ലതാമങ്കേഷ്‌കറിന് 81-ാം പിറന്നാള്‍ മധുരം
Posted on: 29 Sep 2010
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന് ചൊവ്വാഴ്ച 81-ാം പിറന്നാളിന്റെ മധുരം. കോലാപുരിലെ വസതിയില്‍ പൂജകളും പ്രാര്‍ഥനകളുമായി ലളിതമായാണ് അവര്‍ പിറന്നാള്‍ ആഘോഷിച്ചത്. ചലച്ചിത്രരംഗത്തെ ഒട്ടേറെ പ്രമുഖരും ആരാധകരും ലതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇളയ സഹോദരിയും പ്രശസ്ത ഗായികയുമായ ആശാഭോസ്‌ലെ ഹോങ്കോങ്ങില്‍നിന്നാണ് ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
1942-ല്‍ ഒരു മറാത്തിചിത്രത്തിലാണ് ലത ആദ്യമായി പാടിയത്. വസന്ത് ജോഗല്‍ക്കറുടെ ആപ് കി സേവാ മേം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡില്‍ മധുബാല മുതല്‍ കജോള്‍ വരെയുള്ള തലമുറയ്ക്കുവേണ്ടി ലത പാടിയിട്ടുണ്ട്. 1000-ത്തില്‍പ്പരം ഹിന്ദി ചിത്രങ്ങളിലും 36 പ്രാദേശിക ഭാഷാ ചിത്രങ്ങളിലും പാടിയ ഈ ഗാനകോകിലം തന്റെ സ്വരമാധുര്യംകൊണ്ട് ചരിത്രം സൃഷ്ടിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ഗിന്നസ് റെക്കോഡ് ലതാമങ്കേഷ്‌ക്കറുടെ പേരിലാണ്.
1974 തൊട്ട് '91 വരെയുള്ള കാലഘട്ടത്തിലാണ് ലത കൂടുതല്‍ പാടിയത്. ഗുലാം ഹൈദര്‍ സംഗീത സംവിധാനം ചെയ്ത മജ്ബൂര്‍ എന്ന ചിത്രത്തിലെ 'ദില്‍ മേര തോഡ' എന്ന ഗാനമാണ് തുടക്കത്തില്‍ ബോളിവുഡില്‍ ലതയെ ശ്രദ്ധേയയാക്കിയത്. പിന്നീട് നൗഷാദ്, ഖയാം, ഭഗത്‌റാം തുടങ്ങിയ പ്രമുഖരുടെ ഗാനങ്ങളിലൂടെ അവരുടെ പ്രശസ്തി എങ്ങുമുയര്‍ന്നു. മലയാളത്തിലും ലത പാടിയിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ ''കദളി, ചെങ്കദളി....'' എന്ന ഗാനം മലയാളിക്ക് മറക്കാനാവില്ല.
ചലച്ചിത്ര പിന്നണിഗാനരംഗത്ത് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ലതയുടെ സ്വരത്തിന് പ്രായമാവുന്നില്ല. സഞ്ജയ് ലീലാ ബന്‍സാലി, മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ ചിത്രങ്ങളില്‍ ഇപ്പോഴും ആദ്യം പരിഗണിക്കുന്നത് ലതയെയാണ്. മധുര്‍ ഭണ്ഡാര്‍ക്കറുടെ ജെയില്‍ എന്ന ചിത്രത്തിലാണ് ലത ഒടുവില്‍ പാടിയത്.
ഇന്നത്തെ പ്രശസ്തരായ പല ഗായകരുടെയും പ്രചോദനം ആ സ്വരമാധുരിയില്‍നിന്നാണ്. മധുമതി, മുഗള്‍ ഇ അസം, സത്യം ശിവം സുന്ദരം തുടങ്ങിയ ചിത്രങ്ങളില്‍ ലത ആലപിച്ച മെലഡി ഗാനങ്ങള്‍ സംഗീതാരാധകരുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്നവയാണ്. ദാരിദ്ര്യം നിറഞ്ഞ ഒരു കുട്ടിക്കാലത്തു നിന്നാണ് ലത സംഗീതത്തിന്റെ പടവുകള്‍ കയറിയത്. രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരത്‌രത്‌ന നല്‍കി ഈ സംഗീതപ്രതിഭയെ ആദരിച്ചിട്ടുണ്ട്.
No comments:
Post a Comment