Friday, August 27, 2010

വിജയകുമാര്‍ കൊലക്കേസ്‌: പ്രതി അറസ്‌റ്റില്‍

ഹരിപ്പാട്‌: എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ്‌ പള്ളിപ്പാട്‌ വെട്ടുവേനി അമ്പാടിയില്‍ എസ്‌. വിജയകുമാറി (42) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ വിയപുരം ഗുരുനാഥന്‍ പറമ്പില്‍ ഷിബു(31) വിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ഹരിപ്പാട്‌-വിയപുരം റോഡില്‍ കാരിച്ചാല്‍ കൈപ്പള്ളി ജംഗ്‌ഷനില്‍ ബൈക്ക്‌ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നിന്ന വിജയകുമാറിനെ കുത്തുകയായിരുന്നുവെന്നു ഷിബു സമ്മതിച്ചതായി എസ്‌.പി: എ. അക്‌ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി കാരിച്ചാല്‍ പാലത്തില്‍ നിന്ന്‌ ആറ്റിലേക്ക്‌ എറിഞ്ഞെന്നും ഒറ്റയ്‌ക്കാണു കൊലപാതകം നടത്തിയതെന്നുമാണ്‌ ഇയാളുടെ മൊഴിയില്‍ പറയുന്നത്‌. മണല്‍-മാഫിയ സംഘാംഗമാണ്‌ ഷിബുവെന്നു പോലീസ്‌് പറഞ്ഞു. കഴിഞ്ഞ 19 നു രാത്രി പന്ത്രണ്ടു മണിയോടെയാണ്‌ എന്‍.ജി.ഒ. അസോസിയേഷന്‍ ആലപ്പുഴ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ചെറുതന പി.എച്ച്‌. സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറുമായിരുന്ന വിജയകുമാര്‍ കൊല്ലപ്പെട്ടത്‌. വിയപുരം-ഹരിപ്പാട്‌ റൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തൃപ്പക്കുടം ലെവല്‍ ഗേറ്റില്‍ രാത്രി 10.40 ന്‌ ഷിബുവിന്റെയും വിജയകുമാറിന്റെയും ബൈക്കുകള്‍ കൂട്ടിയിടിച്ചതാണ്‌ കൊലപാതകത്തിലേക്കു നയിച്ചത്‌. കൂട്ടിയിടിയെത്തുടര്‍ന്ന്‌ ഷിബു വീണിട്ടും വിജയകുമാര്‍ ബൈക്ക്‌ നിര്‍ത്താതെ പോയി. ഹരിപ്പാട്ടെത്തി ഭക്ഷണം കഴിച്ചശേഷം ഷിബു തിരികെവരുമ്പോള്‍ കാരിച്ചാല്‍ കൈപ്പള്ളി ജംഗ്‌ഷനില്‍ ബൈക്കു നിര്‍ത്തി സംസാരിക്കുകയായിരുന്ന വിജയകുമാറിനെ കാണുകയും കുത്തിവീഴ്‌ത്തുകയുമായിരുന്നെന്നു പോലീസ്‌ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണു പ്രതിയെ പിടികൂടാന്‍ സഹായകമായത്‌. അപകടം നടന്ന സമയം മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന വിജയകുമാര്‍ തൃപ്പക്കുടം ടവറിന്റെ പരിധിയിലായിരുന്നതായി അന്വേഷണത്തില്‍ വ്യക്‌തമായി. രണ്ടു ബൈക്കുകളും സയന്റിഫിക്‌ വിദഗ്‌ധര്‍ പരിശോധിച്ച്‌ അപകടം നടന്നതായി സ്‌ഥിരീകരിച്ചതായും പോലീസ്‌ വ്യക്‌തമാക്കി.
(mangalam)

No comments:

Post a Comment