Tuesday, August 3, 2010

Vacancies in Kerala Banks.

കൊച്ചി:കേരളം ആസ്ഥാനമായുള്ള നാല് സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 9,000 പേരെ നിയമിക്കും. വന്‍തോതിലുള്ള വളര്‍ച്ചാപദ്ധതികള്‍ മുന്നിലുള്ളതിനാലാണ് ബാങ്കുകള്‍ ജീവനക്കാരുടെ എണ്ണം ഉയര്‍ത്തുന്നത്.

രാജ്യത്തെ തന്നെ മുന്‍നിര പഴയ തലമുറ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് മൂന്ന് വര്‍ഷം കൊണ്ട് മൂവായിരത്തോളം പേരെയാണ് നിമയിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഏതാണ്ട് 2,200 പേരെയും പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് തസ്തികകളിലേക്കായിരിക്കും നിയമിക്കുക. എംബിഎ ബിരുദധാരികള്‍ക്കാണ് ബാങ്ക് മുന്‍ഗണന നല്‍കുന്നത്.

ബാങ്ക് ശാഖകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്തുന്നുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് ഫെഡല്‍ ബാങ്ക് മൂവായിരത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നത്.

തൃശ്ശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് 2012-13 ഓടെ മൂവായിരത്തിലധികം പേരെ നിയമിക്കും. 2013 മാര്‍ച്ചോടെ ജീവനക്കാരുടെ എണ്ണം 7,500 ആയി ഉയര്‍ത്തുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ പറഞ്ഞു. ശാഖകളുടെ എണ്ണം 580ല്‍ നിന്ന് 750 ആയി ഉയര്‍ത്തി ശാഖാശൃംഖലയും ബിസിനസ്സും വന്‍തോതില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നതിനാലാണ് ഇത്രയധികം പേരെ നിയമിക്കുന്നത്. മാത്രമല്ല മൂന്ന് വര്‍ഷം കൊണ്ട് ഏതാണ്ട് 500 ഓളം പേര്‍ വിരമിക്കുന്നുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടായിരത്തോളം പേരെ നിയമിച്ചിരുന്നു.

പ്രൊബേഷനറി ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളിലേക്കായിരിക്കും ഏറ്റവുമധികം നിമയനം നടത്തുക. എംബിഎക്കാര്‍ക്കായിരിക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍ഗണന നല്‍കുന്നത്. കേരളത്തിലേയും പുറത്തേയും പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ (എംബിഎ കോളേജുകള്‍) നിന്ന് കാമ്പസ് റിക്രൂട്ട്‌മെന്റ് വഴിയായിരിക്കും നല്ലൊരു ശതമാനം ആളുകളെയും നിയമിക്കുക.

പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്കെത്തുന്നവര്‍ക്ക് തുടക്കത്തില്‍ ഏതാണ്ട് മൂന്ന് - മൂന്നര ലക്ഷം രൂപ വാര്‍ഷിക ശമ്പളമായി ലഭിക്കും. ഇന്‍സെന്റീവുമുണ്ട്. ജീവനക്കാര്‍ക്ക് ഇന്‍സെന്റീവുകളും എളുപ്പത്തില്‍ പ്രൊമോഷനും നല്‍കുന്നതിനാല്‍ കൊഴിഞ്ഞുപോക്ക് കുറവാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.

മൂന്ന് വര്‍ഷം കൊണ്ട് 500 ഓളം പേരെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകളായി നിയമിക്കാനും സൗത്ത് ഇന്ത്യന്‍ ബാങ്കിന് പദ്ധതിയുണ്ട്. ഇവരെ പിന്നീട് ക്ലര്‍ക്കുമാരാക്കി സ്ഥിരനിയമനം നല്‍കും.

ധനലക്ഷ്മി ബാങ്ക് ഈ വര്‍ഷം 500 ഓളം പേരെ നിയമിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് - കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോസിബിലിറ്റി വിഭാഗങ്ങളുടെ മേധാവിയായ മനീഷ് കുമാര്‍ വെളിപ്പെടുത്തി. എന്‍ട്രി ലെവല്‍, മിഡില്‍ ലെവല്‍, സീനിയര്‍ മാനേജ്‌മെന്റ് ലെവലുകളിലായാണ് ഇത്രയും പേരെ നിയമിക്കുക. അടുത്ത രണ്ട് വര്‍ഷങ്ങളിലും ഏതാണ്ട് 500 ഓളം പേരെ നിയമിക്കും. കഴിഞ്ഞ വര്‍ഷം പുനര്‍നിയമനം ഉള്‍പ്പെടെ 2,600 ഓളം പേരെ ബാങ്ക് എടുത്തിരുന്നു.

എന്‍ട്രി ലെവലില്‍ മാനേജ്‌മെന്റ് ട്രെയിനികളെയാണ് നിയമിക്കുന്നത്. എംബിഎക്കാരെയാണ് ഇതിനായി പരിഗണിക്കുന്നത്. ഏതാണ്ട് മൂന്ന് ലക്ഷം രൂപയായിരിക്കും തുടക്കക്കാര്‍ക്ക് ലഭിക്കുക.

ഈ സാമ്പത്തിക വര്‍ഷം പുതുതായി ശാഖകള്‍ ഒന്നും തുടങ്ങാന്‍ പദ്ധതിയില്ലെങ്കിലും റീട്ടെയില്‍ അസറ്റ് ബിസിനസ് ശക്തിപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ നിയമനം ഈ വിഭാഗത്തിലായിരിക്കും.

കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്താനും പദ്ധതിയുണ്ട്. ഈ വര്‍ഷം ഏതാണ്ട് 35-40 പേരെ ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കും. കഴിഞ്ഞ വര്‍ഷം 23 പേരെയാണ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തിരഞ്ഞെടുത്തത്.

കാത്തലിക് സിറിയന്‍ ബാങ്ക് കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി കാര്യമായ നിമയനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം 400 ഓളം പേരെ നിയമിക്കുമെന്ന് അറിയുന്നു. 2011-12, 2012-13 വര്‍ഷങ്ങളില്‍ ഏതാണ്ട് 500 ഓളം പേരെ വീതം നിയമിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കായിരിക്കും കൂടുതല്‍ പേരെ നിയമിക്കുക. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും നിയമിക്കും. (mathrubhumi)
Tags: Kerala Banks, Jobs, Federal Bank, South Indian Bank, Dhanlaxmi Bank, Catholic Syrian Bank

No comments:

Post a Comment