Wednesday, July 7, 2010

Crimes --- in the name of the Most Merciful, the Most Holy.

അധ്യാപകന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തത് അപൂര്‍വ ശസ്ത്രക്രിയ വഴി
Posted on: 08 Jul 2010






കോഴിക്കോട്: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തത് അപൂര്‍വ ശസ്ത്രക്രിയയിലൂടെ. എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്​പത്രിയില്‍ നടന്ന 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയമാണോ എന്നറിയാന്‍ ഇനിയും ദിവസങ്ങളെടുക്കുമെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജോസഫിന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് മൈക്രോവാസ്‌കുലാര്‍ സര്‍ജറി തലവന്‍ ഡോ. ആര്‍. ജയകുമാര്‍ പറഞ്ഞു.


''രണ്ട് മൈക്രോ വാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു, അധ്യാപകന്റെ കൈപ്പത്തി കൂട്ടിച്ചേര്‍ക്കാന്‍'' - ഡോ. ജയകുമാര്‍ പറയുന്നു. മുറിഞ്ഞ കൈയുടെ മുന്‍ഭാഗത്തെ മാംസം മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് രോഗിയെ ആസ്​പത്രിയിലെത്തിച്ചത്. ഞരമ്പും ഇല്ലായിരുന്നു. കൈമുട്ടിന് താഴെയുള്ള ഭാഗം തുടയില്‍ നിന്ന് മാംസമെടുത്ത് പുനഃസൃഷ്ടിക്കേണ്ടിവന്നു. അങ്ങനെ കൃത്രിമമായുണ്ടാക്കിയ ഭാഗത്ത് അറ്റുപോയ കൈപ്പറ്റി തുന്നിച്ചേര്‍ക്കുകയായിരുന്നു.


''എന്റെ ഓര്‍മയില്‍ ഇത്രയും സങ്കീര്‍ണമായ ശസ്ത്രക്രിയ ഇതിനുമുമ്പ് ആര്‍ക്കും നടത്തേണ്ടി വന്നിട്ടില്ല'' - രണ്ടു പതിറ്റാണ്ടിനിടെ നൂറുകണക്കിന് മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ ഡോ. ജയകുമാര്‍ പറയുന്നു. കൈപ്പത്തി നഷ്ടപ്പെട്ടതു മാത്രമല്ല, രോഗിയുടെ ശരീരത്തില്‍ ഒട്ടേറെ മാരകമായ മുറിവുകള്‍ വേറെയുമുണ്ടായിരുന്നു. രക്തസ്രാവം മൂലം മൃതപ്രായനായ അവസ്ഥയിലായിരുന്നു രോഗി. 12 കുപ്പി രക്തം വേണ്ടിവന്നു, ശസ്ത്രക്രിയയ്ക്ക്.


അറ്റു വേര്‍പെട്ടുപോയ ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന സങ്കീര്‍ണമായ ഒന്നാണ് മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയ. മൂന്നു മുതല്‍ അഞ്ചു മില്ലി മീറ്റര്‍ വരെ വ്യാസമുള്ള രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ത്തു നടത്തുന്ന സര്‍ജറിയാണിത്. സൂക്ഷ്മദര്‍ശനിയുടെ അടിയില്‍ വെച്ചാണ് ശസ്ത്രക്രിയയുടെ പ്രധാനഭാഗം നടത്തുക.


അവരോട് ക്ഷമിക്കുന്നു -പ്രൊഫ. ജോസഫ്
(ഇത് ക്രൈസ്തവം)
osted on: 08 Jul 2010




കൊച്ചി: ഒരു മതത്തേയും വേദനിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ്. തന്നെ ആക്രമിച്ചവരോട് ദേഷ്യമൊന്നുമില്ല. അവരോട് ക്ഷമിക്കുകയാണ്. അറിഞ്ഞുകൊണ്ട് ആരോടും തെറ്റ് ചെയ്തിട്ടില്ല - ജോസഫ് പറഞ്ഞു.


എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ജോസഫിന് ഇപ്പോള്‍ നല്ല പനിയുണ്ടെന്ന് മൈക്രോ വാസ്‌ക്കുലര്‍ സര്‍ജറി തലവന്‍ ഡോ. ആര്‍.ജയകുമാര്‍ പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ശസ്ത്രക്രിയയുടെ ഫലമറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ജയകുമാര്‍ പറഞ്ഞു.


പ്രചാരണം ലഭിക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ അക്രമം
Posted on: 06 Jul 2010




കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം, അതുമായി ബന്ധപ്പെട്ടു സംശയിക്കപ്പെടുന്ന സംഘടനയുടെ പ്രചാരണത്തിനായി ആസൂത്രിതമായി നടപ്പാക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്.


കശ്മീരിലെ ചില സംഘടനകള്‍ വരവറിയിക്കാനായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇതേ മാതൃകയില്‍ വലിയ പ്രചാരണം ഉദ്ദേശിച്ചുള്ള വന്‍ പ്രക്ഷോഭങ്ങളും അതുവഴി ആക്രമണങ്ങളും സംസ്ഥാനത്തുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന് നേരത്തെ തന്നെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.


ചോദ്യപേപ്പര്‍ വിവാദത്തിലകപ്പെട്ട അധ്യാപകനു നേരെ വധശ്രമം ഉണ്ടായേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗം ഏറ്റവുമധികം പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള സംഘടന തന്നെയാണ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിലും ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ചൊവ്വാഴ്ച നടന്ന പോലീസ് നടപടികള്‍ ഇങ്ങനെ.


1. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കോതമംഗലത്തുനിന്ന് ചൊവ്വാഴ്ച രാത്രി പോലീസ് കണ്ടെടുത്തു. മുഖ്യപ്രതിയും സൂത്രധാരനുമെന്ന് പോലീസ് കരുതുന്ന യൂനസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.


