Monday, July 26, 2010

Problems Facing India.

ജാതി വിഷം ചീറ്റുന്ന ഗ്രാമങ്ങളേറെ
Posted on: 26 Jul 2010
വി.എസ്.സനോജ്


we need to change the philosophy of caste, colour,
language, land, animals, birds, food and so on. 
we must deploy symbols that have opposite and 
corrective meanings, ideology and philosophy to that of hindu brahminism-
---kancha ilaiah



ജാതിയുടെ തത്വശാസ്ത്രവും നിര്‍വചനം തന്നെ അപനിര്‍മ്മാണത്തിന് വിധേയമാക്കണമെന്നാണ് പ്രമുഖ ദളിത് ചിന്തകനായ കാഞ്ച ഇളയ്യ പറയുന്നത്. ബ്രാഹ്മണിക്കല്‍ മേധാവിത്വം സൃഷ്ടിച്ച ബിംബവല്‍ക്കരണങ്ങളിലൂടെ പ്രകടമാകുന്ന ജാതി രാഷ്ട്രീയത്തിന്റെ അകക്കാമ്പിലേക്കാണ് ഇളയ്യയുടെ വാക്കുകള്‍ ചെന്നെത്തുന്നത്. ഇന്ത്യന്‍ സമൂഹം 'മാനംകാക്കല്‍' കൊലയ്ക്കും പതിവ് ജാതി വിവേചനങ്ങള്‍ക്കും ഇടയില്‍ ഉപജീവിക്കുമ്പോള്‍ ഇളയ്യയുടെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. കാരണം ദാരിദ്ര്യത്തിന്റെ തോത് സംബന്ധിച്ച യു.എന്‍.ഡി.പിയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മറ്റ് ജാതിവിഭാഗങ്ങളില്‍ പെട്ടവര്‍ അവരുടെ മക്കളെ സ്‌കൂളുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്നതാണ് ആ വാര്‍ത്ത. 

യാദവ വിഭാഗങ്ങളിലടക്കം ആയിരക്കണക്കിന് സ്‌കൂള്‍ കുട്ടികളെയാണ് ദളിതര്‍ പാചകക്കാരായി എന്നതിന്റെ പേരില്‍ രക്ഷിതാക്കള്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പിന്‍വലിച്ചത്. മായാവതിയുടെ ഭരണകാലത്തും ജാതിവിവേചനത്തിന് മാറ്റമൊന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍ ഇതിന് മായാവതിയെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യാനായി ദളിതരെ നിയമിച്ചത് അത്രയെങ്കിലും അവരുടെ ജീവിതം രക്ഷപ്പെടും എന്ന ഉദ്ദേശത്തോടെയാകാം. പക്ഷേ മറ്റ് വിഭാഗങ്ങളുടെ വിവേചനം മൂലം ദളിതന്റെ കഞ്ഞിയില്‍ മണ്ണുവീഴുന്ന അവസ്ഥയാണ് മായാവതിയുടെ നാട്ടിലുള്ളത്. 

കനൂജ്, കാണ്‍പൂര്‍ മേഖലകളിലെ ഗ്രാമാന്തരങ്ങളിലെ പ്രൈമറി സ്‌കൂളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നതെങ്കില്‍ മറ്റ് പലയിടത്തും ഇതിലും രൂക്ഷമാണ് സ്ഥിതി. 2007 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ദളിത്-ബ്രാഹ്മിണ്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച മായാവതിക്ക് പക്ഷേ പിന്നീട് സവര്‍ണ-അവര്‍ണ വിഭാഗങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ജാതിവിലക്കുകള്‍ക്ക് അതീതമായ സാമൂഹ്യമായ കൂട്ടായ്മയോ മറ്റ് അനുബന്ധ പരിപാടികളോ നടത്തുന്നതില്‍ സര്‍ക്കാരുകളും ബി.എസ്.പി.യ്ക്കും വലിയ താല്‍പര്യമൊന്നുമില്ലെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 

യാദവ വിഭാഗങ്ങള്‍ അടക്കമുള്ള ജാതിഗ്രൂപ്പുകള്‍ക്കാണെങ്കില്‍ തങ്ങളുടെ വിവേചനസ്വഭാവം ശക്തമാണുതാനും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 ഓളം വിദ്യാര്‍ത്ഥികളാണ് ജാതി പ്രശ്‌നത്തിന്റെ പേരില്‍ കനൂജ് മേഖലയില്‍ നിന്നുമാത്രം കൊഴിഞ്ഞുപോയത്. കടുത്ത ജാതിസ്​പര്‍ദ്ധയുടെ വീര്യമുള്ള വാക്കുകളാണ് കാണ്‍പൂര്‍ മേഖലയിലെ മധാര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രാം വിലാസ് യാദവിന്റെ നാവില്‍ നിന്ന് പുറത്തുവന്നത്, അതിങ്ങനെ; ''അസ്​പൃശ്യരുണ്ടാക്കുന്ന ഭക്ഷണം കഴിക്കേണ്ട ഗതികേട് ഞങ്ങളുടെ കുട്ടികള്‍ക്കില്ല''. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇന്ത്യാ ടുഡേയുടെ ന്യൂസ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. 



