ഡല്‍ഹിയില്‍നിന്നും അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി. കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് അവള്‍ നാട്ടിലെത്തിയത്. രണ്ടുദിവസം കേരളത്തിലൂടെ യാത്ര ചെയ്‌തപ്പോള്‍ അവള്‍ അമ്മയോട് ചോദിച്ചത് ഈ ആണുങ്ങള്‍ എന്താണ് തുറിച്ചുനോക്കുന്നത് എന്നായിരുന്നു.
എറണാകുളത്തെ സ്വകാര്യസ്‌ഥാപനത്തില്‍ ഉദ്യോഗസ്‌ഥയായ സെറീന ഫുട്‌പാത്തിലൂടെ നടക്കുമ്പോഴാണ് എതിരെ നടന്നുവന്ന മനുഷ്യന്‍ മന:പൂര്‍വം ദേഹത്ത് സ്‌പര്‍ശിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നുപോയത്. സെറീന അയാളെ വെറുതെ വിട്ടില്ല. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്‌തു. ആളുകള്‍ ചുറ്റുംകൂടി. മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞപ്പോള്‍ സെറീനയുടെ ധൈര്യത്തെ എല്ലാവരും വാഴ്‌ത്തി. സെറീനയെപ്പോലെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പുരുഷനും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ധൈര്യം കാണിക്കില്ല. സെറീനയെ കുറ്റപ്പെടുത്തുന്ന സ്‌ത്രീവിദ്വേഷികളുണ്ടാകാം.
ഇന്ത്യയില്‍ കേരളത്തോളം സാമൂഹികമായി ഉന്നതിപ്രാപിച്ച മറ്റൊരു സംസ്‌ഥാനമില്ല. സ്‌ത്രീകളുടെ ജീവിതനിലവാരം വികസിതരാഷ്‌ട്രങ്ങളിലെ സ്‌ത്രീകളുടെയൊപ്പം. പക്ഷേ രാത്രി ഏഴുമണി കഴിഞ്ഞാല്‍ കേരളത്തിലെ നഗരങ്ങളില്‍ തനിയെ യാത്രചെയ്യാന്‍ സ്‌ത്രീകള്‍ പേടിക്കേണ്ട അവസ്‌ഥ... തിരക്കുള്ള സ്‌ഥലങ്ങളിലൂടെ തട്ടും, മുട്ടും പേടിക്കാതെ നടക്കാന്‍ പറ്റില്ല. സിനിമാ തീയേറ്ററുകളിലും ബസിനുള്ളിലും മലയാളി സ്‌ത്രീകള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു.
പ്രതികരിച്ചാലോ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അവളെ നോക്കുന്നത്, ഒരു കുറ്റവാളിയെപ്പോലെയാണ്. ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലെ നഗരങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിതമായി യാത്രചെയ്യാം. കേരളത്തിലെ നഗരങ്ങളില്‍ക്കൂടി രാത്രിയില്‍ സ്‌ത്രീകള്‍ തനിച്ചോ കൂട്ടമായോ ഒന്നു സഞ്ചരിക്കൂ. അനുഭവം അത്ര നല്ലതായിരിക്കില്ല.
ഇവിടെയെന്താണിങ്ങനെ
''നാഗ്‌പൂരില്‍ രാത്രിയിലും ധൈര്യമായി ഒരു സ്‌ത്രീക്ക് പുറത്തിറങ്ങി നടക്കാം. കേരളത്തില്‍ രാത്രി ഏഴുമണി കഴിഞ്ഞ് യാത്ര ചെയ്യുന്നവരെ എന്തോ കാഴ്‌ചവസ്‌തുക്കളെപ്പോലെയാണ് പുരുഷന്മാര്‍ നോക്കുന്നത്.'' നാഗ്‌പൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ലിയാ സിറിയക്ക്, സ്‌ത്രീക്കും പുരുഷനും യാത്ര ചെയ്യാന്‍ ബസുകളില്‍ വ്യത്യസ്‌ത സീറ്റുകള്‍ ലോകത്തില്‍ കേരളത്തില്‍ മാത്രമേ കാണൂ. എന്നാലും തിരക്കേറിയ ബസില്‍ യാത്ര ചെയ്യാന്‍ പേടിക്കണം.
