28 വയസ്സിനുള്ളില്‍ 39 കേസില്‍ ശിക്ഷ; വീണ്ടും പിടിയില്‍
Posted on: 20 Jul 2010
ഒല്ലൂര്‍: തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നൂറോളം കേസുകളുള്ള അന്തഃസംസ്ഥാന വാഹനമോഷണസംഘത്തിലെ പ്രധാനപ്രതി ഒല്ലൂര്‍ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം പൂജപ്പുര തമലം ദേശത്ത് സമ്പത്ത് വീട്ടില്‍ ബാബുരാജ് (സതീഷ്ബാബു-28) ആണ് പിടിയിലായത്. 39 കേസുകളില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള ഇയാള്‍ സോഡ ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒല്ലൂര്‍ പള്ളിയില്‍ ഭണ്ഡാരമോഷണത്തിന് ശ്രമിക്കുന്നതിനിടയില്‍ പി.ആര്‍. പടി പരിസരത്തുനിന്നാണ് പിടിയിലായത്.
പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. സ്റ്റേഷനിലെത്തി ചോദ്യംചെയ്തപ്പോഴാണ് ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണപരമ്പരകളുടെ ചുരുളഴിഞ്ഞത്. വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ചുവരുന്നതിനിടയില്‍ 2009ലാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ പരിചയപ്പെട്ട കൂട്ടുപ്രതിയായ സാബുവിനൊപ്പം ചേര്‍ന്ന് മൂന്നുമാസംമുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്ക് തൃശ്ശൂരിലെത്തി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഈ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് തലയ്ക്കടിച്ച് പരിക്കേല്പിച്ച് പണം കവര്‍ന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. ആ കേസില്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരത്ത് ആര്യങ്കോട് മൈലാച്ചല്‍ ദേശത്ത് കൃഷ്ണന്‍ നായരെ സ്വര്‍ണ്ണക്കട പൂട്ടിവരുമ്പോള്‍ ബാബുരാജും നാല് കൂട്ടുകാരും രണ്ട് ബൈക്കുകളിലായി വന്ന് തടഞ്ഞുനിര്‍ത്തി വെട്ടി സ്വര്‍ണ്ണവും 1,42,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. തിരുവനന്തപുരത്തെ മാറനെല്ലൂര്‍ എന്ന സ്ഥലത്ത് ശ്രീചക്രാ ചിറ്റ് ഫണ്ട്, ത്രിവേണി ഫൈനാന്‍സ് എന്നിവിടങ്ങളില്‍ കയറി കത്തികാണിച്ച് ഉടമസ്ഥനെ ഭീഷണിപ്പെടുത്തി കയ്യിലും സ്ഥാപനത്തിലുമുണ്ടായിരുന്ന 52,000 രൂപയും സ്വര്‍ണ്ണവും കവര്‍ച്ചചെയ്തതായും പോലീസ് പറഞ്ഞു.
പൂജപ്പുര, നെയ്യാറ്റിന്‍കര, തിരുവല്ല, കാട്ടാക്കട, വഞ്ചിയൂര്‍, ചാലക്കുടി, വട്ടപ്പാറ, ശ്രീകാര്യം, കന്യാകുമാരി തുടങ്ങിയ ഒട്ടേറെ സ്റ്റേഷനുകളിലും അന്യസംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ അനേകം കേസുകള്‍ നിലവിലുണ്ട്. ഒല്ലൂര്‍ സിഐ എം. കൃഷ്ണന്‍, സി.ഐ. സലീഷ് എന്‍. ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ അന്‍സാര്‍, ലക്ഷ്മണന്‍, പോലീസുകാരായ ഗോപാലകൃഷ്ണന്‍, സോമന്‍, റഷീദ്, ഡ്രൈവര്‍ രാജീവ് എന്നിവരുമുണ്ടായിരുന്നു.
No comments:
Post a Comment