Friday, July 23, 2010

Crooked Keralam

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ട്രാക്ടര്‍ നല്‍കിയ ആളെ കയ്യേറ്റക്കേസില്‍ കുടുക്കി
Posted on: 24 Jul 2010

തൃശ്ശൂര്‍: ഭക്ഷ്യസുരക്ഷാപദ്ധതിക്ക് പാടമൊരുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ട്രാക്ടര്‍ വിട്ടുകൊടുത്തയാളെ ഭൂമി കയ്യേറ്റക്കേസില്‍ പ്രതിയാക്കി. തൃശ്ശൂര്‍ കുറ്റൂര്‍ എം.എല്‍.എ. റോഡില്‍ പുതുകുളങ്ങര ഭാസ്‌കരന്‍(69) ഇതു കാരണം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുകയാണ്.

കുറ്റൂര്‍ എം.എല്‍.എ. റോഡരികിലെ പാടത്ത് കൃഷിയിറക്കാന്‍ 'സമഗ്ര നെല്‍ ഉല്‍പ്പാദക സമൂഹം' എന്ന കൃഷിക്കാരുടെ കൂട്ടായ്മയ്ക്ക് ട്രാക്ടര്‍ വിട്ടുകൊടുക്കുകയേ ഇദ്ദേഹം ചെയ്തുള്ളൂ. മുപ്പതേക്കര്‍ തരിശു ഭൂമിയിലായിരുന്നു നെല്‍കൃഷി. ഇതില്‍ മൂന്നര ഏക്കറിന്റെ ഉടമയായ ചുള്ളിപ്പറമ്പില്‍ അജയകുമാറാണ് തന്റെ ഭൂമി കയ്യേറിതെന്നു കാണിച്ച് ഭാസ്‌കരനെതിരെ കേസു നല്‍കിയത്.

വര്‍ഷങ്ങളായി തരിശു കിടക്കുന്ന, ഇതടക്കമുള്ള ഭൂമി ഏറ്റെടുത്തു വിത്തിടാന്‍ കഴിഞ്ഞ വര്‍ഷം അന്നത്തെ കളക്ടര്‍ വി.കെ. ബേബിയാണ് നിര്‍ദ്ദേശിച്ചത്. തരിശുഭൂമി ഏറ്റെടുത്ത് ആറുമാസം വരെ കൈവശം വെയ്ക്കാനും കൃഷി ചെയ്യിക്കാനും തനിക്ക് അധികാരമുണ്ടെന്നു കളക്ടര്‍ അറിയിച്ചിരുന്നു. അങ്ങനെയാണ് കൃഷിക്കാരുടെ കൂട്ടായ്മ അജയകുമാറിന്‍േറതടക്കം 30 ഏക്കര്‍ ഏറ്റെടുത്തു വിത്തിട്ടത്. ബ്ലോക്ക് പഞ്ചായത്തംഗം ഡേവിസ് കണ്ണനായ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു കൃഷി.

കൃഷിയും വിളവെടുപ്പും കഴിഞ്ഞപ്പോള്‍ അജയകുമാര്‍ കേസു കൊടുത്തത് ഭാസ്‌കരനെതിരെയാണ്. കൃഷി ചെയ്തവരെ ഒഴിവാക്കി, ട്രാക്ടര്‍ വിട്ടുകൊടുത്ത തന്നെ പ്രതിയാക്കിയത് എങ്ങനെയാണെന്നു ഭാസ്‌കരനു മനസ്സിലായിട്ടില്ല.

തൃശ്ശൂര്‍ വെസ്റ്റ് പോലീസ് തന്നെ അന്വേഷിച്ചുവന്നപ്പോഴാണ് ഭാസ്‌കരന്‍ വിവരം അറിഞ്ഞത്. കയ്യേറിയ പാടം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാസ്‌കരന്‍ ഞെട്ടി. താന്‍ ട്രാക്ടര്‍ വിട്ടുകൊടുത്തതേയുള്ളുവെന്ന് പോലീസിനോടു പറഞ്ഞിട്ടും രക്ഷയുണ്ടായില്ല.

