Friday, July 23, 2010

Govt. versus Judiciary?

സര്‍ക്കാര്‍ ഭീഷണി വിലപ്പോവില്ലെന്ന് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ Posted on: 23 Jul 2010

കൊച്ചി: വഴിയോര പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യു ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ വിസമ്മതിച്ചു. വിധിയെ ന്യായീകരിച്ച് പൊതുവേദിയില്‍ സംസാരിച്ച ന്യായാധിപന്‍ പ്രസ്തുത വിധിക്കെതിരെയുള്ള റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാരിന്റേത് തരം താണ നടപടിയാണെന്ന് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് വേണ്ടിയാണ് വിധി പ്രഖ്യാപിച്ചത്. പൊതുനിരത്തില്‍ പൊതുയോഗം നടത്തുന്നതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ഭീഷണികള്‍ വിലപ്പോകില്ല. റിവ്യു ഹര്‍ജിയില്‍ നിന്ന് ഒഴിവാകില്ല. റിവ്യു ഹര്‍ജി കേള്‍ക്കേണ്ടത് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ്. നിയമാനുസൃതം താന്‍ തന്നെയാണ് ബഞ്ചിലുണ്ടാകേണ്ടത്. വെള്ളിയാഴ്ച രാവിലെ റിവ്യു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

ചീഫ് സെക്രട്ടറി എന്തുകൊണ്ടാണ് റിവ്യു ഹര്‍ജി നല്‍കാതിരുന്നത്. സര്‍ക്കാര്‍ എന്തിന് അഡീഷണല്‍ സെക്രട്ടറിയെ നിര്‍ത്തി ബലിയാടാക്കാന്‍ ശ്രമിക്കുന്നു. ഡിവിഷന്‍ ബഞ്ചിന്റെ വിധി പൊതുതാത്പര്യം അനുസരിച്ചാണ്. പോതുതാത്പര്യത്തിനെതിരെ എങ്ങനെ റിവ്യു ഹര്‍ജി നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. ന്യായാധിപന്മാര്‍ വിഡ്ഡികളാണെന്ന് സര്‍ക്കാരിന് ധാരണയുണ്ട്. വിഡ്ഡികളെ എങ്ങനെ തിരുത്താനാകും. റിവ്യു ഹര്‍ജി നല്‍കാന്‍ മന്ത്രിസഭാ തീരുമാനമുണ്ടോ. നിയമസഭ ഇക്കാര്യം ചര്‍ച്ചചെയ്‌തോ. വിധിയില്‍ പൊതുതാത്പര്യമില്ലെന്നല്ലാതെ മറ്റെന്താണ് സര്‍ക്കാരിന് പറയാനുള്ളതെന്നും കോടതി ചോദിച്ചു.

കോടതി മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇതുസംബന്ധിച്ച ഫയല്‍ വിളിച്ചുവരുത്താനും മടിക്കില്ലെന്ന് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

റോഡരികില്‍ പൊതുയോഗം നടത്തുന്നത് നിരോധിച്ച് വിധിച്ച ഡിവിഷന്‍ ബെഞ്ചില്‍ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കെതിരെ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സെക്രട്ടറിയാണ് ഉപഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. റിവ്യൂ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹമുള്‍പ്പെടാത്ത മറ്റൊരു ബെഞ്ചിലേക്ക് ഹര്‍ജി വിടുന്ന കാര്യം പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന് വിടണമെന്നുമായിരുന്നു ആവശ്യം. 

റിവ്യൂ ഹര്‍ജി പരിഗണനയിലുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉത്തരവിനെ പൊതുവേദിയില്‍ ന്യായീകരിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ നീതിന്യായവ്യവസ്ഥയുടെ മൂല്യം കാത്തുസൂക്ഷിക്കാനായി സുപ്രീംകോടതി അംഗീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നായിരുന്നു പരാതി. 1997 മെയ് 7നാണ് നീതിന്യായ വ്യവസ്ഥയുടെ മൂല്യം പരിരക്ഷിക്കാന്‍ 16 വ്യവസ്ഥകകളുള്‍പ്പെട്ട മാര്‍ഗനിര്‍ദ്ദേശം സുപ്രീംകോടതി ഫുള്‍കോര്‍ട്ട് അംഗീകരിച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്നതോ, കോടതിക്കു മുന്നിലെത്താന്‍ സാധ്യതയുള്ളതോ ആയ കാര്യങ്ങളെപ്പറ്റി ന്യായാധിപന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ, പൊതുവേദിയില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നതാണ് മൂല്യപരിപാലനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ഒരു വ്യവസ്ഥ. (a mathrubhumi report)

No comments:

Post a Comment