Tuesday, August 31, 2010

Seven Year Old Financial Advisor for Britain.

ഏഴു വയസുകാരന്‍ ബ്രിട്ടനില്‍ ധനകാര്യ ഉപദേഷ്‌ടാവ്‌!

ലണ്ടന്‍: കണക്കിലെ പ്രതിഭയായ ഏഴു വയസുകാരന്‍ ബ്രിട്ടനില്‍ ധനകാര്യ ഉപദേശകന്‍! മണ്ണപ്പം ചുട്ടു കളിക്കുന്നതിനിടെയാണ്‌ ലണ്ടനിലെ ധനകാര്യ ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ബോണിന്‌ 'ഉപദേശം' നല്‍കാന്‍ ഓസ്‌കാര്‍ സെല്‍ബി സമയം കണ്ടെത്തിയത്‌.

ജി.സി.എസ്‌.ഇ. മാത്സ് പരീക്ഷയില്‍ കഴിഞ്ഞയാഴ്‌ച എ പ്ലസ്‌ ഗ്രേഡ്‌ നേടിയ ഈ പയ്യന്‍ ചില്ലറക്കാരനല്ല. കുട്ടികള്‍ സാധാരണയായി ജി.സി.എസ്‌.ഇ. പരീക്ഷയ്‌ക്കിരിക്കുന്നതിന്റെ പകുതി പ്രായത്തിലാണ്‌ ഓസ്‌കാറിന്റെ നേട്ടം. സറേയിലെ സ്‌റ്റാംഫോഡ്‌ ഗ്രീന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ഓസ്‌കാര്‍ അതിനൊപ്പം ഹെര്‍ട്‌ഫോഡ്‌ഷെറിലെ റൈഡ്‌ ടീച്ചിംഗ്‌ സര്‍വീസിലും കണക്കിലെ പ്രതിഭ മിനുക്കിയെടുക്കുന്നുണ്ട്‌.

ബ്രിട്ടനിലെ ഏറ്റവും വിഷമം പിടിച്ച ഗണിതപ്രശ്‌നം - 17,000 കോടി പൗണ്ടിന്റെ ബജറ്റ്‌ കമ്മി - പരിഹരിക്കാന്‍ ലളിതമായ ഉപദേശമാണ്‌ ഓസ്‌കാര്‍ സെല്‍ബി നല്‍കിയത്‌. നികുതിദായകരുടെ പണം കൊണ്ട്‌ ബാങ്കുകളെ സഹായിക്കുന്നതിനു പകരം മുന്‍കാലങ്ങളിലെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കുക. വൃദ്ധരുടെ പരിചരണത്തിനും ക്ഷേമത്തിനുമായി കൂടുതല്‍ പണം നീക്കിവയ്‌ക്കുക. പാകിസ്‌താനിലെ പ്രളയം പോലെയുള്ള ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്കായി സഹായമെത്തിക്കുക. തൊഴിലവസരങ്ങളാണ്‌ രാജ്യത്തിനാവശ്യം; അതു സൃഷ്‌ടിക്കാന്‍ നടപടിയെടുക്കുക, ആഗോളതാപനം തടയാനുള്ള ശ്രമങ്ങളില്‍ പിശുക്കു കാട്ടാതിരിക്കുക... സെല്‍ബിയുടെ ഉപദേശങ്ങള്‍ നീളുകയാണ്‌.

ചാന്‍സലറെ ഉപദേശിക്കാന്‍മാത്രം വളര്‍ന്നെങ്കിലും രാഷ്‌ട്രീയം ഓസ്‌കാറിന്റെ മോഹങ്ങളിലില്ല. ഇന്ധനമില്ലാതെ ഓടുന്ന കാര്‍- അതാണ്‌ പയ്യന്റെ സ്വപ്‌നം.
(mangalam)

No comments:

Post a Comment