കാറ്റാടിക്കമ്പനി ഭൂമിയിടപാട്: കോട്ടത്തറവില്ലേജില്‍നിന്ന് വ്യാജ പട്ടയം കണ്ടെടുത്തു
Posted on: 27 Aug 2010
പാലക്കാട്: കാറ്റാടിക്കമ്പനി ഭൂമിവിവാദത്തെത്തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയില്‍ കോട്ടത്തറ വില്ലേജില്‍നിന്ന് ഒരു വ്യാജപട്ടയം കണ്ടെത്തി. കാറ്റാടിക്കമ്പനിയായ സുസ്‌ലോണ്‍ ഇന്‍ഫ്രാ സ്ട്രക്ചറിന്റെ ഉപസ്ഥാപനമായ സാര്‍ജന്‍ റിയാലിറ്റീസ് അട്ടപ്പാടിയില്‍ നടത്തിയ ഭൂമിയിടപാടുകളില്‍ വ്യാജപട്ടയങ്ങളും രേഖകളും ഉള്‍പ്പെട്ടിരിക്കാമെന്ന സംശയത്തിന് ഇതോടെ ബലമേറി.
സര്‍വേനമ്പര്‍ 1273ല്‍ നാല് പാര്‍ട്ടിലായുള്ള എട്ടേക്കര്‍ അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയം ഇ.പി. ചാത്തന്‍ എന്ന ആദിവാസിയുടെ പേരിലാണ്. 1977 മെയ് 26നാണ് ചാത്തന് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ ഇതേ ഭൂമിയുടെ ഒരുഭാഗം 1974ല്‍ വരഗംപാടി കളീയ്ക്കല്‍വീട്ടില്‍ കെ.വി. ഏബ്രഹാമിന് പട്ടയം കൊടുത്തതായുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് കോട്ടത്തറ വില്ലേജില്‍നിന്ന് കണ്ടെത്തിയിരി- ക്കുന്നത്. 1273 പാര്‍ട്ട്-ഒന്നില്‍വരുന്ന ഭൂമിക്കാണ് പട്ടയം നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ട്-ഒന്നില്‍ വെറും 25 സെന്റ് ഭൂമിയേ ഉള്ളൂ. എന്നാല്‍ പട്ടയത്തില്‍ 1.6187 ഹെക്ടര്‍ (ഏതാണ്ട് നാലേക്കര്‍) എന്നാണ് കാണുന്നത്.
1974ല്‍ കെ.വി. ഏബ്രഹാം പുതൂര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ മേല്പറഞ്ഞ ഭൂമിക്ക് പട്ടയം നല്‍കണ മെന്ന് അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കാതിരുന്നതിനാല്‍ ട്രിബ്യൂണല്‍ അത് തള്ളുകയും ചെയ്തു. എന്നാല്‍ അതേഭൂമിക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പോലുമറിയാതെ വില്ലേജോഫീസര്‍ സ്വമേധയാ നടപടിപ്രകാരം പട്ടയമനുവദിച്ചുവെന്നാണ് കണ്ടെത്തിയിരി ക്കുന്നത്. ലാന്‍ഡ് ട്രിബ്യൂണല്‍ പിന്നീട് 1977ല്‍ ഇ.പി. ചാത്തന് പട്ടയം നല്‍കുകയും ചെയ്തു. 1974ല്‍ ഏബ്രഹാമിന് പട്ടയം കൊടുത്തിരുന്നെങ്കില്‍ വീണ്ടും ചാത്തന് പട്ടയം കൊടുക്കാന്‍ കഴിയുകയില്ലായിരുന്നു. ഒരേ ഭൂമിക്ക് എങ്ങനെ രണ്ടുപട്ടയമുണ്ടായെന്ന കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കയാണ്.
കാറ്റാടിക്കമ്പനി അട്ടപ്പാടിയില്‍വാങ്ങിയ ഭൂമിയുടെ അടിയാധാരങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പാലക്കാട് കളക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ നിര്‍ദേശപ്രകാരം പരിശോധന നടന്നത്. കളക്ടറേറ്റിലെ അന്വേഷണസംഘം കോട്ടത്തറവില്ലേജിലെ റെക്കോഡുകള്‍ക്കിടയില്‍ നിന്നാണ് ഏബ്രഹാമിന്റെ പട്ടയത്തിന്റെ താലൂക്ക്‌കോപ്പി കണ്ടെത്തിയത്. (mathrubhumi)
No comments:
Post a Comment