2. പ്രതികള്‍ക്കുവേണ്ടി പോലീസ് റെയ്ഡ് തുടരുകയാണ്. കോതമംഗലം നെല്ലിമറ്റത്തെ 20ഓളം വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡിവിഷന്‍ ഭാരവാഹിയും പരിശീലകനുമായ യൂനസിനും മറ്റ് പ്രതികള്‍ക്കും വേണ്ടിയായിരുന്നു തിരച്ചില്‍.


3. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോതമംഗലം ഇരമല്ലൂര്‍ പരിത്തിക്കാട്ടുകുടിയില്‍ ജാഫറിനെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി പോലീസ് വീണ്ടും ചോദ്യം ചെയ്തു വരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ജാഫറിന് മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരമുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.


4.പോലീസിന്റെ സൈബര്‍ സെല്‍, ടെലിഫോണ്‍ കോളുകളും എസ്എംഎസ് സന്ദേശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് സംഭവത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു.


പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ ആലുവയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡികളടക്കം നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യദ്രോഹപരവും തീവ്രവാദ ആശയങ്ങളുള്‍ക്കൊള്ളുന്നതുമായ രേഖകള്‍ പോലീസ് കണ്ടെടുത്തതായി സൂചന. ഫ്രീഡം പരേഡിന്റെ ദൃശ്യങ്ങളും മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുമൊക്കെ അടങ്ങിയതാണത്രെ സിഡികള്‍. 



മതവിദ്വേഷം സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക - കൃഷ്ണയ്യര്‍
Posted on: 05 Jul 2010




കൊച്ചി: നാട്ടില്‍ ബോധപൂര്‍വ്വം മതവിദ്വേഷണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. 32 കുട്ടികള്‍ മാത്രം ഉത്തരമെഴുതുന്ന ചോദ്യ പേപ്പറിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ അധ്യാപകന്‍ അക്രമത്തിനിരയായത് വേദനാകരമാണ്. വര്‍ഗീയത ഒട്ടുമില്ലാത്ത തൊടുപുഴ പോലുളള്ള പ്രദേശങ്ങള്‍ താവളമാക്കാനുള്ള വര്‍ഗീയ ഭ്രാന്തന്മാരുടെ നീക്കം അനുവദിച്ചുകൂടാ. പൊതുസമൂഹം ഈ പൈശാചിക നടപടിയെ ഒന്നടങ്കം അപലപിക്കണമെന്നും കൃഷ്ണയ്യര്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.


പോലീസ്‌സ്റ്റേഷന്‍ ഉപരോധം 50 പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുത്തു
Posted on: 07 Jul 2010




പെരുമ്പാവൂര്‍: അധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ പോലീസ്​പിടിയിലായ അഷ്‌റഫിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പെരുമ്പാവൂര്‍ പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ച പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്.


പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കസ്റ്റഡിയില്‍
Posted on: 07 Jul 2010




കോതമംഗലം: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടു എന്നു കരുതുന്ന ഇന്‍ഡിക്ക കാര്‍ കോതമംഗലം സിഐ ഫെയ്മസ് വര്‍ഗീസും സംഘവും നെല്ലിമറ്റത്തുനിന്ന് കസ്റ്റഡിയിലെടുത്തു.


ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നു സംശയിക്കുന്ന നെല്ലിമറ്റത്തുള്ള യുവാവിന്റെ വീടിന്റെ പോര്‍ച്ചില്‍ നിന്നാണ് കറുത്ത ഇന്‍ഡിക്ക കാര്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെ കസ്റ്റഡിയിലെടുത്തത്. കെ.എല്‍.7. എ.പി.1613-ാം നമ്പര്‍ കാറാണിത്.


പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്ന ഒമിനി വാനിന് പൈലറ്റായി പോയത് ഈ കാറാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിനുശേഷം പ്രതികള്‍ ഈ കാറില്‍ രക്ഷപ്പെട്ടു എന്നാണ് പോലീസിന് കിട്ടുന്ന പ്രാഥമിക സൂചന. മുഖ്യപ്രതിയും സൂത്രധാരനുമെന്ന് പോലീസ് കരുതുന്ന യൂനസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

സംഭവത്തില്‍ ബന്ധപ്പെട്ട എട്ടുപേരും അവരെ സഹായിച്ച മറ്റു ചിലരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു.


കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലെ മൂന്ന് പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന
Posted on: 08 Jul 2010




ആലുവ/മൂവാറ്റുപുഴ/കോതമംഗലം:  കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലെ മൂന്ന് പ്രധാന പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന.


സംഭവം നടന്ന അന്നുതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഇവര്‍ പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസില്‍ മൊത്തം 20 പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ക്കായി വ്യാപക റെയ്ഡുകള്‍ തുടരുകയാണ്. തൃക്കാക്കര, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, തൊടുപുഴ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യൂനസിന്റെ നെല്ലിമറ്റത്തുള്ള വീട്ടില്‍ ബുധനാഴ്ചയും പോലീസ് റെയ്ഡ് നടത്തി. യൂനസ് ഒളിവിലാണ്. ബന്ധുക്കളാണ് വീട്ടിലുണ്ടായിരുന്നത്. തീവ്രവാദ പ്രചാരണത്തിന്റെ ഭാഗമായുള്ള നിരവധി ലഘുലേഖകളും സിഡികളും പോപ്പുലര്‍ ഫ്രണ്ടിന്റെ സര്‍ക്കുലറുകളും ഇവിടെ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

No comments:

Post a Comment