''മലയാളി സ്‌ത്രീകള്‍ ജോലിയിലും, ഭരണരംഗത്തുമെല്ലാം പുരുഷന്റെ ഒപ്പം മികവു തെളിയിക്കുന്നവരാണ്. പക്ഷേ മലയാളി പുരുഷന്മാര്‍ക്ക് സ്‌ത്രീകളെ അംഗീകരിക്കാന്‍ മടിയാണ്. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. പക്ഷേ ഭൂരിഭാഗം പേരും ഇത്തരത്തിലാണ്. ഓഫീസില്‍ ഒരു സ്‌ത്രീ നന്നായി ജോലിചെയ്‌ത് ബോസിന്റെ പ്രശംസ നേടിയാല്‍, അവളുടെ കഴിവുകൊണ്ട് അത് കിട്ടിയെന്ന് പറയുന്നതിനേക്കാള്‍ അവര്‍ക്ക് കൂടുതലിഷ്‌ടം ആ സ്‌ത്രീയെക്കുറിച്ച് അപവാദം പറയാനായിരിക്കും.''
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്‌ത്രീ പറയുന്നു. യാതൊരു ഭീഷണിക്കും വഴങ്ങാതെ സത്യസന്ധമായി ജോലിചെയ്യുന്ന സ്‌ത്രീകളെ ഉപദ്രവിക്കുന്നതില്‍ പുരുഷന്മാര്‍ ഒട്ടും പിന്നിലല്ല. പുഷ്‌കലയുടെ കഥ അതാണ്. തിരുവനന്തപുരം കന്റോന്‍മെന്റ് എസി ഓഫീസിലെ മൂന്നു പോലീസുകാരും ഗുണ്ടകളും ചേര്‍ന്ന് പുഷ്‌കല എന്ന പോലീസ് കോണ്‍സ്‌റ്റബിളിനെ കൊന്നുകളയുമെന്നുവരെ ഭീഷണിപ്പെടുത്തി. സത്യസന്ധമായി ജോലിചെയ്‌തതിന് പുഷ്‌കലയ്‌ക്ക് കിട്ടിയ പ്രതിഫലം. അടുത്തിടെ കേരളസര്‍വകലാശാലയുടെ എം.എ. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ പോലീസ്‌സേനയുടെ അഭിമാനമായി പുഷ്‌കല മാറിയിരുന്നു.
ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജുവിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റായ പുഷ്‌കല ചില പോലീസുകാര്‍ക്കെതിരെ ഡി.സി.പി നടത്തിയ അന്വേഷണത്തിന്റെ വിവരം ചോര്‍ത്തി നല്‌കാത്തതിന്റെ പേരിലാണ് പുഷ്‌കലയെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തിയത്. ഫോണില്‍ വിളിക്കുക മാത്രമല്ല വീട്ടില്‍ വന്നും അവര്‍ ഭീഷണി തുടര്‍ന്നു. സ്‌ഥലമാറ്റം, ദേഹോപദ്രവം.... ഫോണിലൂടെ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ജോലിയില്‍ സത്യസന്ധത പുലര്‍ത്തിയതിന് ഒരു പോലീസുകാരിക്ക് ഉണ്ടായ അനുഭവം ഇതാണെങ്കില്‍ സാധാരണ സ്‌ത്രീകളുടെ കാര്യം പറയാനുണ്ടോ.
ബസില്‍വച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതികൊടുത്ത കാലിക്കറ്റ് സര്‍വകലാശാല ഉദ്യോഗസ്‌ഥ പി.ഇ. ഉഷയ്‌ക്ക് പിന്നീട് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ഏറെയാണ്. നൂറുശതമാനം സാക്ഷരതനേടി എന്നഭിമാനിക്കുന്ന കേരളത്തിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്.
പ്രതികരിക്കൂ, രക്ഷനേടൂ
''ബസിലും ട്രെയിനിലും വച്ച് തോണ്ടുന്നവരോട് പ്രതികരിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കില്‍ അവര്‍ ഉപദ്രവം തുടര്‍ന്നുകൊണ്ടേയിരിക്കും.'' എറണാകുളത്ത് ടെക്‌സ്റ്റയില്‍ ജീവനക്കാരിയായ ബിന്ദു.പലരും നാണക്കേട് ഓര്‍ത്ത് മിണ്ടാറില്ല. പണ്ട് തോണ്ടലും മുട്ടലും മാത്രം പേടിച്ചാല്‍ മതിയായിരുന്നു. ഇപ്പോ അതിലും വലിയ പ്രശ്‌നമാണല്ലോ, മൊബൈല്‍ ഫോണ്‍. കോഴിക്കോട് ഹോട്ടലിന്റെ ടോയ്‌ലറ്റില്‍ ഒളിക്യാമറ പിടിപ്പിച്ചതിനുശേഷം കടയില്‍ വരുന്ന സ്‌ത്രീകള്‍ക്ക്, ഡ്രസുകള്‍ ഇട്ടുനോക്കാന്‍പോലും പേടിയാണ്. വീടിന് പുറത്തിറങ്ങിയാല്‍ പേടിക്കേണ്ട അവസ്‌ഥ എന്തൊരു കഷ്‌ടമാണിത്.'' ജീന തന്റെ വിഷമം മറച്ചുവയ്‌ക്കുന്നില്ല. ഓര്‍ക്കുക പ്രതികരിക്കുക മാത്രമാണ് ഇതുപോലെയുളളവരില്‍ നിന്ന് രക്ഷനേടാനുളള ഏകമാര്‍ഗം.
മലയാളികള്‍ ഇത്ര അധ:പതിച്ചോ
കോട്ടയത്തെ ഒരു വീട്ടമ്മയുടെ അനുഭവം മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കും. റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കാറിടിച്ചു. ബോധരഹിതയായി റോഡില്‍ വീണ വീട്ടമ്മയെ സമീപത്തുണ്ടായിരുന്ന പുരുഷന്മാര്‍ അപകടമുണ്ടാക്കിയ കാറില്‍ ആശുപത്രിയിലെത്തിച്ചു. വേദനകൊണ്ട് പുളയുന്ന വീട്ടമ്മയെ ആശ്വസിപ്പിക്കാതെ ശാരീരികമായി ഉപദ്രവിക്കാനാണ് അവര്‍ ശ്രമിച്ചത്. തന്നെ ചികിത്സിച്ച ലേഡി ഡോക്‌ടറോട് ആ സ്‌ത്രീ തന്നെ ഉപദ്രവിച്ചതായി പറഞ്ഞു. വീട്ടമ്മയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു.
പ്രതികളെ പിടികൂടി. നൂറുശതമാനം സാക്ഷരരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഇത്ര അധ:പതിച്ചോയെന്ന് സംശയം തോന്നാം. ഈ സംഭവം കേള്‍ക്കുമ്പോള്‍. സ്വന്തം അമ്മയെയും സഹോദരിമാരെയും സ്‌നേഹിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുമോ? ആത്മവിശ്വാസത്തോടെ, തന്റേടത്തോടെ പെണ്‍കുട്ടികളെ വളര്‍ത്തുക. ഇത്തരക്കാരില്‍നിന്നും രക്ഷപ്പെടാന്‍ അതുമാത്രമാണ് വഴി.ആരോഗ്യകരമായ സ്‌ത്രീപുരുഷ സൗഹ്യദങ്ങള്‍ വളര്‍ത്തുക. പെണ്‍കുട്ടികളെ തീര്‍ത്തും
തൊട്ടാവാടികളായി വളര്‍ത്താതിരിക്കുക. തങ്ങളുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ ഒരു പുരുഷന്‍ സ്‌പര്‍ശിച്ചാല്‍ അത് തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം. പേടിക്കാതെ ഉടനേ പ്രതികരിക്കാന്‍ അവര്‍ക്ക് സാധിക്കണം. ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായി അത് വീട്ടില്‍വന്നു പറഞ്ഞാല്‍ കുറ്റപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ചിലപ്പാള്‍ അവര്‍ പറഞ്ഞില്ലെന്നു വരാം.
സ്‌ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍
നിങ്ങള്‍ക്കെതിരെ അക്രമമുണ്ടായാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുക. പരാതി നല്‌കിയതിന് തെളിവായി കിട്ടുന്ന രസീത് സൂക്ഷിച്ചുവയ്‌ക്കുക. ഏതെങ്കിലും വ്യക്‌തി മന:പൂര്‍വം അപമാനിക്കുക, മാനസികമായി വേദനിപ്പിക്കുക, തുറിച്ചുനോക്കുക, മനപൂര്‍വം സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വകാര്യതയെ ശല്യപ്പെടുത്തുക, ബസിലോ ട്രെയിനിലോവച്ച് ഉപദ്രവിക്കുകയോ ചെയ്‌താല്‍ ഐ.പി.സി. 509 വകുപ്പുപ്രകാരം ഒരുവര്‍ഷംവരെ സാധാരണ തടവും പിഴയും ലഭിക്കും.
പൊതുസ്‌ഥലത്തുവച്ച് ബഹളമുണ്ടാക്കുകയോ മദ്യപിച്ച് ശല്യപ്പെടുത്തുകയോ ചെയ്‌താല്‍ പ്രതിക്ക് ഐ.പി.സി 510 പ്രകാരം ഒരു ദിവസം തടവും പിഴയും ലഭിക്കാം. ഏതെങ്കിലും വ്യക്‌തി മര്‍ദ്ദിക്കുകയോ മാനസികമായി ഉപദ്രവിക്കുകയോ (ഉദാ: കുളിക്കുമ്പോള്‍ ഒളിഞ്ഞുനോക്കുക) തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ക്ക് ഐ.പി.സി 354 പ്രകാരം രണ്ടുവര്‍ഷം തടവ് ലഭിക്കാം. ജാമ്യം കിട്ടാത്ത വകുപ്പാണിത്. (A Mangalam article)
|
No comments:
Post a Comment