Sunday, August 29, 2010

ശൗര്യചക്ര നേടിയ ക്യാപ്‌റ്റനെ സഹപ്രവര്‍ത്തകര്‍ വധിച്ചെന്നു കുടുംബം

ന്യൂഡല്‍ഹി: സൈനികനായിരുന്ന മകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്കു മുന്നില്‍ അമ്മയുടെ അപേക്ഷ.

ജമ്മു-കാശ്‌മീരിലെ സൈനിക ബാരക്കില്‍ 2006 ഏപ്രില്‍ 30ന്‌ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ക്യാപ്‌റ്റന്‍ സുമിത്‌ കോഹ്ലിയുടെ അമ്മ വീണാ കോഹ്ലിയും സഹോദരി നമ്രത കോഹ്ലിയുമാണ്‌ ആന്റണിക്കു മുന്നില്‍ ഇന്നലെ അപേക്ഷയുമായി എത്തിയത്‌.

ഇവരുടെ സങ്കടം ക്ഷമയോടെ കേട്ട ആന്റണി സുമിതിന്റെ മരണത്തില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന്‌ ഉറപ്പു നല്‍കി. സമാധാന കാലത്തു നല്‍കുന്ന ധീരതയ്‌ക്കുള്ള ഉയര്‍ന്ന സൈനിക ബഹുമതികളിലൊന്നായ ശൗര്യചക്ര നേടി രണ്ടു മാസത്തിനുള്ളിലാണ്‌ സുമിത്‌ കൊല്ലപ്പെടുന്നത്‌. സുമിതിനെ സഹപ്രവര്‍ത്തകരായ സൈനികര്‍ തന്നെ കൊലപ്പെടുത്തിയതാണെന്നാണ്‌ അമ്മ വീണാ കോഹ്ലി ആരോപിക്കുന്നത്‌.

എന്നാല്‍ വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ സുമിത്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ സൈന്യത്തിന്റെ നിലപാട്‌.

ഇത്‌ തന്റെ മകന്റെ പ്രതിച്‌ഛായയെ മനഃപൂര്‍വം മോശമാക്കാന്‍ വേണ്ടി സൈന്യം പറഞ്ഞു പരത്തുന്ന കാര്യമാണെന്നും കൂടെയുള്ളവര്‍ തന്നെ സുമിതിനെ കൊലപ്പെടുത്തിയതാണെന്നുമാണ്‌ കുടുംബം പറയുന്നത്‌. മകന്റെ ശൗര്യചക്ര തിരിച്ചു നല്‍കാനും തങ്ങള്‍ തയാറാണെന്ന്‌ കുടുംബം ആന്റണിയെ അറിയിച്ചു. 18 രാഷ്‌ട്രീയ റൈഫിള്‍സിന്റെ ഭാഗമായിരുന്ന സുമിതിനെ കാശ്‌മീരിലെ ലോലാബിലുള്ള താമസ സ്‌ഥലത്ത്‌ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിഞ്ഞു പിതാവ്‌ സതീഷ്‌ കോഹ്ലിക്ക്‌ ഹൃദായാഘാതമുണ്ടാകുകയും സുമിതിന്റെ സംസ്‌കാരം നടക്കുന്ന സമയത്ത്‌ മരിക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷം മകന്റെ മരണ കാരണമറിയാന്‍ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ വീണാ കോഹ്ലി നിരവധി ശ്രമങ്ങള്‍ നടത്തി. വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചെങ്കിലും കാശ്‌മീരിലായതിനാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ്‌ ആര്‍മി നിലപാടെടുത്തത്‌. തുടര്‍ന്ന്‌ ഇവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി സൈന്യത്തോട്‌ ഉത്തരവിട്ടിരുന്നു. സുമിതിന്റെ ഓട്ടോപ്‌സി റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമടക്കമുള്ള രേഖകള്‍ കുടുംബം 
ആന്റണിക്ക്‌ സമര്‍പ്പിച്ചു.
(mangalam)

No comments:

Post a Comment