Friday, July 23, 2010

Criminal Keralam update -July 24, 2010.




കാറ്റാടിക്കമ്പനി ആദിവാസികളെ കബളിപ്പിച്ചെന്ന് ആര്‍.ഡി.ഒ.
Posted on: 24 Jul 2010




അഗളി: കാറ്റാടിക്കമ്പനി ആദിവാസികളെ കബളിപ്പിച്ചതായാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് ഒറ്റപ്പാലം ആര്‍.ഡി.ഒ. കെ.വി. വാസുദേവന്‍ പറഞ്ഞു. കോട്ടത്തറ വില്ലേജോഫീസില്‍ വെള്ളിയാഴ്ച കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് ആദിവാസികളടക്കമുള്ളവരില്‍നിന്ന് തെളിവെടുത്ത ശേഷമായിരുന്നു ആര്‍.ഡി.ഒ.യുടെ അഭിപ്രായപ്രകടനം.

കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവുംകൂടുതല്‍ തര്‍ക്കങ്ങളുയര്‍ന്നിട്ടുള്ള നല്ലശിങ്കയിലെ 1275, 1273, 1274, 1276 സര്‍വേനമ്പറുകളിലെ ഭൂമിയുടെ രേഖകളാണ് ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പരിശോധിച്ചത്. രേഖകള്‍ സമര്‍പ്പിച്ചവരുടെ മൊഴികളും വിശദമായി രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ ആരംഭിച്ച തെളിവെടുപ്പില്‍ ആര്‍.ഡി.ഒ.യെ കൂടാതെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ജയിംസ് മാത്യു, ജില്ലാ രജിസ്ട്രാര്‍ കെ. കൃഷ്ണന്‍, മണ്ണാര്‍ക്കാട് അഡീഷണല്‍ തഹസില്‍ദാര്‍ കെ. സുധാകരന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വിഭൂഷണന്‍ എന്നിവരുമുണ്ടായിരുന്നു.

മുപ്പതിലധികംപേര്‍ രേഖകള്‍ സമര്‍പ്പിച്ചതായി ആര്‍.ഡി.ഒ. വെളിപ്പെടുത്തി. പ്രധാനമായും നല്ലശിങ്കയിലെ 1275 സര്‍വേനമ്പറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. മറ്റ് സര്‍വേനമ്പറുകളുമായി ബന്ധമുള്ള രേഖകളും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. എന്നാല്‍, കാറ്റാടിക്കമ്പനിക്കായി ഭൂമിയിടപാടുകള്‍ നടത്തിയ സാര്‍ജന്‍ റിയാലിറ്റീസിന് ഭൂമിവിറ്റവരാരും രേഖകളുമായി എത്തിയില്ല.

ഭൂമിയുടെ കരമടച്ച രേഖകളും മണ്ണുസംരക്ഷണവകുപ്പില്‍നിന്നുലഭിച്ച രേഖകളുമാണ് ആദിവാസികള്‍ പ്രധാനമായും അധികൃതര്‍ക്ക് നല്‍കിയത്. 1986 നുശേഷം കരം സ്വീകരിക്കാന്‍ വില്ലേജോഫീസുകാര്‍ വിസമ്മതിച്ചതിനാല്‍ കരമടയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പലരും ബോധിപ്പിച്ചു. ആര്‍ക്കും ഭൂമിവിറ്റ് പണം വാങ്ങിയിട്ടില്ലെന്നും തങ്ങളറിയാതെ ഭൂമി കൈവശപ്പെടുത്തി കാറ്റാടിക്കമ്പനിക്ക് നല്‍കുകയായിരുന്നെന്നും ചിലര്‍ വ്യക്തമാക്കി. വൈദ്യുതപോസ്റ്റുകള്‍ സ്ഥാപിക്കാനായി 12,000 രൂപ വീതം ലഭിച്ചതായി ചിലര്‍ തെളിവെടുപ്പിനിടയില്‍ വെളിപ്പെടുത്തി.

ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകള്‍ക്ക് സമാനമായ മൊഴികളാണ് ആര്‍.ഡി.ഒ.യുടെ മുന്നിലും ആദിവാസികള്‍ നല്‍കിയത്.
(a mathrubhumi report)

വീട്ടമ്മയെ വിളിച്ചു വിളിച്ച്‌ പ്ലസ്‌ടുക്കാരന്‍ കുടുങ്ങി
എടപ്പാള്‍: മൂന്നു മാസമായി വീട്ടമ്മയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്‌ത പ്ലസ്‌ടു വിദ്യാര്‍ഥിയെ പോലിസ്‌ തന്ത്രപുര്‍വം പിടികൂടി. ചാവക്കാട്ടെ ഒരു കോളജിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണു വീട്ടമ്മയൊരുക്കിയ കെണിയിലുടെ പോലിസ്‌ കസ്‌റ്റഡിയിലായത്‌. ശല്യം സഹിക്കവയ്യാതെ കല്ലുര്‍മ സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസം ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലിസ്‌ നിര്‍ദേശപ്രകാരം പൂവാലനെ ഇന്നലെ ചങ്ങരംകുളത്തേക്കു വിളിച്ചുവരുത്തുകയായിരുന്നു. സ്‌ത്രീയുമായി സംസാരിക്കുന്നതിനിടയില്‍ മഫ്‌തിയില്‍ കാത്തുനിന്ന ചങ്ങരംകുളം എസ്‌.ഐ: എം അല്‍ത്താഫ്‌ അലിയും സംഘവും കയ്യോടെ പിടികൂടുകയായിരുന്നു.
(a mangalam report)

മുത്തൂറ്റ്‌ പോള്‍ വധം: മൂന്നു പ്രതികള്‍ മാപ്പുസാക്ഷിയാകും
കൊച്ചി: മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കാന്‍ സി.ബി.ഐ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി പ്രതികളുടെ രഹസ്യമൊഴി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ രേഖപ്പെടുത്തി. പ്രതികളായ കുന്നന്‍പാലം മലയില്‍പെട്ടി സുനീഷ്‌ തോമസ്‌, വടക്കോട്ടില്‍ അനീഷ്‌ കുമാര്‍, ഐക്കരവീട്ടില്‍ രമേഷ്‌ എന്ന സോണി എന്നിവരെയാണ്‌ സി.ബി.ഐ മാപ്പുസാക്ഷികളാക്കുന്നത്‌.

ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്ന പ്രതികളെയാണ്‌ മാപ്പുസാക്ഷികളാക്കുന്നത്‌. അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായാണ്‌ കൊലയ്‌ക്കു ദൃക്‌സാക്ഷികളായിരുന്നവരെ മാപ്പുസാക്ഷികളാക്കി സി.ബി.ഐ. കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്‌

കേരളം എത്ര ഭീകരം! 
ജീവനോടെ 'പോസ്‌റ്റ്മോര്‍ട്ടം' അഥവാ ആധുനിക ചിത്രവധം
പണ്ടെന്നോ ചിത്രവധം എന്നൊരു പ്രാകൃതശിക്ഷാരീതി രാജാക്കന്‍മാര്‍ നടപ്പാക്കിയിരുന്നത്രേ. കുറ്റവാളികളെ പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയറിയിച്ച്‌ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന രീതിയാണത്‌. കുറ്റവാളിയുടെ തല മാത്രം മണ്ണിനു മുകളിലാക്കി കുഴിച്ചിട്ട്‌ ആനയെക്കൊണ്ടു ചവിട്ടിക്കൊല്ലിക്കുക, ഇരുകാലുകളും രണ്ടു കുതിരകളോടു ബന്ധിച്ച്‌ അവയെ വിപരീത ദിശയില്‍ ഓടിച്ച്‌ വലിച്ചുകീറി കൊല്ലിക്കുക...ഇതൊക്കെയായിരുന്നു ചില ചിത്രവധരീതികള്‍.

കൊടുംകുറ്റവാളികളെപ്പോലും വേദനയറിയിക്കാതെ എങ്ങനെ വധശിക്ഷ നടപ്പാക്കാമെന്നു ലോകം ചര്‍ച്ച ചെയ്യുമ്പോഴും മതതീവ്രവാദശക്‌തികളുടെ നീതിശാസ്‌ത്രം വേറെയാണ്‌.