2009 ജൂലായ് മുതല്‍ കനൂജ് മേഖലയിലെ 15 ഓളം ഗ്രാമങ്ങളിലെ ദളിത് ഇതര വിഭാഗങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പുതിയതായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇത്തവണ സ്‌കൂളുകള്‍ തുറന്നപ്പോള്‍ അവശേഷിക്കുന്ന സവര്‍ണരായ രക്ഷിതാക്കള്‍ പ്രശ്‌നമുയര്‍ത്തി വീണ്ടും രംഗത്തെത്തി. കനൂജ് മേഖലയിലെ മജ്ഹിഗവാന്‍ പ്രൈമറി സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കുകയും സ്‌കൂളിന് നേരെ കല്ലെറിയുകയും ചെയ്തു. കാണ്‍പൂര്‍ ഗ്രാമീണ മേഖലയായ മൈരഖ്പൂര്‍ വില്ലേജിലും ഇതിന് സമാനമായ സംഭവമുണ്ടായി. ദളിത് പാചകക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 200 ഓളം ഗ്രാമീണര്‍ സ്‌കൂള്‍ ആക്രമിക്കുകയായിരുന്നു. ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ക്കുകയും സ്‌കൂള്‍ അടുക്കള താഴിട്ടുപൂട്ടുകയും ചെയ്തു. 

ഇത്തരം സംഭവങ്ങള്‍ നിത്യസംഭവങ്ങളാണെന്ന് ഇവിടങ്ങളിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. ദുരഭിമാനം സംരക്ഷിക്കാനുള്ള കൊലകളാണ് മധ്യേന്ത്യയില്‍ നടക്കുന്നത്. ഒരേ ഗോത്രത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ചില ജാതികളില്‍ നിഷിദ്ധമാണ്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ വിലക്കും പ്രശ്‌നങ്ങളുമുള്ള ജാതിവിഭാഗങ്ങളും ധാരാളം. വിചിത്രാചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ജാതി ക്കോലങ്ങള്‍ വിളയുന്ന ഗ്രാമങ്ങളാണ് ഏറെയും. ഇന്റര്‍നാഷണല്‍ ദളിത് സോളിഡാരിറ്റി നെറ്റ് വര്‍ക്ക് 2006 ല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ ജാതിവിവേചനത്തിന്റെ സ്ഥിതിവിവര കണക്കുകളാണ്. 

ജാതിയുടെ പേരിലുള്ള അസ്​പൃശ്യതയും തീണ്ടലും തൊടീലും ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടുണ്ടെങ്കിലും ജാതി വിവേചനങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് പതിനൊന്ന് സംസ്ഥാനങ്ങളിലായി 565 ഗ്രാമങ്ങളില്‍ തീണ്ടലും തൊടീലും ശക്തമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ 37.8 ശതമാനം ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദളിതരെ മറ്റ് വിഭാഗങ്ങളില്‍ പെട്ട കുട്ടികളോടൊപ്പം ഇരുത്താറില്ലെന്നും 27.6 ശതമാനം ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ കയറാന്‍ അനുവാദമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 33 ശതമാനം ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങളുടെ വീടുകളില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കയറാറില്ല. 23.5 ശതമാനം ഗ്രാമങ്ങളില്‍ തപാല്‍ ജീവനക്കാരും ദളിതരുടെ വീട്ടില്‍ പോകാറില്ല. 

പ്രാദേശിക കൂട്ടായ്മകളിലോ പഞ്ചായത്ത് നടത്തുന്ന പ്രത്യേക യോഗങ്ങളിലോ 14.4 ശതമാനം ഗ്രാമങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കുകയോ അവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ദളിത് വിഭാഗക്കാര്‍ക്ക് മറ്റ് വിഭാഗങ്ങളോടൊത്ത് ക്യൂ നില്‍ക്കാന്‍ അനുവാദമില്ല. 12 ശതമാനം ഗ്രാമങ്ങളില്‍ സ്ഥിതി ഇതാണ്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ 48.4 ശതമാനത്തിലും ദളിതര്‍ക്ക് പൊതുകിണറുകളില്‍ നിന്നോ മറ്റ് ജലാശയങ്ങളില്‍ നിന്നോ വെള്ളമെടുക്കാന്‍ അനുവാദമില്ല.

