‌നാട് പോലീസുകാരന്‍ പിടിയില്‍
Posted on: 01 Sep 2010


കൊച്ചി: മൊബൈല്‍ഫോണ്‍ കടകളില്‍നിന്നും മോഷണം നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു. തമിഴ്‌നാട് ശങ്കരന്‍കോവില്‍ താലൂക്കില്‍ പനവടലിചത്രം വില്ലേജ് പനവടലിചത്രം പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം കാര്‍ത്തിക് എന്ന കാര്‍ത്തികേയ(30)നാണ് അറസ്റ്റിലായത്.

തമിഴ്‌നാട് വേലൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനാണിയാള്‍. ബി.എ. തമിഴ്‌സാഹിത്യം പാസായ ഇയാള്‍ 2006ലാണ് പോലീസില്‍ ചേര്‍ന്നത്. മോഷണം ചെയ്ത് കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ വിറ്റ് ആര്‍ഭാടജീവിതം നയിച്ചുവരുകയായിരന്നു പ്രതി. 29ന് വൈകീട്ട് പ്രതിയുടെ വീടിനടുത്ത് വച്ചാണ് അറസ്റ്റുചെയ്തത്. മോഷണം ചെയ്ത മൊബൈല്‍ഫോണുകളില്‍ ഒരെണ്ണംമാത്രം പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

2004 ജൂലായ് ഒന്നിന് പുലര്‍ച്ചെ ക്വയിലോണ്‍ റേഡിയോ സര്‍വീസ് ശാഖകളായ എറണാകുളം രവിപുരത്തുള്ള സെല്‍ഫ് റിഡ്ജസ് എന്ന ഫോണ്‍ കടയില്‍ നിന്ന് 54 മൊബൈല്‍ ഫോണ്‍, ഒരു വെറ്റികോ ക്യാമറ എന്നിവയും 2005 ജൂലായ 13ന് രവിപുരത്തുള്ള സാംസണ്‍ ഡിജിറ്റല്‍ കടയില്‍ നിന്ന് 44 മൊബൈല്‍ ഫോണുകള്‍, 10 വീഡിയോ ക്യാമറ, രണ്ട് ഡിജിറ്റല്‍ ക്യാമറ എന്നിവയും പ്രതികള്‍ സംഘം ചേര്‍ന്ന് മോഷണം നടത്തിയിരുന്നു. സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി തമിഴ്‌നാട്ടുകാരനായ വെളിയപ്പന്‍, മറ്റൊരു മോഷണകേസ്സില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവെ മരിച്ചു. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ അറസ്റ്റുചെയ്താല്‍ മാത്രമേ കൂടുതല്‍ മോഷണമുതലുകള്‍ കണ്ടെടുക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. മോഷണം ചെയ്ത് കിട്ടുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വില്‍ക്കുകയായിരുന്നു പതിവ്. കാര്‍ത്തികേയനെ തിങ്കളാഴ്ച രാത്രി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ്ജയിലിലേക്കയച്ചു. (mathrubhumi)

No comments:

Post a Comment