ഹിറ്റ്‌ലിസ്‌റ്റില്‍ പേരുചേര്‍ത്ത ഹതഭാഗ്യരെ 'എളുപ്പത്തില്‍ തീര്‍ക്കുന്നതല്ല' അത്‌. പഴയ ചിത്രവധത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ കൈവെട്ടിയും ജീവനോടെ പോസ്‌റ്റ്മോര്‍ട്ടം ചെയ്‌തുമൊക്കെയാണു പകപോക്കല്‍. മലപ്പുറം വളാഞ്ചേരി കാര്‍ത്തല മഠത്തില്‍ താമിയെന്ന നിര്‍ഭാഗ്യവാന്റെ വിധി അത്തരത്തിലൊന്നായിരുന്നു. വയറു കീറിയുള്ള നിഷ്‌ഠുരമായ വധശിക്ഷയാണു മതതീവ്രവാദികള്‍ താമിക്കു വിധിച്ചത്‌. 1996 ഓഗസ്‌റ്റ് 23-ന്‌ ഉത്രാടത്തലേന്നു രാത്രി പെയ്‌ത മഴയുടെ ആരവത്തിനിടെ വിജനമായ റോഡില്‍ തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കി. വയറുകീറി കുടല്‍മാല പുറത്തുചാടിയ നിലയിലാണു പിറ്റേന്നു വെളുപ്പിനു താമിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്‌.

തലേന്നു രാത്രി കുറ്റിപ്പുറം ടൗണില്‍നിന്നു മക്കള്‍ക്കു പുത്തനുടുപ്പും വീട്ടുസാമാനങ്ങളും വാങ്ങി മടങ്ങിയതായിരുന്നു താമി. മൂടാല്‍വരെ ഓട്ടോറിക്ഷയില്‍ വന്നു. പിന്നീടു വിജനമായ റോഡിലൂടെ മഴയത്തു വീട്ടിലേക്കു നടന്നു. ഇതിനിടെയാണു തക്കംപാര്‍ത്തിരുന്ന കൊലയാളികള്‍ ശിക്ഷ നടപ്പാക്കിയത്‌. ഇരമ്പിയാര്‍ക്കുന്ന മഴയില്‍ താമിയുടെ നിലവിളി ആരും കേട്ടില്ല. മക്കള്‍ക്കു വാങ്ങിയ പുത്തനുടുപ്പുകള്‍ ചോരയിലും മഴവെള്ളത്തിലും കുതിര്‍ന്നു. വിധി നടപ്പാക്കിയ സംതൃപ്‌തിയോടെ കൊലയാളികള്‍ അവയ്‌ക്കുമീതേ ചവിട്ടിക്കടന്നുപോയി.

കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന താമിയോട്‌ ആര്‍ക്കും വിരോധമില്ല. പിന്നെന്തിനു താമി വധിക്കപ്പെട്ടു എന്ന ചോദ്യത്തില്‍നിന്നാണു തീവ്രവാദികളുടെ പങ്ക്‌ വെളിപ്പെട്ടത്‌. മുസ്ലീം സ്‌ത്രീകളോടുള്ള താമിയുടെ സൗഹാര്‍ദ സമീപനം തീവ്രവാദികള്‍ക്ക്‌ ഇഷ്‌ടപ്പെടാതിരുന്നതാണത്രേ കിരാതനീതി നടപ്പാക്കുന്നതിലേക്കു നയിച്ചത്‌. വളാഞ്ചേരി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ആദ്യം അറസ്‌റ്റിലായയാളാണ്‌ 'അല്‍ ഉമ്മ' എന്ന തീവ്രവാദസംഘടനയുടെ പേരു പുറത്തുവിട്ടത്‌. പോലീസ്‌ അന്വേഷണം കാര്യക്ഷമമായില്ല. പിന്നീടു ക്രൈംബ്രാഞ്ചാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. താമി മരിച്ചതോടെ നിര്‍ധനകുടുംബത്തിന്റെ ജീവിതം ഗതിമുട്ടി. താമിയുടെ വിധവയ്‌ക്ക് ഇ.കെ നായനാര്‍ സര്‍ക്കാര്‍ റവന്യൂവകുപ്പില്‍ ജോലി നല്‍കി.

