| ടിക്കറ്റ് സാധാരണക്കാര്‍ക്ക്; സമ്മാനം കമ്പനിക്ക് | |
| |
| തിരുവനന്തപുരം: പ്രധാന സമ്മാനങ്ങളെല്ലാം 'കമ്പനി'ക്കുതന്നെ അടിക്കുന്ന ബഹുഭൂരിപക്ഷം അന്യ സംസ്‌ഥാന ലോട്ടറികളും നിയന്ത്രിക്കുന്നത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 'സിന്‍ഡിക്കേറ്റ്'. മാര്‍ട്ടിന്റെ ബന്ധുക്കളും അടുത്ത അനുയായികളുമാണു വിവിധ പേരുകളിലുള്ള ഏജന്‍സികളുടെ ഉടമകള്‍. സിക്കിം ലോട്ടറിയുടെ മൊത്തവിതരണക്കാരായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സാണെന്നാണ് ഔദ്യോഗിക രേഖകള്‍. ഇവര്‍ നേരിട്ട് കേരളാ സര്‍ക്കാരിനു നികുതി ഒടുക്കുകയോ ബന്ധപ്പെടുകയോ ചെയ്‌തിട്ടില്ല. നികുതി അടച്ച മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് തങ്ങളെ സംസ്‌ഥാനത്തെ വിതരണക്കാരായി നിയോഗിച്ചതിന്റേയോ, സിക്കിം സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന്റേയോ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. ഭൂട്ടാന്‍ ലോട്ടറിയുടെ അവിടത്തെയും ഇന്ത്യയിലെയും മൊത്തവിതരണത്തിനുള്ള കരാറില്‍ ഒപ്പിട്ടിട്ടുള്ളതു മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സിയാണ്. ഈ രണ്ട് ഏജന്‍സികളും കേരളത്തില്‍ വിതരണം ചെയ്യാനുള്ള ടിക്കറ്റുകള്‍ ഏല്‍പ്പിക്കുന്നതു മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനെയാണ്. ഈ സ്‌ഥാപനങ്ങളെല്ലാം ഒരാളുടെ നിയന്ത്രണത്തില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണു ലോട്ടറി മേഖലയില്‍നിന്നുള്ള വിവരം. രാജ്യത്തെ ലോട്ടറി വിതരണത്തിന്റെ മൊത്തം നിയന്ത്രണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും കേരളത്തില്‍ കാര്യമായ തടസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വില്‍ക്കപ്പെടാത്ത ടിക്കറ്റുകള്‍ക്കു പ്രധാന സമ്മാനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ മുക്കിലും മൂലയിലും അന്യസംസ്‌ഥാന ലോട്ടറികള്‍ അനധികൃതമായി വിറ്റഴിക്കുമ്പോഴും കാര്യമായ പരിശോധനകള്‍ സംസ്‌ഥാനത്തുണ്ടായില്ല. അന്യസംസ്‌ഥാന ലോട്ടറികളുടെ അനധികൃത വില്‍പന തടയേണ്ടതു സംസ്‌ഥാന സര്‍ക്കാരാണെന്നാണു കേന്ദ്ര ലോട്ടറി നിയമത്തില്‍ പറയുന്നത്. അനധികൃത ലോട്ടറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള ഫലപ്രദമായ നടപടികളൊന്നും സംസ്‌ഥാനത്തു നടപ്പാക്കുന്നില്ല. അന്യസംസ്‌ഥാന ലോട്ടറികളുടെ പക്കല്‍നിന്നു നികുതി സ്വീകരിക്കുന്നതും അവരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അധികാരമുള്ളതും നികുതിവകുപ്പിനാണ്. 