Saturday, July 24, 2010

culpable negligence

യാത്രക്കാരന്റെ മരണം എയര്‍ ഇന്ത്യയുടെ അനാസ്ഥ മൂലമെന്ന് പരാതി
Posted on: 25 Jul 2010


കോഴിക്കോട്: വിമാനയാത്രയ്ക്കിടെ ഹൃദ്രോഗംമൂലം മരിച്ച യാത്രക്കാരന്റെ ഭാര്യ എയര്‍ ഇന്ത്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ വിമാനക്കമ്പനി അധികൃതര്‍ വീഴ്ച വരുത്തിയെന്നാണ് പരാതി.

ദുബായ് യാത്രക്കിടെ ഹൃദ്രോഗമനുഭവപ്പെടുകയും മുംബൈ ആസ്​പത്രിയില്‍ വെച്ച് മരിക്കുകയും ചെയ്ത ചേമഞ്ചേരി പായോട്ട് ശ്രീജിത്ത് ബാലകൃഷ്ണന്റെ (32) ഭാര്യ ബൃന്ദയാണ് അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്.

ദുബായില്‍ എന്‍ജിനീയറായ ശ്രീജിത്ത്, ജൂലായ് 10ന് കോഴിക്കോട്ടു നിന്നു ദുബായിലേക്ക് പോകുന്നതിനിടെയാണ് വിമാനത്തില്‍ കുഴഞ്ഞുവീണത്.വിമാനം പറന്നുയര്‍ന്ന ഉടനായിരുന്നു സംഭവം. രാവിലെ 10.30ന് ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ശ്രീജിത്ത്, എയര്‍ ഹോസ്റ്റസ്സിനോട് കാര്യം പറഞ്ഞെങ്കിലും പ്രഥമശുശ്രൂഷ പോലും നല്‍കാതെ അവര്‍ സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കുറച്ച് സമയത്തിനുള്ളില്‍ ശ്രീജിത്ത് കുഴഞ്ഞു വീണു. ഇതേ തുടര്‍ന്ന് 12.30ന് മുംബൈവിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ രണ്ടുമണിക്കൂറിന് ശേഷം മാത്രമാണ് തൊട്ടടുത്തുള്ള നാനാവതി ആസ്​പത്രിയില്‍ എത്തിച്ചത്. അതും പുറമെ നിന്ന് വാടകയ്‌ക്കെടുത്ത ആംബുലന്‍സില്‍. ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീജിത്ത് 14നാണ് മരിച്ചത്. ആസ്​പത്രി ചെലവിനത്തില്‍ രണ്ടു ലക്ഷം രൂപയും ഏയര്‍ ഇന്ത്യ വാടകയ്ക്ക് വിളിച്ച ആംബുലന്‍സിന് 650 രൂപയും നല്‍കിയ ശേഷം മാത്രമാണ് മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു കിട്ടിയത് -പരാതിയില്‍ പറയുന്നു.

നാനവതി ആസ്​പത്രി ന്യൂറോളജിസ്റ്റായ ഡോ.കെ.സി. ഷായുടെ വിദഗ്ധാഭിപ്രായപ്രകാരം അരമണിക്കൂര്‍ മുന്‍പെങ്കിലും ആസ്​പത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നെന്നുംപരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശ്രീജിത്തിനെ മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴും രണ്ടു മണിക്കൂറിന് ശേഷം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും വിവരം ബന്ധുക്കളെ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് മുംബൈ ആസ്​പത്രിയിലാണെന്ന് അറിയാന്‍ കഴിഞ്ഞത്. അതും സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം. ശ്രീജിത്തിന്റെ യാത്രാ രേഖകളില്‍ വിലാസവും ഫോണ്‍ നമ്പറും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ബന്ധുക്കളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ പരാജയപ്പെട്ട എയര്‍ ഇന്ത്യ അധികൃതര്‍ക്കെതിരേയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കെതിരെയും അന്വേഷണം നടത്തി, അടിയന്തര നടപടി സ്വീകരിക്കണമെന്നും ബൃന്ദ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment