Friday, August 27, 2010

ദേശീയ ബഹുമതി

വിധിയെ ചെറുത്ത അധ്യാപികയെത്തേടി ദേശീയ ബഹുമതി
Posted on: 27 Aug 2010
കാലടി: വിധി ശരീരത്തെ തളര്‍ത്തിയെങ്കിലും മനഃസാന്നിധ്യം ഈ അധ്യാപികയ്ക്ക് നേടിക്കൊടുത്തത് ദേശീയ ബഹുമതി. നന്നേ ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് ശരീരത്തില്‍ കൂനുള്ള, കാലടി ചെങ്ങല്‍ സ്വദേശി കോഴിക്കാടന്‍ വീട്ടില്‍ ലൂസി എന്ന അധ്യാപികയെ തേടിയാണ് സ്‌പെഷല്‍ വിഭാഗം മാതൃകാധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് എത്തിയത്.

എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്റിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം അധ്യാപികയാണ് ലൂസി. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പോളിയോ വന്നത്. കൂനുള്ള ശരീരവുമായി വിധിയോടു പൊരുതി ബയോളജിയില്‍ എംഎസ്‌സി, എംഎഡ് നേടി. 22 വര്‍ഷമായി കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി ലഭിച്ചിട്ട്. ആദ്യം കണ്ണൂരിലായിരുന്നു. 17 വര്‍ഷമായി എറണാകുളത്തും. കോഴിക്കാടന്‍ വര്‍ഗീസ് -മറിയാമ്മ ദമ്പതിമാരുടെ മകളായ ഈ അധ്യാപിക അവിവാഹിതയാണ്. ദിവസവും രാവിലെ 6ന് വീട്ടില്‍നിന്ന് പുറപ്പെട്ടാല്‍ വൈകീട്ട് 7നാണ് തിരിച്ചെത്താനാവുക. കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളിലെത്തി വിദ്യാര്‍ഥികളോടൊപ്പം ചേരുമ്പോള്‍ എല്ലാ വിഷമങ്ങളും മറക്കാന്‍ കഴിയുന്നതായി ലൂസി പറഞ്ഞു. കൂടെയുള്ള അധ്യാപകരും പ്രധാനാധ്യാപിക രാധയും എല്ലാവിധ സഹായങ്ങളും നല്‍കുന്നതായും അവാര്‍ഡ് ലഭിക്കാന്‍ ഇടയായത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും ഇവര്‍ നന്ദിയോടെ പറഞ്ഞു. സപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.(mathrubhumi) 

No comments:

Post a Comment