വീട് കുത്തിത്തുറന്ന് 46 പവന്‍ കവര്‍ന്നു |
ചാവക്കാട്: വടക്കേക്കാട് കൊച്ചന്നൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ രാത്രി പ്രാര്‍ഥനയ്‌ക്കായി പള്ളിയില്‍ പോയിവന്ന ഒന്നര മണിക്കൂറിനുള്ളില്‍ 46 പവന്‍ സ്വര്‍ണാഭരണവും 19,000 രൂപയും കവര്‍ന്നു. കൊച്ചന്നൂര്‍ പട്ടത്തുവളപ്പില്‍ അബ്‌ദുള്‍ഖാദറിന്റെ വീട്ടിലാണു സംഭവം. ടെറസ് വീടിന്റെ മുകളില്‍ പുറത്തേയ്‌ക്കുള്ള വാതിലിന്റെ കുറ്റിയും കൊളുത്തും അടര്‍ത്തിമാറ്റിയിട്ടുണ്ട്. കിടപ്പുമുറിയുടെ വാതിലിന്റെ കുറ്റി തകര്‍ത്താണ് അകത്തുകടന്നത്. അലമാരയില്‍നിന്നു സ്വര്‍ണാഭരണപ്പെട്ടി എടുത്ത് വെട്ടുകത്തി ഉപയോഗിച്ചു തുറന്നാണു സ്വര്‍ണം മോഷ്‌ടിച്ചത്. പെട്ടിക്കുള്ളിലുണ്ടായിരുന്ന വാച്ച് മോഷണംപോയിട്ടില്ല. മുറിയിലും കട്ടിലിലും പൗഡര്‍ കുടഞ്ഞിട്ടിട്ടുണ്ട്. മാറഞ്ചേരിയില്‍ തുണിക്കട നടത്തുന്ന അബ്‌ദുള്‍ഖാദറും ഭാര്യയും മകനും കുടുംബവുമാണു വീട്ടില്‍ താമസിക്കുന്നത്. മകന്‍ മുജീബ് റഹ്‌മാന്റെ ഭാര്യയും കുട്ടികളും സ്‌കൂള്‍ അവധിയായതിനാല്‍ അവരുടെ വീട്ടിലാണ്. ഖാദറും ഭാര്യയും മകനുംകൂടി വ്യാഴാഴ്‌ച രാത്രി 8.35നാണ് വീടുപൂട്ടി സമീപത്തെ പള്ളിയിലേക്കു പോയത്. 10.15ന് തിരിച്ചെത്തുകയും ചെയ്‌തു. പൂമുഖത്തെ ഗ്രില്ലു തുറന്ന് കിടപ്പുമുറിയില്‍ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. കട്ടിലില്‍ വെട്ടുകത്തിയും ടെറസിനു മുകളില്‍ വളഞ്ഞ ഇരുമ്പുദണ്ഡും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്റെ വാതിലുകള്‍ ദ്രവിച്ചു തുടങ്ങിയതും ബലം നഷ്‌ടപ്പെട്ടതും കവര്‍ച്ചക്കാര്‍ക്കു സൗകര്യമൊരുക്കി. വീടിന്റെ വശത്തുള്ള മാവിലൂടെയാണു ടെറസിനു മുകളിലെത്തിയതെന്നു കരുതുന്നു. കൃത്യമായ വിവരം അറിഞ്ഞുവന്നപോലെയാണു ലക്ഷണങ്ങള്‍ നല്‍കുന്ന സൂചനയെന്നു പോലീസ് പറഞ്ഞു.(mangalam) |
Friday, August 27, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment