Friday, July 30, 2010

കൈകാലുകള്‍ ഒടിച്ചനിലയില്‍ പിഞ്ചുകുഞ്ഞ്‌ ആശുപത്രിയില്‍
കോട്ടയം: പത്തുമാസം പ്രായമായ ആദിവാസി പെണ്‍കുഞ്ഞിനെ കൈകള്‍ പിടിച്ചു തിരിച്ച നിലയിലും കാലുകള്‍ ഒടിഞ്ഞ നിലയിലും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ചേലച്ചുവട്‌ ചെന്നംപ്ലാക്കല്‍ സുരേന്ദ്രന്‍-വിജി ദമ്പതികളുടെ ഇളയ കുട്ടി പത്തുമാസം മാത്രം പ്രായമായ നയനയാണു ചികിത്സയിലുള്ളത്‌. കഴിഞ്ഞ 22-നായിരുന്നു സംഭവം. വിജി മൂത്തകുട്ടിയേയും കൊണ്ടു തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ നയനയെ അയല്‍പക്കത്ത്‌ ഏല്‍പിച്ചിട്ടാണു പോയത്‌. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ഇടവിടാതെയുള്ള കരച്ചില്‍ കേട്ടെന്നും മാതാവ്‌ ഓടിച്ചെന്ന്‌ ഉടന്‍ വിഷകാരിയെയും തുടര്‍ന്ന്‌ വിവിധ ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നുവെന്നും മാതാവ്‌ കഞ്ഞിക്കുഴി പോലീസില്‍ മൊഴിനല്‍കി. മൂന്നുദിവസം മുമ്പാണു മെഡിക്കല്‍ കോളജില്‍ വന്നതെന്നു ബന്ധുക്കള്‍ അറിയിച്ചു. കുഞ്ഞിന്റെ കൈകള്‍, കാലുകള്‍ എന്നിവ ആരോ പിടിച്ചു തിരിച്ച്‌ ഒടിച്ചതാണെന്നു മാതാപിതാക്കള്‍ ആരോപിച്ചു. ഇടതുകൈയുടെ തോളും വലതുകൈയുടെ മുട്ടിനു താഴെയും തിരിഞ്ഞ നിലയിലാണ്‌. വലതുകാലിന്റെ തുടയിലും ഇടതുകാലിനും ഒടിവുകളുണ്ട്‌.

കഞ്ഞിക്കുഴി പോലീസിനു കിട്ടിയ വിവരമനുസരിച്ച്‌ അന്വേഷണം നടത്തുകയും അയല്‍വാസിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ്‌ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്നും മാതാവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രശ്‌നത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.
E-mail to a friend

No comments:

Post a Comment