മതതീവ്രവാദത്തിന്റെ 'കൈവെട്ട്‌ നീതിശാസ്‌ത്രം' മൂവാറ്റുപുഴയിലെ പ്രഫ. ടി.ജെ. ജോസഫിലോ അതിനും പിന്നിലേക്കു പോയാല്‍ മഞ്ചേരിയിലെ പുന്നയ്‌ക്കല്‍ ഷംസുവിലോ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ നവംബര്‍ രണ്ടിനാണു കായംകുളം നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ പട്ടാപ്പകല്‍ എസ്‌.എഫ്‌.ഐക്കാരനായ സജിത്തിന്റെ കൈ വെട്ടിയത്‌. കായംകുളം എം.എസ്‌.എം. കോളജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥിവിഭാഗമായ ക്യാംപസ്‌ ഫ്രണ്ടും എസ്‌.എഫ്‌.ഐയുമായുള്ള സംഘര്‍ഷമാണ്‌ അക്രമത്തിലേക്കു നയിച്ചത്‌. എസ്‌.എഫ്‌.ഐയുടെ കോളജ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയും ബി.കോം വിദ്യാര്‍ഥിയുമായ സജിത്തിനെ രണ്ടു ബൈക്കില്‍ എത്തിയ അക്രമിസംഘം റോഡിലിട്ടു ക്രൂരമായി വെട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. കോളജ്‌ ദിനാഘോഷത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. ആ സംഭവം പ്രാദേശികപ്രശ്‌നം മാത്രമായി ഒതുങ്ങുകയായിരുന്നു. അന്ന്‌ ഇര കോളജ്‌ വിദ്യാര്‍ഥിയായിരുന്നെങ്കില്‍ ആറുമാസം പിന്നിട്ടപ്പോഴേക്ക്‌ ഒരു കോളജ്‌ അധ്യാപകന്റെതന്നെ കൈ വെട്ടുന്നതിലേക്ക്‌ സംഘടന ശക്‌തിയാര്‍ജിച്ചു.

താലിബാന്‍ മോഡല്‍ സമാന്തരഭരണത്തിന്റെ കെടുതി ഏറെ അനുഭവിക്കുന്ന ജില്ലയാണു മലപ്പുറം. മതസൗഹാര്‍ദത്തിന്‌ ഉലച്ചില്‍ തട്ടരുതെന്ന സദുദ്ദേശ്യത്തോടെയാണ്‌ ഈ പരമാര്‍ത്ഥം എല്ലാവരും നിഷേധിക്കുന്നത്‌. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി ഇല്ലായ്‌മ ചെയ്‌തതു മുതല്‍ മൂന്നുവര്‍ഷം മുമ്പ്‌ ഒതുക്കുങ്ങലില്‍ താനൂര്‍ മൂലക്കല്‍ സ്വദേശി ലക്ഷ്‌മണനെ വെട്ടിക്കൊന്നതില്‍വരെ താലിബാനിസം നിഴലിച്ചു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച്‌ ആര്‍.എസ്‌.എസുകാര്‍ തിരൂരില്‍ യാസീമിനെ കൊന്നതിനു പ്രതികാരമായാണു മൂന്നുവര്‍ഷം മുമ്പ്‌ ജനുവരി 26-നു ബി.പി. അങ്ങാടിയില്‍ തിരുനിലത്തുകണ്ടി രവിയെ എന്‍.ഡി.എഫുകാര്‍ വെട്ടിക്കൊന്നത്‌. ഇതേ കാലയളവില്‍ മൂന്നുമാസം നീണ്ടുനിന്ന അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ലഷ്‌കറെ ഭീകരന്‍ തടിയന്റവിട നസീറിന്റെ ചരടുവലി ഉണ്ടായിരുന്നതായി പിന്നീടു തെളിഞ്ഞു. ജില്ലയിലെ നിരവധി മഹല്ലുകളില്‍ തീവ്രവാദികള്‍ വീഡിയോഗ്രഫി നിരോധിച്ചിട്ടുണ്ട്‌. മുസ്ലിം സ്‌ത്രീകള്‍ പര്‍ദ ധരിക്കണമെന്ന ശാസനയും നിലനില്‍ക്കുന്നു. അനിസ്ലാമികമെന്ന പേരില്‍ കാശ്‌മീര്‍ മോഡലില്‍ സിനിമാ തീയറ്ററുകള്‍ക്കെതിരേ ആക്രമണമുണ്ടായതും മലപ്പുറം ജില്ലയിലാണ്‌. 'സിഗരറ്റ്‌ ബോംബ്‌' ഉപയോഗിച്ച്‌ 13 സിനിമാശാലകളാണ്‌ അഗ്നിക്കിരയാക്കിയത്‌. ഈ കേസിലൊന്നും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടെത്താന്‍ ശ്രമിച്ചില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീയറ്ററിനു തീപിടിക്കുകയായിരുന്നുവെന്നാണു പോലീസ്‌ കരുതിയിരുന്നത്‌.

