Monday, August 30, 2010

വായ്‌പാ പദ്ധതികള്‍ സഹകരണ ബാങ്കുകള്‍ അട്ടിമറിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ഏര്‍പ്പെടത്തിയ വായ്‌പാ പദ്ധതികള്‍ സഹകരണ ബാങ്കുകള്‍ അട്ടിമറിച്ചു. നിര്‍ദ്ധനരുടെ മക്കള്‍ക്കുള്ള മംഗല്യസൂത്ര, ജാമ്യരഹിത വായ്‌പാ പദ്ധതികളാണ്‌ സഹകരണ സംഘങ്ങളുടേയും ബാങ്കുകളുടേയും നിസ്സഹകരണം മൂലം സ്‌തംഭിച്ചത്‌. വായ്‌പ നല്‍കുന്നില്ലെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്ക്‌ ഭാരവാഹികളുടെയും യോഗം അടുത്ത മാസം ആദ്യ ആഴ്‌ചയില്‍ വിളിക്കാന്‍ സഹകരണ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.

നിര്‍ദ്ധനരുടെ മക്കളുടെ വിവാഹത്തിനായി നാലു ശതമാനം പലിശയ്‌ക്ക് വായ്‌പ നല്‍കാന്‍ സഹകരണ വകുപ്പ്‌ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ സഹകരണ രജിസ്‌ട്രാര്‍ ബാങ്കുകളോട്‌ മംഗല്യസൂത്ര വായ്‌പ നല്‍കാന്‍ നിര്‍ദേശിച്ചു. ഈ വായ്‌പയ്‌ക്ക് ആള്‍ജാമ്യം മതി. സഹകരണ ബാങ്കില്‍ അംഗങ്ങളായ കുടിശികയില്ലാത്ത ആര്‍ക്കും ജാമ്യം നില്‍ക്കാം. സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഹകരണ സംഘങ്ങളോ ബാങ്കുകളോ ഈ വായ്‌പ നല്‍കാന്‍ തയാറായിട്ടില്ല. വായ്‌പയ്‌ക്കായി ബാങ്കിലെത്തുമ്പോള്‍ കുറഞ്ഞ പലിശയ്‌ക്കു വായ്‌പ നല്‍കാന്‍ കഴിയില്ലെന്നും ആധാരം വച്ച്‌ ഉയര്‍ന്ന നിരക്കിലുള്ള പലിശയ്‌ക്ക് വായ്‌പ നല്‍കാമെന്നുമുള്ള മറുപടിയാണു ലഭിക്കുന്നത്‌. ഇതു സംബന്ധിച്ചു നിരവധി പരാതികളാണു സഹകരണ വകുപ്പിനു ലഭിച്ചത്‌. ഇതില്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ചെങ്ങന്നൂര്‍ മുളക്കുഴ സര്‍വീസ്‌ സഹകരണ ബാങ്കിനെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലാണ്‌.

ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ പതിനായിരക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കു വായ്‌പ നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ്‌ ജാമ്യരഹിത വായ്‌പ പദ്ധതി നടപ്പാക്കിയത്‌. ഇതനുസരിച്ച്‌ ഒരാള്‍ക്ക്‌ അയാള്‍ അംഗമായ സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ പതിനായിരം രൂപ വരെ വായ്‌പ എടുക്കാം. ഇതിനു ജാമ്യം നല്‍കേണ്ട. ജാമ്യമില്ലാതെ വായ്‌പ നല്‍കാന്‍ സഹകരണ സംഘങ്ങളോ ബാങ്കുകളോ തയാറാകുന്നില്ല. രജിസ്‌ട്രാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടറിഞ്ഞ്‌ ഓരോ ദിവസവും ആയിരക്കണക്കിന്‌ ആളുകളാണു ജാമ്യരഹിത വായ്‌പയ്‌ക്കായി ബാങ്കുകളിലെത്തുന്നത്‌.

എന്നാലിവര്‍ക്ക്‌ അപേക്ഷഫോറം പോലും ലഭിക്കുന്നില്ല. അപേക്ഷ ബാങ്ക്‌ ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ച്‌ തീരുമാനമെടുക്കുകയാണു പതിവ്‌. എല്ലാ ബാങ്കുകള്‍ക്കും ഉയര്‍ന്ന പലിശയ്‌ക്കു വായ്‌പ നല്‍കാനും നിക്ഷേപം സ്വീകരിക്കാനും മാത്രമാണു താല്‍പര്യം. സഹകരണ സ്‌ഥാപനങ്ങള്‍ ബ്ലെയ്‌ഡ് കമ്പനിക്ക്‌ സമാനമായി മാറുകയാണെന്ന വിലയിരുത്തലാണു സര്‍ക്കാരിനുള്ളത്‌.

തുടര്‍ന്നാണ്‌ അടിയന്തരമായി സംസ്‌ഥാനത്തെ സഹകരണ സംഘം/ബാങ്ക്‌ ഭാരവാഹികളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്‌.

വായ്‌പ നല്‍കാത്ത ബാങ്കുകള്‍ക്കെതരേ കര്‍ശന നടപടിയെടുക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. സാധാരണക്കാര്‍ക്കു പ്രയോജനകരമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ സഹകരണബാങ്കുകള്‍ ശ്രമിക്കുന്നതു സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ഇതിനു പുറമെ ഓണം, റമദാന്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ സഹകരണ വിപണി നടത്താന്‍ തയാറാകാത്ത സംഘങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. (V.A. Girish. mangalam)

No comments:

Post a Comment