2005 ലെ പേപ്പര്‍ ലോട്ടറികളിന്‍മേലുള്ള കേരള നികുതി ആക്‌ട് സംസ്‌ഥാന നിയമസഭ പരിഗണിച്ചപ്പോള്‍ അന്യസംസ്‌ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരം ലോട്ടറി വകുപ്പിനും നല്‍കണമെന്ന് ആവശ്യപ്പെട്ടവരാണു തോമസ് ഐസക് അടക്കമുള്ള ഇപ്പോഴത്തെ മന്ത്രിമാര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ലോട്ടറി പ്രൊമോട്ടറും ലോട്ടറി നടത്തുന്ന സംസ്‌ഥാനവുമായുള്ള കരാറിന്റെ പകര്‍പ്പും വിതരണക്കാരന്റെ് മറ്റു രേഖകളും അതതു ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്കു കൈമാറി നിയമലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നികുതി കൈപ്പറ്റാവൂവെന്നാണു വാണിജ്യ നികുതി കമ്മിഷണര്‍ 2005 ജൂണില്‍ ഉദ്യോഗസ്‌ഥര്‍ക്കു സര്‍ക്കുലറിലൂടെ നല്‍കിയിട്ടുള്ള നിര്‍ദേശം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ രണ്ട് ഓഫീസുകളും സംയുക്‌തമായി പരിശോധനകള്‍ നടത്തണമെന്നും വിശദാംശങ്ങള്‍ കമ്മീഷണറേറ്റില്‍ ആഴ്‌ചതോറും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലറുകളും നിയമങ്ങളും ഫയലുകളില്‍ ഉറങ്ങുമ്പോള്‍ ലോട്ടറി മാഫിയ രാഷ്‌ട്രീയ ഒത്താശയോടെ സാധാരണക്കാരെന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. സിക്കിം- ഭൂട്ടാന്‍ ലോട്ടറികളുടെ നാലക്കത്തിനു മുകളിലുള്ള സമ്മാനങ്ങള്‍ ലഭിച്ചവര്‍ സംസ്‌ഥാനത്ത് ഉണ്ടോയെന്നുതന്നെ സംശയമാണ്. സംസ്‌ഥാന സര്‍ക്കാരിന്റെ ലോട്ടറിയുടെ വില്‍പനയെ അടക്കം തകര്‍ത്തുകൊണ്ടാണ് അന്യസംസ്‌ഥാന ലോട്ടറി മാഫിയ മുന്നേറുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ ലോട്ടറി ഏജന്റുമാരായി രജിസ്‌റ്റര്‍ ചെയ്‌തിരുന്നവരില്‍ പലരും ഇപ്പോള്‍ ലോട്ടറി വകുപ്പില്‍നിന്നു ടിക്കറ്റുകള്‍ വാങ്ങുന്നതു പേരിനുവേണ്ടി മാത്രമാണ്. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ലോട്ടറികളില്‍ പലതും ഇന്നലെയും സംസ്‌ഥാനത്തു വിറ്റഴിക്കപ്പെട്ടു. മൂന്നക്കത്തിനു സമ്മാനം നല്‍കുന്നതു നിലവിലുണ്ടായിരുന്ന രീതിയില്‍ തുടരാനാവില്ലെന്ന് ഉറപ്പായതോടെ ബന്ധപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെട്ടു തുടങ്ങി. ഓരോ സീരിയലിലുമുള്ള ലോട്ടറിയുടെ എണ്ണം കുറച്ചുകൊണ്ട് കൂടുതല്‍ സീരീസുകളില്‍ ടിക്കറ്റ് ക്രമീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പന നടന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിക്കിം സൂപ്പര്‍ പ്രിന്‍സ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളുടെയും അവസാന നാലക്കത്തില്‍ ആദ്യത്തേതു നാലാണ്. സിക്കിം സൂപ്പര്‍ സ്‌റ്റാറിന്റേതാകട്ടെ ഈ സ്‌ഥാനത്തു മൂന്നും. ഇന്നലെ ഫലം പുറത്തുവന്ന സിക്കിം സൂപ്പര്‍ ജംസില്‍ ഈ സ്‌ഥാനം അഞ്ചിനാണ്. (a mangalam report) ******************************************************************* ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണം ലഭിക്കുന്നു - ഒരു ചൊല്‍ ************************************************************************** |
Friday, August 6, 2010
മലയാളനാട് - അഴിമതിനാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment