Sunday, August 29, 2010

കാര്‍ഗില്‍ യുദ്ധവീരനെ പോലീസ്‌ വ്യാജഏറ്റുമുട്ടലിലൂടെ വധിച്ചെന്നു ഭാര്യ
ഭോപ്പാല്‍: പ്രമോഷനും മെഡലുകള്‍ക്കുമായി മധ്യപ്രദേശ്‌ പോലീസ്‌ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനെ വ്യാജഏറ്റുമുട്ടലിലൂടെ വധിച്ചെന്നാരോപിച്ചു ഭാര്യ രംഗത്ത്‌.

പ്രമോഷനും മെഡലുകള്‍ക്കുമായി മധ്യപ്രദേശ്‌ പോലീസ്‌ തന്റെ ഭര്‍ത്താവും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനുമായ അംജത്‌ ഖാനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു ഭാര്യ യാസ്‌മിന്‍ ഖാന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ''വീട്ടില്‍ ധരിക്കുന്ന സാധാരണ വസ്‌ത്രമണിഞ്ഞു പോലീസിനൊപ്പം പോയ അംജത്തിനെ വെടിയേറ്റുമരിച്ച നിലയില്‍ കാണുമ്പോള്‍ അണിഞ്ഞിരുന്നതു കാക്കി നിറത്തിലുള്ള വസ്‌ത്രമാണ്‌. കവര്‍ച്ചാ സംഘാംഗമെന്നാരോപിച്ചാണ്‌ അംജദ്‌ ഖാനെ പോലീസ്‌ വെടിവച്ചുകൊന്നത്‌. പക്ഷേ പത്തുവര്‍ഷം സൈന്യത്തില്‍ സേവനമനുഷ്‌ഠിച്ച അംജത്‌ ഖാന്‍ ബിഹിന്ദ്‌ ജില്ലയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവും സാമൂഹികസേവകനുമായിരുന്നു. ചില കേസുകളില്‍ ചോദ്യചെയ്യാനായാണ്‌ അംജത്‌ ഖാനെ കൊണ്ടുപോകുന്നതെന്നാണു പോലീസ്‌ ബന്ധുക്കളോട്‌ പറഞ്ഞത്‌. പിന്നീട്‌ കൊള്ളസംഘമെന്നാരോപിച്ച്‌ അംജത്‌ ഖാനെയടക്കം നാലുപേരെ പോലീസ്‌ ഏറ്റുമുട്ടലിലൂടെ വധിച്ചെന്നാണ്‌ അറിഞ്ഞത്‌. അംജത്‌ ഖാനെ പോലീസ്‌ വ്യാജഏറ്റുമുട്ടലിലൂടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു''- യാസ്‌മിന്‍ ഖാന്‍ പറഞ്ഞു. ഈ മാസം 22 നാണ്‌ സംഭവം നടന്നത്‌. കൊള്ള സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘാംഗങ്ങളായ നാലുപേര്‍ മരിച്ചെന്നാണ്‌ പോലീസിന്റെ വാദം. ബിഹിന്ദ്‌ ജില്ലയിലെ ലഹര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ നേതാവാണ്‌ യാസ്‌മിന്‍.
(mangalam)

No comments:

Post a Comment