Saturday, August 7, 2010

അഴിമതി ഇന്ത്യയുടെ ശാപം

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിലായി
Posted on: 08 Aug 2010

കഞ്ചിക്കോട്: പേപ്പര്‍ വൈന്‍ഡിങ് യൂണിറ്റ് തുടങ്ങുന്നതിനുള്ള ലൈസന്‍സിന് 15,000 രൂപ കൈക്കൂലി വാങ്ങിയ പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ധനപാലനെ വിജിലന്‍സ് സംഘം പിടികൂടി.

പരാതിക്കാരന്റെ വാച്ചില്‍ ഒളികാമറ ഘടിപ്പിച്ച് ആസൂത്രിതമായി നടത്തിയ നീക്കത്തിനൊടുവിലാണ് കൈക്കൂലിസഹിതം പഞ്ചായത്ത്‌സെക്രട്ടറിയെ അറസ്റ്റുചെയ്തത്. ഒളികാമറ ഉപയോഗിച്ച് വിജിലന്‍സ് കൈക്കൂലിക്കാരെ കെണിയിലാക്കുന്നത് സംസ്ഥാനത്ത് ആദ്യസംഭവമാണെന്ന് പറയുന്നു. സെക്രട്ടറിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ശനിയാഴ്ച 12 മണിയോടെയായിരുന്നു വിജിലന്‍സിന്റെ ഹൈടെക് ഓപ്പറേഷന്‍.

വാളയാര്‍ കനാല്‍പിരിവിലുള്ള ദൈവശിഖാമണിയാണ് പരാതിക്കാരന്‍. പേപ്പര്‍വൈന്‍ഡിങ് യൂണിറ്റ് ആരംഭിക്കുന്നതിന് നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്തില്‍നിന്ന് നമ്പര്‍ലഭിക്കാന്‍ ഒന്നരമാസംമുമ്പ് പഞ്ചായത്ത്‌സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സെക്രട്ടറി ലൈസന്‍സ്‌നമ്പര്‍ നല്‍കിയില്ല. 20,000 രൂപ കൈക്കൂലിതന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് സെക്രട്ടറിപറഞ്ഞതായി ദൈവശിഖാമണി പരാതിയില്‍ പറയുന്നു. ഈവിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഒളികാമറ ഘടിപ്പിച്ച വാച്ച് നല്‍കി സെക്രട്ടറിയെ സമീപിക്കാന്‍ വിജിലന്‍സ് നിര്‍ദേശിച്ചു. പഞ്ചായത്തോഫീസില്‍ച്ചെന്ന് സെക്രട്ടറിയെ സമീപിച്ച് വിലപേശിയപ്പോള്‍ 15,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. ഈ സംഭാഷണങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

തുടര്‍ന്ന് രാസവസ്തു പുരട്ടിയ 15,000 രൂപയുടെ നോട്ടുകളുമായി പഞ്ചായത്ത്‌സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോള്‍ ഓഫീസിനുസമീപം ദേശീയപാതയോരത്തെ ഹോട്ടലിനുമുന്നില്‍ വരാന്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈ.എസ്.പി. കെ.സതീശന്റെ നേതൃത്വത്തില്‍ ശനിയാഴ്ച 11.54 ന് ദൈവശിഖാമണി ഹോട്ടലിനുമുന്നിലെത്തി. ഓഫീസില്‍നിന്ന് സ്വന്തംകാറില്‍ ഹോട്ടലിനുമുന്നിലെത്തിയ സെക്രട്ടറി കൈക്കൂലി വാങ്ങിയെങ്കിലും വിജിലന്‍സ് സംഘത്തെ തിരിച്ചറിഞ്ഞ് കാറില്‍ രക്ഷപ്പെട്ടു. വിജിലന്‍സ്‌സംഘം പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തോഫീസിലും വീട്ടിലും പരിശോധനനടത്തി സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹോട്ടലിനു മുന്നില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളും ഒളികാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. സ്ഥലമെടുപ്പുവിഭാഗം അഡീഷണല്‍ തഹസില്‍ദാര്‍മാരായ എന്‍.പ്രേമകുമാരന്‍, ജി.വിജയകുമാര്‍ എന്നിവര്‍ സാക്ഷികളായിരുന്നു.

ഡി.വൈ.എസ്.പി.ക്കുപുറമെ സി.ഐ.മാരായ ബാബുരാജ്, രാധാകൃഷ്ണന്‍, ഫിറോസ് എം. ഷെഫീഖ്, എസ്.ഐ. രാജന്‍, വേലായുധന്‍, ശ്രീകുമാര്‍, ശിവദാസന്‍, മധു, സന്തോഷ് എന്നിവരും പങ്കെടുത്തു
(mathrubhumi)
***************************************************************************************************
അഴിമതി ഇന്ത്യയുടെ ശാപം. കൈക്കൂലി ജനവിരുദ്ധം.  
അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ജനങ്ങളെ രക്ഷിക്കുക.
***************************************************************************************************

No comments:

Post a Comment