നിലമ്പൂരില്‍ തീവണ്ടി അട്ടിമറിനീക്കം: വഞ്ചിനാടില്‍ സ്‌ഫോടകവസ്തുക്കള്‍ 

Posted on: 09 Jul 2010
അട്ടിമറിനീക്കം
നിലമ്പൂര്‍/ മാവേലിക്കര: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പുകള്‍മുറിച്ച് അട്ടിമറി നീക്കം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരേ ദിവസം സംസ്ഥാനത്ത് രണ്ടിടത്ത് തീവണ്ടികളിലുണ്ടായ ഈ സംഭവങ്ങള്‍ കടുത്ത ആശങ്ക പരത്തി. തീവ്രവാദികളാണോ ഇതിന് പിന്നിലെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഷൊറണൂരിലേക്ക് പുറപ്പെടാനായി നിലമ്പൂര്‍-ഷൊറണൂര്‍ പാസഞ്ചര്‍ തീവണ്ടി സ്റ്റാര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ആസൂത്രിത രീതിയിലാണ് ബ്രേക്ക് പൈപ്പുകള്‍ മുറിച്ചതെന്ന് പ്രാഥമികാന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. മതതീവ്രവാദികളോ മാവോവാദികളോ ആവാം ഇതിനു പിന്നിലെന്ന് മലപ്പുറം പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ പറഞ്ഞു. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൂര്‍ച്ചയുള്ള ആയുധംവെച്ചാണ് പൈപ്പുകള്‍ മുറിച്ചത്. 11 ബോഗികളുള്ള തീവണ്ടിയില്‍ ബ്രേക്ക് പൈപ്പുകള്‍ കടന്നുപോകുന്ന ഇരുപതിടത്തും മുറിച്ചു. ബ്രേക്ക് പൈപ്പുകളോട് ചേര്‍ന്ന ഫീഡ് പൈപ്പുകളും മുറിച്ചിട്ടുണ്ട്. തീവണ്ടിയുടെ ബ്രേക്ക് എല്ലാ ബോഗികളിലും തുല്യരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനമാണ് ഈ പൈപ്പുകള്‍. സംഭവത്തെത്തുടര്‍ന്ന് 6.30-ന് ഷൊറണൂരിലേക്ക് പോകേണ്ട 654-ാം നമ്പര്‍ തീവണ്ടി റദ്ദാക്കി. തലേന്ന് രാത്രി 9.30-ന് സ്റ്റേഷനില്‍ വന്നുകിടക്കുകയായിരുന്നു വണ്ടി. തീവണ്ടി അപകടത്തില്‍പ്പെടുത്താനും ഉദ്ദേശിച്ചല്ല കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. ജനശ്രദ്ധ ആകര്‍ഷിക്കലായിരിക്കാം ഇതിന്റെ പിന്നിലെന്ന് കരുതുന്നു.

ഡ്യൂട്ടിക്കെത്തിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആലിക്കുട്ടിയാണ് തീവണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടടുത്ത് ബോഗിയിലേക്ക് ഘടിപ്പിച്ച ബ്രേക്ക് പൈപ്പ് പൊട്ടിയത് കണ്ടത്. ടയര്‍പോലെ കട്ടിയായ റബറുപയോഗിച്ചാണ് ഈ പൈപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പൈപ്പ് മുറിഞ്ഞ ഭാഗത്തുകൂടെ വായു ശക്തമായി പുറത്തേക്ക് തള്ളുന്ന ശബ്ദം കേട്ടാണ് പരിശോധന നടത്തിയത്.
വഞ്ചിനാട് എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്ക്, രണ്ട് ഡിറ്റണേറ്ററുകള്‍, ഒന്നര മീറ്റര്‍ നീളമുള്ള സേഫ്ടി ഫ്യൂസ് എന്നിവയാണ് കണ്ടെത്തിയത്. ഇവ പോളിത്തീന്‍ കവറില്‍ അടക്കം ചെയ്ത നിലയിലായിരുന്നു. തീവണ്ടി വ്യാഴാഴ്ച രാവിലെ 7:15-ന് മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരാണ് റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് പോളിത്തീന്‍ കവര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് മാറ്റി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയ തീവണ്ടിയുടെ മധ്യഭാഗത്തുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ 68-ാം നമ്പര്‍ സീറ്റിലാണ് കവര്‍ കണ്ടത്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ആന്റി എക്‌സ്‌പ്ലോസീവ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് കോട്ടയത്തുനിന്നെത്തിയ റെയില്‍വേ പോലീസ് സംഘം സ്‌ഫോടകവസ്തുക്കള്‍ വിശദപരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് റെയില്‍വേ അധികൃതരും പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കണ്ടതിനെപ്പറ്റി രഹസ്യവിവരം നല്കാന്‍ കഴിയുന്നവര്‍ 0472-2344340, 9497987067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
*******************************************************************************************************
Freedom in peril. Defend it with all your might!
Safety and security in peril. Be vigilant!
No comments:
Post a Comment