ആലുവയില്‍ രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു |
|
Text Size:  |
|
ആലുവ: വിദേശത്തേക്കു കടത്താന്‍ എത്തിച്ച രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍ (കഞ്ചാവ് തൈലം) ആലുവയില്‍ പിടികൂടി. രണ്ടുകോടി രൂപ വിലവരുന്ന രണ്ടുകിലോ ഹാഷിഷ് ഓയിലുമായി ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡിലെത്തിയ ഇടുക്കി സ്വദേശികളെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.
ഇടുക്കി ദേവികുളം ചാറ്റുപാറ പുത്തന്‍പുരയ്‌ക്കല്‍ ജയേഷ് (35), ദേവികുളം ആനവിരട്ടി കുരിശുപാറ പുറമുറ്റത്ത് ജയകുമാര്‍ (31) എന്നിവരെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഇരുവരും ഹാഷിഷുമായി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡിലെത്തിയത്.
ഇടുക്കിയില്‍ നിന്നു ഹാഷിഷുമായി പുറപ്പെട്ട രണ്ടംഗ സംഘത്തെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്‌സൈസ് സി.ഐ കെ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം മഫ്‌ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് ഈ സമയം കാത്തുനില്‍ക്കുകയായിരുന്നു.
സംശയം തോന്നിയ ഇരുവരും ബസ് സ്‌റ്റാന്‍ഡില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
കഞ്ചാവില്‍ നിന്നു വാറ്റിയെടുക്കുന്ന ഹാഷിഷ് ആലുവയില്‍ എത്തിച്ചശേഷം ഏജന്റുമാര്‍വഴി നെടുമ്പാശേരിയിലൂടെ വിദേശത്തേക്കു കടത്തുകയായിരുന്നു പിടിയിലായവരുടെ ലക്ഷ്യം.
കോടികള്‍ വിലവരുന്ന ഹാഷിഷ് രണ്ട് പ്ലാസ്‌റ്റിക് കവറുകളില്‍ നിറച്ച നിലയിലായിരുന്നു. പിടിയിലായവര്‍ക്കു പിന്നില്‍ വന്‍ മയക്കുമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. പിടിയിലായവരെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും. |
(a mangalam report)
------------------------------------------------------------------------------------------------------------
Eternal vigilance is the price of freedom.
Eliminate corruption. Save the Nation.
No comments:
Post a Comment