ഇന്ത്യയുടെ മതേതര മനഃസാക്ഷിയെ ഞെട്ടിച്ച അയോധ്യാ സംഭവത്തിനു ശേഷം മുസ്ലിം ഐക്യവേദി മലപ്പുറം ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ അതിഭീകരമായിരുന്നു. നൂറുകണക്കിനു വീടുകള്‍ ചുട്ടെരിച്ചു. രണ്ടു ക്ഷേത്രങ്ങള്‍ തകര്‍ത്തു. രണ്ടു മുസ്ലിംകള്‍ ഉള്‍പ്പെടെ ഏഴുപേരെ വെട്ടിക്കൊന്നു. താനൂരില്‍ പട്ടാളമിറങ്ങി. രജിസ്‌റ്റര്‍ ചെയ്‌ത മുന്നൂറിലേറെ കേസുകളില്‍ ഒന്നില്‍പ്പോലും പ്രതികളെ ശിക്ഷിച്ചിട്ടില്ല. റമദാന്‍ മാസത്തില്‍ ഹോട്ടലുകള്‍ തുറക്കരുതെന്ന ഫത്‌വ തീവ്രവാദികളുടേതായി ഇപ്പോഴുമുണ്ട്‌. പെട്ടിക്കടകളില്‍നിന്നു സര്‍ബത്ത്‌ പോലും ഇക്കാലത്തു കിട്ടില്ല. തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടല്‍ പോലും തീവ്രവാദ ഭീഷണിയെ തുടര്‍ന്ന്‌ റമദാന്‍ കാലത്തു തുറക്കാനാവാത്ത അവസ്‌ഥയാണ്‌.

1999 മാര്‍ച്ച്‌ 23-നു സി.പി.എം. നേതാവ്‌ എന്‍. കണ്ണന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്‌. മലപ്പുറം ജില്ലയില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നായിരുന്നു അത്‌. എന്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുന്നു. ക്രിസ്‌മസ്‌ കാലത്തു മുസ്ലിംകളുടെ കടകളില്‍ ക്രിസ്‌മസ്‌ നക്ഷത്രങ്ങള്‍ വില്‍ക്കുന്നതിനും ശബരിമല തീര്‍ഥാടനവേളയില്‍ കറുപ്പുവസ്‌ത്രം വില്‍ക്കുന്നതിനും വിലക്ക്‌. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ്‌ എന്‍.ഡി.എഫ്‌. നടത്തുന്നത്‌. ഇതിന്റെ ഫലമായി ഹിന്ദു വര്‍ഗീയതയും വളരുന്നു.

മതതീവ്രവാദത്തിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി അന്നു ധനമന്ത്രി ടി. ശിവദാസമേനോന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു. പി.ഡി.പിക്കും എന്‍.ഡി.എഫിനും പാക്‌ ഐ.എസ്‌.എയുടെ ധനസഹായം ലഭിക്കുന്നുണ്ടെന്ന്‌ 1999 ഏപ്രില്‍ അഞ്ചിനു പാലക്കാട്‌ ചെര്‍പ്പുളശേരിയില്‍ സി.പി.എം. ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. എന്‍.ഡി.എഫ്‌. വിദേശശക്‌തികളുമായി ബന്ധമുള്ള താലിബാന്‍ മോഡല്‍ സംഘടനയാണെന്ന്‌ അതേ യോഗത്തില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നടിച്ചു. നായനാരും പിണറായിയും നടത്തിയ ഈ പ്രസംഗങ്ങളാണ്‌ നായനാര്‍ വധശ്രമത്തിനു മതതീവ്രവാദികള്‍ക്കു പ്രേരണയായത്‌. (a mangalam report )


