Wednesday, July 28, 2010

അഴിമതിയുടെ വഴികള്‍

ദരിദ്രരുടെ പട്ടികയില്‍ 32 സമ്പന്നര്‍
Posted on: 29 Jul 2010

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അംഗീകരിക്കപ്പെട്ട 290 ബിപിഎല്‍ കുടുംബങ്ങളുടെ ലിസ്റ്റില്‍ 32 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വലിയ ബിസിനസ്സുകാര്‍ വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കൂവപ്പടി ബിഡിഒ തിരുവനന്തപുരത്ത് ഗ്രാമവികസന കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ പി.സി. റോക്കി വിവരാവകാശ നിയമപ്രകാരം ഗ്രാമവികസന കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരാതിയനുസരച്ച് ബിഡിഒ, ബ്ലോക്ക് വികസന ഓഫീസര്‍മാരെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പ്രതിമാസം 7,000 രൂപ സ്വാതന്ത്ര്യ സമരപെന്‍ഷന്‍ വാങ്ങുന്നയാള്‍, ഒരേക്കര്‍ 25 സെന്‍റ് സ്ഥലം സ്വന്തമായുള്ളയാള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍, ഒരേക്കറിലധികം സ്ഥലവും സ്വന്തം പേരില്‍ നല്ല വീടുമുള്ളവര്‍..... അനര്‍ഹമായി ലിസ്റ്റില്‍ കടന്നുകൂടിയവരില്‍ ഇവരൊക്കെപ്പെടുമെന്ന് പേരും വിലാസവും ചേര്‍ത്തു നല്‍കിയിട്ടുള്ള ബി.ഡി.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്നയാളുടെ കുടുംബവും സ്വന്തമായി നാലുചക്രവാഹനമുള്ളയാളും മക്കള്‍ വിദേശത്തുള്ളവരും ബി.പി.എല്‍. പട്ടികയില്‍കടന്നുകൂടിയിരിക്കുന്നത് ബി.ഡി.ഒ. ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

കൂവപ്പടി പഞ്ചായത്തിന്റെ ഒരു വാര്‍ഡു മാത്രമെടുത്തപ്പോഴാണ്10 ശതമാനത്തിലധികം അനര്‍ഹരെ കണ്ടെത്തിയത്. രണ്ടുരൂപയ്ക്ക് ആഴ്ചയില്‍ അഞ്ചു കിലോ അരി, ചികിത്സാസഹായം മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നേടിയെടുക്കുകയാണ് ഈ നുഴഞ്ഞുകയറ്റക്കാരുടെ ലക്ഷ്യം. അതേസമയം ചേരാനല്ലൂര്‍ മേഖലയില്‍ വീടും ജോലിയും ഇല്ലാതെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന അനേകംപേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ബി.പി.എല്‍. ലിസ്റ്റ് ഗ്രാമസഭകളില്‍ വായിച്ച് അംഗീകാരം നേടണമെന്നാണ് നിയമമെങ്കിലും അത് നടപ്പാവാറില്ല. ലിസ്റ്റുണ്ടാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അധ്യാപകരുടെ റിപ്പോര്‍ട്ടും പിന്നീട് സ്ഥാപിത താല്പര്യക്കാര്‍ മാറ്റിമറിക്കുന്നതാണ് പ്രശ്‌നം.

No comments:

Post a Comment