Wednesday, July 21, 2010

Keralam --Industry.

കണ്ടല്‍ ; മൂന്നര മാസത്തെ നികുതി വെട്ടിപ്പ് ഒന്നേകാല്‍ ലക്ഷം?

ബിജു പരവത്ത്‌


കണ്ണൂര്‍: പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി രൂപവത്കരിച്ച് സി.പി.എം. വളപട്ടണം പുഴയുടെ തീരത്ത് കണ്ടല്‍ പാര്‍ക്ക് പണിതത് വ്യവസായ ആവശ്യത്തിനുതന്നെയാണെന്ന് സൊസൈറ്റിയുടെ പ്രവര്‍ത്തന രേഖകള്‍ പറയുന്നു. വിനോദ നികുതിയിനത്തില്‍ മൂന്നര മാസംകൊണ്ട് സൊസൈറ്റി വെട്ടിച്ചത് ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ്.

പാര്‍ക്കിന് അനുമതി നല്കിയില്ലെന്ന കാരണത്താല്‍ സൊസൈറ്റിക്ക് പഞ്ചായത്തിലേക്ക് നികുതി അടയ്‌ക്കേണ്ടിവന്നില്ല. സി.പി.എം. നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി പഞ്ചായത്താകട്ടെ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല. 106 ദിവസം പ്രവര്‍ത്തിച്ച പാര്‍ക്കില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശകരായെത്തിയെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നത്. 10 രൂപയാണ് പ്രവേശന ഫീസ്. മൂന്നര മാസംകൊണ്ട് പത്തുലക്ഷത്തിലേറെ രൂപ വരുമാനം സൊസൈറ്റിക്കുണ്ടായി. സംഭാവന എന്ന പേരിലാണ് പ്രവേശന ഫീസ് പിരിച്ചെടുത്തത്.

കേരള സൊസൈറ്റി റജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണ് പാപ്പിനിശ്ശേരിയിലെ ടൂറിസം സൊസൈറ്റി റജിസ്റ്റര്‍ചെയ്തത്. സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, ഗവേഷകര്‍, പരിസ്ഥിതി സ്‌നേഹികള്‍ എന്നിവരെയാണ് അംഗങ്ങളായി ചേര്‍ത്തതെന്നാണ് അധികൃതരുടെ അവകാശവാദം. സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യമായി പറയുന്നത് വാണിജ്യാടിസ്ഥാനത്തിലുള്ള പരിസ്ഥിതി ടൂറിസമാണ്. ഇതിനനുബന്ധമായി വന്‍ പദ്ധതികളാണ് വിഭാവനംചെയ്യുന്നത്. കണ്ടല്‍ പാര്‍ക്കും ഗവേഷണ കേന്ദ്രവും ഹെല്‍ത്ത് ക്ലബ്ബ്, റിക്രിയേഷന്‍ ക്ലബ്ബ്, ഇന്‍ഡിജീനിയസ് മെഡിസിന്‍ സെന്റര്‍, കേറ്ററിങ് സെന്റര്‍, വാട്ടര്‍സ്‌പോര്‍ട്‌സ്, കണ്ടല്‍ച്ചെടികള്‍ക്ക് മുകളിലായി ചെറു കുടിലുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെ നീളുന്നു സൊസൈറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ഇത്രയും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശി വിശേഷിപ്പിച്ചത്.

ആദ്യ ഘട്ട പ്രവര്‍ത്തനമാണ് ഇപ്പോഴത്തെ പാര്‍ക്കിലുള്ളത്. ഇതില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബോട്ടിങ്, ഹെല്‍ത്ത് ക്ലബ്ബ്, ജൈവ കക്കൂസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടം പദ്ധതികള്‍ തൊട്ടടുത്ത ഭഗത്‌സിങ് ദ്വീപിലാണ് നടത്തുന്നത്. എന്നാല്‍ ഇതിനൊന്നും പാപ്പിനിശ്ശേരി പഞ്ചായത്തുപോലും അനുമതി നല്‍കിയിട്ടില്ല. ഒരു തൂക്കുപാലവും താത്കാലിക ബോട്ട്‌ജെട്ടിയും നിര്‍മിക്കാനാണ് പഞ്ചായത്ത് അനുമതി നല്കിയത്. ഇതും പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ പൊളിച്ചുമാറ്റണമെന്ന നിബന്ധനയോടെയാണെന്ന് പഞ്ചായത്ത് സെക്രട്ടറി സി.രാജലക്ഷ്മി പറഞ്ഞു.

19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 15പേരും സി.പി.എമ്മുകാരാണ്. പരിസ്ഥിതി ആഘാതം പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം കഴിഞ്ഞദിവസം പാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സൊസൈറ്റി അധികൃതര്‍ പറഞ്ഞത്. (a mathrubhumi report)
***********************************************************************************************************
ഇവിടെ രാഷ്ട്രീയവും വ്യവസായം തന്നെ. രാഷ്ട്രീയത്തെ അഴിമതിവിമുക്തമാക്കാതെ ഈ നാടിനു രക്ഷയില്ല.

No comments:

Post a Comment