 വീട്ടില്‍ കൊലപാതക വാര്‍ത്തകളുടെ കട്ടിങ്ങുകള്‍
Posted on: 20 Jul 2010


ആലുവ: സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും നടന്ന കൊലപാതകങ്ങളെ കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ ശേഖരം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ആലുവയില്‍ നടന്ന റെയ്ഡിലാണ് കട്ടിങ്ങുകള്‍ ലഭിച്ചത്. ഇവ കത്തിച്ചുകളയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വലിയൊരു ഭാഗം തീപിടിക്കാതെ അവശേഷിക്കുകയായിരുന്നു. എന്തിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നതിനെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആലുവയില്‍ നടത്താനിരുന്ന ഫ്രീഡം പരേഡിന്റെ ഓര്‍ഗനൈസിംങ് കമ്മിറ്റിയിലെ 18 പേരില്‍ ഒന്‍പതു പേരും അധ്യാപകന്റെ കൈ വെട്ട് കേസുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന നേതാക്കളുടെ വാദം പൊളിക്കുന്നതാണ് പോലീസിന് ലഭിച്ചിരിക്കുന്ന ഓര്‍ഗനൈസിംങ് കമ്മിറ്റി പട്ടിക.

പോപ്പുലര്‍ ഫ്രണ്ടില്‍ ഭാരവാഹിത്വം വഹിക്കുന്നവരുടെ ഭാര്യമാരെ വിമണ്‍സ് ഫ്രണ്ടില്‍ അതേ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശവും റെയ്ഡില്‍ കണ്ടെുത്ത മിനിട്‌സിലുണ്ടായിരുന്നതായി സൂചനയുണ്ട്. ഈ നിര്‍ദേശം നടപ്പായിരുന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്.

വിമണ്‍സ് ഫ്രണ്ട് നേതാക്കന്മാരും വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
(a mathrubhumi report)



തലസ്ഥാനത്ത് 'മതകോടതി' കൂടി; 15 കേസുകള്‍ തീര്‍പ്പാക്കി
Posted on: 20 Jul 2010


തിരുവനന്തപുരം: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടാന്‍ ഉത്തരവിട്ടെന്ന് പോലീസ് സംശയിക്കുന്ന ദാറല്‍ ഖദ മതകോടതി തലസ്ഥാനത്ത് യോഗം ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഭരണഘടന ബാഹ്യമായി, ശരിഅത്ത് നിയമമനുസരിച്ച് 15 കേസുകളില്‍ വിധിപറഞ്ഞ ഈ കോടതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്.

തീവ്രആശയങ്ങള്‍ പുലര്‍ത്തുന്ന ദാറല്‍ ഖദ പ്രസ്ഥാനം സംസ്ഥാനത്ത് പലയിടങ്ങളിലും ശരിഅത്ത് കോടതികള്‍ നടപ്പിലാക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ദാറല്‍ ഖദയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ യോഗം ചേര്‍ന്ന മതകോടതിയാണ് അധ്യാപകന്റെ കൈവെട്ടാന്‍ ഉത്തരവിട്ടതെന്നും പോലീസ് അനുമാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദാറല്‍ ഖദ തലസ്ഥാനത്തും യോഗം ചേര്‍ന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. 2009 ആഗസ്ത് 15 നായിരുന്നു ഖദ തലസ്ഥാനത്ത് ആദ്യമായി മതകോടതി വിളിച്ചുചേര്‍ത്തത്. പാളയത്തിനടുത്തുള്ള ഒരു കമ്യൂണിറ്റി ഹാളിലായിരുന്നു യോഗം. ദാറല്‍ ഖദയുടെ ജില്ലാഅധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകളില്‍ വിധി പറഞ്ഞത്. ഈ സമാന്തര കോടതിയുടെ ആദ്യ 'സിറ്റിങ്ങില്‍' 15 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ ഭൂരിഭാഗവും വിവാഹമോചനക്കേസുകളായിരുന്നു. ആദ്യ മതകോടതിയുടെ വിജയത്തെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി സിറ്റിങ്ങുകള്‍ നടത്തി. തെക്കന്‍ തീരദേശപ്രദേശങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് യോഗങ്ങളിലേറെയും നടന്നത്. യോഗങ്ങളില്‍ ശരിഅത്ത് നിയമങ്ങളുടെ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഈ വിവരങ്ങളടങ്ങിയ വിശദമായ ഫയല്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇതേക്കുറിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ല.
(a mathrubhumi report)

.

No comments:

Post a Comment