ഗ്രാമങ്ങളില്‍ നടത്തിയ സര്‍വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം 35 ശതമാനം ഗ്രാമങ്ങളില്‍ ദളിതരുണ്ടാക്കുന്ന വസ്തുക്കള്‍ പ്രാദേശിക ചന്തകളില്‍ വില്‍ക്കാന്‍ അനുവാദമില്ല. 47 ശതമാനം ഗ്രാമങ്ങളില്‍ പ്രാദേശിക പാല്‍ സൊസൈറ്റികളില്‍ ദളിതരില്‍ നിന്ന് പാല്‍ എടുക്കുകയില്ല. ഇതില്‍ 25 ശതമാനത്തില്‍ ദളിതര്‍ക്ക് പാല്‍ നല്‍കുന്നതിനും വിലക്കുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ദളിതര്‍ക്കും ദളിത് ഇതരര്‍ക്കും രണ്ട് തരം കൂലി വ്യവസ്ഥയാണ് പലയിടത്തും നിലനില്‍ക്കുന്നത്. 25 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് മറ്റ് ജാതിവിഭാഗത്തില്‍ പെട്ട തൊഴിലാളികളേക്കാള്‍ കൂലി കുറവാണ്. ഇതില്‍ തന്നെ വിചിത്രമായ മറ്റൊരു കാര്യവുമുണ്ട്. അതായത് 37 ശതമാനം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് കൂലി ലഭിക്കണമെങ്കില്‍ ദൂരെ നിന്നും സ്വീകരിക്കണമെന്നാണത്രെ വ്യവസ്ഥ. മറ്റ് ജാതിവിഭാഗക്കാരുടെ അടുത്ത് കാണുന്നതിലും വിലക്ക്. വഴിനടക്കാന്‍ കഴിയില്ലെന്ന് ചുരുക്കം. 
ക്ഷേത്രങ്ങളില്‍ കടക്കുന്നതിന് 64 ശതമാനം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് ഇപ്പോഴും വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. വിലക്ക് പലേടത്തും പ്രഖ്യാപിതം തന്നെയാണ്. കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നെങ്കിലും തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ ദളിതരുടെ ജീവിത പരിതസ്ഥിതി അതിദയനീയമാണെന്ന് അവിടെ നിന്നുള്ള പല വാര്‍ത്തകളും വ്യക്തമാക്കുന്നു. ഉത്തരേന്ത്യയില്‍ ഇതിലും രൂക്ഷമാണ് അവസ്ഥ. പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തുന്നതിന് ദളിതര്‍ക്ക് ഇന്ത്യയിലെ പകുതിയോളം ഗ്രാമങ്ങളില്‍ വിലക്കുണ്ട്. 

ദളിതര്‍ക്ക് മറ്റ് വിഭാഗക്കാരുടെ വീടുകളില്‍ പോകുന്നതിന് ഇന്ത്യയിലെ 73 ശതമാനം ഗ്രാമങ്ങളില്‍ വിലക്കുണ്ടെന്നും 70 ശതമാനം ഗ്രാമങ്ങളിലെ മറ്റ് വിഭാഗങ്ങളില്‍ പെട്ടവര്‍ ദളിത് വിഭാഗക്കാരുടെ വീടുകളില്‍ പ്രവേശിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീടികകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കുള്ള 35.8 ശതമാനം ഗ്രാമങ്ങളുണ്ട്. ഈ കണക്കുകള്‍ കൃത്യവും സത്യസന്ധവുമാണെങ്കില്‍ എത്ര ദയനീയമാണ് പല ഇന്ത്യന്‍ ഗ്രാമങ്ങളിലും ദളിത് ജീവിതം എന്നോര്‍ക്കുക. 2001-2005 വരെയുള്ള കാലയളവിലെ ഇന്ത്യന്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഒരു ദിവസം 27 ദളിത് പീഡനങ്ങള്‍ നടക്കുന്നുണ്ട്. 