സ്റ്റേഷനില്‍ എത്തിയ ഭാസ്‌കരനെ ജാമ്യത്തിലിറക്കാന്‍ കൃഷിക്കാരുടെ കൂട്ടായ്മയിലെ ആരും വന്നില്ല. കളക്ടര്‍ അനുമതി നല്‍കിയതിന്റെ രേഖ ഹാജരാക്കിയാല്‍ വിടാമെന്നായി പോലീസ്. ആ രേഖ ഉണ്ടെങ്കില്‍ത്തന്നെ കൃഷിക്കാരുടെ കൈവശമായിരിക്കുമെന്നു ഭാസ്‌കരന്‍ പറഞ്ഞു. ഒടുവില്‍ ചില സുഹൃത്തുക്കള്‍ എത്തിയാണ് ജാമ്യം എടുത്തത്.

കേസിപ്പോള്‍ കോടതിയിലാണ്. അവിടെ ജാമ്യത്തിന് ആരും വന്നില്ല. തനിക്ക് ട്രാക്ടര്‍ വാടകയിനത്തില്‍ 10000 രൂപ ഇനിയും കിട്ടാനുണ്ടെന്നു ഭാസ്‌കരന്‍ പറയുന്നു. ഇതിനു പുറമെ, കേസുകൊടുത്ത പരാതിക്കാരനു നഷ്ടപരിഹാരം നല്‍കേണ്ട ഭാരവും ഭാസ്‌കരന്റെ ചുമലിലാണ്.

കൃഷിമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും താല്‍പര്യപ്രകാരമാണ് കളക്ടര്‍ 2009 സപ്തംബറില്‍ കൃഷിക്കു നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഭക്ഷ്യസുരക്ഷാ പദ്ധതിക്കു ട്രാക്ടര്‍ നല്‍കിയ ആളിനെ കേസില്‍ കുടുക്കിയിട്ടും ആരും ഇടപെട്ടിട്ടില്ല.

സ്വന്തമായി 6000 പറ നെല്ല് ഒരു കൊല്ലം ഉല്‍പ്പാദിപ്പിക്കുന്ന മാതൃകാ കര്‍ഷകന്‍ കൂടിയാണ് ഭാസ്‌കരന്‍. (a mathrubhumi report)






69 സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തികതിരിമറി കണ്ടെത്തി-മന്ത്രി
Posted on: 20 Jul 2010


തിരുവനന്തപുരം: സംസ്ഥാനത്തെ 69 സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. 38 കോടി രൂപയാണ് ഈ സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളത്. മൂന്നുകോടിരൂപ സര്‍ക്കാര്‍ ഇടപെട്ട് നല്‍കി. ബാക്കി 35 കോടി രൂപ കൊടുക്കാനുണ്ട്.

കുളനട സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതി കെ. ശിവദാസന്‍നായര്‍ സബ്മിഷനിലൂടെ നിയമസഭയില്‍ ഉന്നയിച്ചു. ജില്ലാ സഹകരണ ബാങ്ക് പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയാല്‍ സര്‍ക്കാര്‍ സഹകരിക്കും. നിക്ഷേപകര്‍ സംഘടന രൂപവത്കരിച്ച് വിജിലന്‍സ് കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ അവരെ സഹായിക്കുന്ന നിലപാടെടുക്കും. ക്രമക്കേടിന് കൂട്ടുനിന്ന സഹകരണ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കും- മന്ത്രി പറഞ്ഞു.

കുളനട ബാങ്കില്‍ മുന്‍ഭരണസമിതിയും ജീവനക്കാരുമൊക്കെച്ചേര്‍ന്നാണ് പണം അപഹരിച്ചതെന്നും തുടര്‍ന്നുവന്ന ഭരണസമിതികള്‍ പണം മടക്കിനല്‍കാന്‍ കൂട്ടാക്കിയില്ലെന്നും മന്ത്രി വിശദീകരിച്ചു. (a mathrubhumi report)

No comments:

Post a Comment