Sunday, August 29, 2010

Threat from China

പാക് അധീന കശ്മീരില്‍ ചൈന പിടിമുറുക്കുന്നു
Posted on: 29 Aug 2010

ന്യൂയോര്‍ക്ക്: പാക് അധീന കശ്മീരിലെ ഗില്‍ഗിത്-ബാള്‍ടിസ്താന്‍ മേഖലയില്‍ പാകിസ്താന്റെ മൗനാനുവാദത്തോടെ ചൈന പിടിമുറുക്കുന്നു. പാക് ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ തുടരുന്ന ഈ മലമ്പ്രദേശത്ത് 11,000-ത്തോളം സൈനികരെ ചൈന വിന്യസിച്ചതായി 'ന്യൂയോര്‍ക്ക് ടൈംസ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിന്റെ പേര് പറഞ്ഞ് ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന സൈനികോദ്യോഗസ്ഥന് ചൈന വിസ നിഷേധിച്ചതിനെച്ചൊല്ലി നയതന്ത്ര വിവാദം തുടരുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ആശങ്കയുയര്‍ത്തുന്ന സേനാനീക്കത്തിന്റെ വിവരം പുറത്തുവന്നത്.

പാകിസ്താന്റെ കൈവശമുള്ള കശ്മീരിലെ തന്ത്രപ്രധാന പ്രദേശങ്ങളാണ് സിന്ധു നദീതടത്തിനടുത്തുള്ള ഗില്‍ഗിത്തും ഹിമാലയത്തിലെ കാരക്കോറം മലനിരകളിലുള്ള ബാള്‍ടിസ്താനും. ഗള്‍ഫ് മേഖലയിലേക്ക് പാകിസ്താന്‍ വഴി റെയില്‍, റോഡ് ബന്ധം ഉറപ്പിക്കുന്നതിന് ഈ മേഖലയുടെ നിയന്ത്രണം ചൈനയ്ക്ക് അനിവാര്യമാണ്. ഗവാഡറില്‍ പാകിസ്താനുവേണ്ടി ചൈന നിര്‍മിച്ച നാവികസേനാ താവളത്തിലേക്കും ഗള്‍ഫ് മേഖലയുടെ കിഴക്കുള്ള പസ്‌നി, ഒര്‍മാറ എന്നിവിടങ്ങളിലേക്കും കിഴക്കന്‍ ചൈനയില്‍ നിന്ന് ചരക്ക് കൊണ്ടുപോകുന്നത് ഇതുവഴിയാണ്. മേഖലയിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഈ പാതയില്‍ പ്രതിബന്ധമാകില്ലെന്ന് ഉറപ്പ് വരുത്താനാണ് ചൈന ഇവിടെ വന്‍തോതില്‍ സൈനികരെ വിന്യസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ വിന്യസിക്കപ്പെട്ട 7,000-ത്തിനും 11,000-ത്തിനുമിടയ്ക്കുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭടന്മാര്‍ മേഖലയില്‍ റോഡ് നിര്‍മാണം നടത്തുന്നുണ്ട്. ഇതോടൊപ്പം, പാകിസ്താന്‍കാര്‍ക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ട 22 രഹസ്യ കേന്ദ്രങ്ങളില്‍ അവര്‍ തുരങ്കങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനില്‍നിന്ന് കാരക്കോറം വഴി ചൈനയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിന് തുരങ്കങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മിസൈലുകള്‍ ഒളിച്ചുവെക്കാനുള്ള അറയായും ഈ തുരങ്കങ്ങള്‍ ഉപയോഗിക്കാമെന്നതാണ് ഭീഷണി. 

നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ചൈനീസ് ഭടന്മാര്‍ താത്കാലിക താവളങ്ങളില്‍ തങ്ങി, ജോലി തീരുമ്പോള്‍ തിരിച്ചുപോവുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കായി സ്ഥിരം പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖല പാകിസ്താന്റെ അനുമതിയോടെ ചൈനയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍.

പ്രാദേശിക ഗോത്രവര്‍ഗങ്ങളില്‍പ്പെട്ടവരും ഷിയ മുസ്‌ലിങ്ങളുമാണ് ഗില്‍ഗിത്, ബാള്‍ടിസ്താന്‍ പ്രദേശങ്ങളിലുള്ളത്. പാക് സൈന്യത്തിന്റെ പിന്തുണയോടെ സുന്നി തീവ്രവാദികള്‍ അഴിച്ചുവിടുന്ന കടന്നാക്രമണങ്ങളാണ് ഇവിടത്തെ കുഴപ്പങ്ങള്‍ക്ക് കാരണം. സ്വയംഭരണ പ്രാദേശിക ഭരണകൂടങ്ങളുണ്ടെങ്കിലും ഇവര്‍ക്കുള്ള അധികാരം നാമമാത്രമാണെന്നതും ആഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് കാരണമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തടയുകയെന്നതും ചൈനയുടെ ഇടപെടലിന്റെ ലക്ഷ്യമാണ്. അമേരിക്കയുടെ സഖ്യകക്ഷിയായി നടിക്കുമ്പോള്‍ത്തന്നെ പാകിസ്താന്‍ ഒരുവശത്ത് താലിബാന്റെയും മറുവശത്ത് ചൈനയുടെയും താളത്തിനൊത്ത് തുള്ളുകയാണെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' അഭിപ്രായപ്പെടുന്നു.

വിസയെച്ചൊല്ലിയുള്ള ഇന്ത്യ-ചൈന തര്‍ക്കം വലിയ വാര്‍ത്തയായെങ്കിലും അത് കുറച്ചുകാണിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള സൈനിക സഹകരണം തുടരുമെന്ന് ചൈന ശനിയാഴ്ച വ്യക്തമാക്കി. ചൈനയുമായുള്ള സൈനിക സഹകരണം വിച്ഛേദിക്കില്ലെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ ചൈനാസന്ദര്‍ശന പരിപാടിയിലും മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
(mathrubhumi)

No comments:

Post a Comment