| വമ്പന്‍മാരുടെ വൈദ്യുതിച്ചെലവ് ചുമക്കുന്നതു പൊതുജനം |
| -ജെബി പോള്‍ |
| കൊച്ചി: വന്‍കിട ലൈസന്‍സികള്‍ ചെലവഴിക്കുന്ന വൈദ്യുതിയുടെ നഷ്‌ടം നികത്താന്‍ ഗാര്‍ഹിക ഉപയോക്‌താക്കളെ പിഴിയുന്നു. സംസ്‌ഥാനത്ത് ഏഴു ലൈസന്‍സികള്‍ കെ.എസ്.ഇ.ബിയില്‍നിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കാക്കനാട് കിന്‍ഫ്രാപാര്‍ക്ക്, ഐരാപുരം റബര്‍പാര്‍ക്ക്, മൂന്നാര്‍ ടാറ്റാ ടീ, കൊച്ചി കാക്കനാട്ടെ പ്രത്യേക സാമ്പത്തികമേഖല, കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ്, തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നിവയാണവ. ഗാര്‍ഹിക നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണിവര്‍ കെ.എസ്.ഇ.ബിയില്‍നിന്നു വൈദ്യുതി വാങ്ങുന്നത്. 11 കെ.വി. ലൈനില്‍നിന്നുള്ള വൈദ്യുതിക്കു 2.70 രൂപയും 66 കെ.വിയിലേതിനു 2.60 രൂപയും 110 കെ.വിയുടേതിനു 2.45 രൂപയുമാണു നിരക്ക്. ഇവര്‍ക്കു നിസാരവിലയ്‌ക്കു വൈദ്യുതി നല്‍കുമ്പോള്‍ ഗാര്‍ഹിക ഉപയോക്‌താക്കളില്‍നിന്നു 3.65-5.30 രൂപ നിരക്കിലാണു കൊള്ള. ലൈസന്‍സികള്‍ക്കു ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി നിര്‍ലോഭം കിട്ടുമ്പോള്‍ സാധാരണക്കാര്‍ നട്ടം തിരിയുന്നു. നഷ്‌ടം പെരുകുമ്പോള്‍ ഗാര്‍ഹിക വൈദ്യുതിനിരക്കു കൂട്ടിയാണു പ്രതിവിധി. വ്യാവസായിക ആവശ്യത്തിനുപോലും 3.40 രൂപയാണ് ഈടാക്കുന്നത്. നൂറ് എക്കര്‍ കൊച്ചി സെസില്‍ 40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗത്തിലുണ്ടായ പ്രസരണനഷ്‌ടം മാത്രം 28 ശതമാനമാണ്. സെസിനുള്ളില്‍ ഒരു ഉപയോക്‌താവിനു വൈദ്യുതി നല്‍കാന്‍ 4,500 രൂപ വീതമാണു ബോര്‍ഡിന്റെ പ്രതിമാസച്ചെലവ്. ഇവിടത്തെ വാര്‍ഷിക അറ്റാദായമാകട്ടെ 1.90 കോടി രൂപ മാത്രവും. പഴയ തൃശൂര്‍ മുന്‍സിപ്പാലിറ്റിയിലെ 15 വാര്‍ഡുകള്‍ക്കും ടാറ്റയുടെ കണ്ണന്‍ദേവന്‍ വില്ലേജിലെ ആയിരത്തോളം ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കുമൊഴികെ ബാക്കി വൈദ്യുതി വ്യാവസായിക ആവശ്യത്തിനാണു ലൈസന്‍സികള്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ ഗാര്‍ഹിക ഉപയോക്‌താക്കളില്‍നിന്ന് യൂണിറ്റിന് 5.65 രൂപ ഈടാക്കേണ്ടിടത്ത് ലൈസന്‍സികള്‍ വാങ്ങുന്നതു രണ്ടുരൂപ മാത്രം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് തൊഴിലാളികള്‍ക്കു 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി കൊടുക്കുന്നു. ബോര്‍ഡില്‍നിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതല്ലാതെ ഒരു യൂണിറ്റ് പോലും ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ലൈസന്‍സികള്‍ സ്വയം ഊര്‍ജസ്രോതസ് കണ്ടെത്തി ഉല്‍പ്പാദനം നടത്തണമെന്ന കരാറിലാണു കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത്. ബോര്‍ഡ് പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് 7.50 രൂപയിലേറെ നല്‍കിയാണ്. സംസ്‌ഥാനത്തു പ്രതിവര്‍ഷം 18,000 ദശലക്ഷം യൂണിറ്റ് ആവശ്യമുള്ളതില്‍ 7,000 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍നിന്നു ലഭിക്കുന്നത്. (mangalam report) -ജെബി പോള്‍ |
Friday, August 6, 2010
ഇതിന് എന്ത് ന്യായം? നമ്മുടെ നാട് അഴിമതി നാട് !
Subscribe to:
Post Comments (Atom)
No comments:
Post a Comment