Monday, August 30, 2010

900 വര്‍ഷം മുമ്പ് ആസ്‌പത്രി പ്രവര്‍ത്തിച്ചതിന് തെളിവ് ലഭിച്ചു

Posted on: 30 Aug 2010

ചെന്നൈ: തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് 15 കിടക്കകളുള്ള ആസ്​പത്രി നിലനിന്നിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചു. കാഞ്ചീപുരം ജില്ലയിലെ തിരുമുക്കൂടല്‍ ഗ്രാമത്തിലെ പുരാതന ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളാണ് ഇതിലേക്ക് വെളിച്ചം വീശിയത്.

900 വര്‍ഷം മുമ്പ് ക്ഷേത്രത്തോടനുബന്ധിച്ച് ആതുരശാലയും വേദപാഠശാലയും ഉണ്ടായിരുന്നു. വേദപാഠശാലയിലെ കുട്ടികളെയും ക്ഷേത്രജീവനക്കാരെയും ചികിത്സിക്കുന്നതിനാണ് ആസ്​പത്രി നടത്തിയിരുന്നുത്. ശിലാലിഖിതങ്ങളില്‍ പഠനം നടത്തുന്ന കെ.വി. സുബ്രഹ്മണ്യ അയ്യര്‍ ആണ് പഴയകാലത്തെ ആസ്​പത്രിയെക്കുറിച്ച് വിവരങ്ങള്‍ കണ്ടെത്തിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

പുരാവസ്തുവകുപ്പിനു കീഴിലെ സംരക്ഷിത സ്മാരകമാണ് ക്ഷേത്രം. പാലാര്‍, വേഗാവതി, ചെയ്യാര്‍ നദികളുടെ സംഗമ കേന്ദ്രത്തിലാണിത് സ്ഥിതിചെയ്യുന്നത്. ആസ്​പത്രിയുടെ പേര് വീരയോളന്‍ ആതുരശാല. പതിനഞ്ചു കിടക്കകള്‍, കോതണ്ഡരാമന്‍ അശ്വത്ഥമാന്‍ ഭട്ടന്‍ എന്ന പേരില്‍ ഫിസിഷ്യന്‍ ജോലിചെയ്തിരുന്നു. ശസ്ത്രക്രിയാവിദഗ്ധന്‍, നിരവധി നഴ്‌സുമാര്‍, മറ്റു ജോലിക്കാര്‍, ക്ഷുരകന്‍ തുടങ്ങിയ ജീവനക്കാരുടെ ശ്രേണിയും ആസ്​പത്രിക്കുണ്ടായിരുന്നു. ആസ്​പത്രി ജീവനക്കാര്‍ മാസശമ്പളം പറ്റിയതായും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 20 മരുന്നുകളുടെ വിവരണങ്ങളും ശിലാലിഖിതത്തിലുണ്ട്.

ജയംകൊണ്ട ചോളമണ്ഡലത്തിലെ ഒരു ജില്ലയായ കളത്തൂര്‍ കോട്ടത്തിന്റെ ഭാഗമായ മധുരാന്തക ചതുര്‍വേദിമംഗലം എന്ന് പുരാതന ലിഖിതത്തില്‍ വിവരിക്കുന്നിടത്താണ് തിരുമുക്കൂടല്‍ എന്ന് വിവരണം.
(mathrubhumi)


No comments:

Post a Comment