ബാക്കി കണക്കുകള്‍ ഇങ്ങനെ; ഓരോ ആഴ്ച്ചയും 13 ദളിതര്‍ വീതം കൊല ചെയ്യപ്പെടുന്നു, ഓരോ ആഴ്ച്ചയിലും അഞ്ച് ദളിത് ഭവനങ്ങള്‍ വീതം അഗ്നിക്കിരയാകുന്നു, ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ 18 മിനിറ്റില്‍ ഒന്ന് എന്ന രീതിയില്‍ നടക്കുന്നു, പ്രതിദിനം മൂന്ന് ദളിത് സ്ത്രീകള്‍ വീതം ബലാല്‍ക്കാരത്തിന് ഇരയാകുന്നു, ഓരോ ആഴ്ച്ചയിലും ആറ് ദളിത് കുട്ടികള്‍ വീതമെങ്കിലും പീഡനങ്ങള്‍ക്ക് ഇരയാവുന്നു, ഓരോ ദിവസത്തിലും 11 ദളിതര്‍ എങ്കിലും മര്‍ദ്ദനത്തിന് ഇരയാവുന്നു. കണക്കുകള്‍ ഇങ്ങനെ പോകുന്നു. 

2002 വരെയുള്ള കണക്ക് പ്രകാരം ദളിതര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പരാതി നല്‍കിയ മൊത്തം സംഭവങ്ങളില്‍ 18.70 ശതമാനം കേസും കെട്ടിക്കിടക്കുകയാണ്. 2005 ല്‍ ഇത് 23.9 ശതമാനമാണ്. കോടതിയില്‍ വിചാരണ കാത്തുകിടക്കുന്നവ 80.2 ശതമാനമാണ്. രാജ്യത്തെ മൊത്തം ദളിത് വിഭാഗങ്ങളില്‍ 79.8 ശതമാനം പേരും ജീവിക്കുന്നത് ഗ്രാമങ്ങളിലോ ചേരികളിലോ ആണ്. 11.78 ശതമാനമാണ് നഗരങ്ങളിലെ ദളിത് ജനസംഖ്യ. ഇത് ഭൂരിഭാഗവും ചേരിജീവിതവുമാണ്. ശൂദ്രജീവിതം നയിക്കുന്നവരും ചത്ത മൃഗങ്ങളെ എടുത്തുകൊണ്ടുപോയി ഭക്ഷണത്തിനോ തുകലിനോ ഉപയോഗിക്കുന്നവരും ലക്ഷക്കണക്കിനാണ് ഇന്ത്യയിലെന്നും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാനുള്ള ചുമതല ദളിതര്‍ക്കാണ് പലിയിടത്തെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തന്നെ വ്യക്തമാക്കുന്നു. 
അതൊരു അവകാശം പോലെ ദളിതരും അവര്‍ക്ക് അതൊരു നിര്‍ബന്ധിത ജോലിയായി മറ്റ് വിഭാഗക്കാരും കരുതുന്നു. ദേവദാസി സമ്പ്രദായത്തിന്റെ പേരില്‍ ക്ഷേത്രങ്ങളെ ഉപജീവിച്ച് വേശ്യാവൃത്തി നടത്തേണ്ടിവരുന്നവരും ഒട്ടുംകുറവല്ല. ആന്ധ്രയിലും കര്‍ണാടകയിലും ഈ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. 

ഏതായാലും മായാവതിയുടെ നാട്ടിലെ സ്‌കൂളുകളില്‍ നിന്ന് പാചകം ചെയ്യാനെത്തുന്ന ദളിതര്‍ പുറത്താക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ ദളിത് കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളായയി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറിയേക്കാം. ആദ്യത്തേത് ദളിത് ജീവിതത്തെ താറുമാറാക്കുമെങ്കില്‍ രണ്ടാമത്തെ സാധ്യത ദളിത് ഗ്രാമങ്ങളുടെ ഒറ്റപ്പെടലിലേക്കായിരിക്കും നയിക്കുക. രണ്ടിലും സംഭവിക്കുന്നത് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള തിരസ്‌കാരങ്ങള്‍തന്നെ. ദളിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ബഹിഷ്‌കൃതന്‍ എന്ന പേരിലെഴുതിയ ആത്മകഥയില്‍ ഇത്തരം ദളിത് വിവേചനങ്ങളുടെ ഇരുണ്ട ഭൂതകാലം വെളിപ്പെടുത്തുന്നുണ്ട്. അനുഭവസാക്ഷ്യങ്ങളും അതിന്റെ സന്ദര്‍ഭങ്ങളും മാറുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്ന് ഈ സംഭവങ്ങള്‍ ( A mathrubhumi feature)
_________________________________________________________________________

***What does Freedom and Democracy mean to these Dalits?

Rule of the upper castes, for the upper castes, by the uppercastes?

Masters, what agenda do you have to bring about a change?



No comments:

Post a Comment