Thursday, September 30, 2010

വ്യാജ കേരളം --- അഴിമതി നാടിന്നാപത്ത്

ബാര്‍ ഹോട്ടലിന്റെ പങ്കാളികളാകാന്‍ വ്യവസായ പ്രമുഖര്‍ വ്യാജരേഖ ചമച്ചു
കല്‍പ്പറ്റ: വയനാട്ടിലെ കല്‍പറ്റയില്‍ ബാര്‍ ഹോട്ടലിന്റെ ഉടമസ്‌ഥരാകാന്‍ മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസിലെ പ്രതികളിലൊരാളായ വ്യവസായി വി.എന്‍. രാധാകൃഷ്‌ണനും കണ്ണൂരിലെ വ്യവസായി കെ.വി. പത്മനാഭനും വ്യാജരേഖ ചമച്ചു. രേഖ വ്യാജമാണെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ക്ക്‌ അറിയാമായിരുന്നെങ്കിലും ഉന്നത ഇടപെടലുണ്ടായി. ഇരുവരും ബാറിന്റെ പങ്കാളികളായി.

2007 ലാണ്‌ കല്‍പ്പറ്റ ടൗണിലെ വൃന്ദാവന്‍ ഹോട്ടലില്‍ ആരംഭിച്ച ബാറിന്റെ പങ്കാളികളാകാന്‍ 1992 ലെ യഥാര്‍ഥ പാര്‍ട്‌ണര്‍ഷിപ്പ്‌ കരാറിന്റെ വ്യാജനുണ്ടാക്കിയത്‌. 1991 സെപ്‌റ്റംബര്‍ 10 നു വേണുഗോപാല്‍ എന്നയാള്‍ മാനേജിംഗ്‌ പാര്‍ട്‌ണര്‍ ആയിട്ടാണ്‌ ബാര്‍ ലൈസന്‍സിന്‌ അപേക്ഷിച്ചത്‌. പാര്‍ട്‌ണര്‍ഷിപ്പ്‌ കരാര്‍ ഹാജരാക്കണമെന്ന്‌ എക്‌സൈസ്‌വകുപ്പ്‌ നിര്‍ദേശിച്ചപ്പോള്‍ 1992 ല്‍ 10 പേര്‍ ഉള്‍പ്പെട്ട കരാര്‍ ഹാജരാക്കി. ഇതില്‍ വി.എന്‍. രാധാകൃഷ്‌ണനും കെ.വി. പത്മനാഭനും ഉള്‍പ്പെട്ടിരുന്നില്ല. 92 ലെ കരാര്‍തന്നെ 2007 ല്‍ എക്‌സൈസ്‌ വകുപ്പിനു വീണ്ടും സമര്‍പ്പിച്ചപ്പോള്‍ ഇവരുടെ പേരുകള്‍ 'പ്രത്യക്ഷപ്പെട്ട'തിനു പിന്നിലാണു ക്രമക്കേട്‌. ബാര്‍ ഹോട്ടല്‍ തുടങ്ങാന്‍ ഉദ്ദേശിച്ച കെട്ടിടത്തിനു കല്‍പ്പറ്റ ടൗണിലെ ലൂഥറന്‍ പള്ളിയുമായി നിശ്‌ചിത അകലം ഇല്ലെന്നതടക്കമുള്ള കാരണങ്ങളാല്‍ എക്‌സൈസ്‌ വകുപ്പ്‌ ബാര്‍ലൈസന്‍സ്‌ നല്‍കിയില്ല. കോടതിയെ സമീപിച്ചാണു ലൈസന്‍സ്‌ സമ്പാദിച്ചത്‌. അഭിഭാഷക കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചാണു ബാര്‍ ലൈസന്‍സ്‌ നേടിയതെന്ന ആരോപണം ഇപ്പോഴും ശക്‌തമാണ്‌. ഇതിനെതിരേ ഓട്ടേറെ പരാതികളുയര്‍ന്നിട്ടും, പാര്‍ട്‌ണര്‍മാരുടെ രാഷ്‌ട്രീയ, സാമ്പത്തിക പിടിപാടു മൂലം എക്‌സൈസ്‌ വകുപ്പിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കാര്യം 2007 ല്‍ 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2007 ലാണ്‌ ബാര്‍ ലൈസന്‍സ്‌ അനുവദിച്ചത്‌.

ഈ സമയം 91 ലെ അപേക്ഷപ്രകാരമുള്ള പാര്‍ട്‌ണര്‍ഷിപ്പ്‌ കരാര്‍ ഹാജരാക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ നിര്‍ദേശിച്ചു. ആദ്യം കൊടുത്ത കരാര്‍ കാണുന്നില്ലെന്നായിരുന്നു ഇതിനു കാരണമായി ഉദ്യോഗസ്‌ഥര്‍ അനൗദ്യോഗികമായി വിശദീകരിച്ചത്‌. പുതിയ പാര്‍ട്‌ണര്‍മാരെ തിരുകിക്കയറ്റാന്‍ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ 1991ലെ അപേക്ഷയില്‍നിന്നു യഥാര്‍ഥ പാര്‍ട്‌ണര്‍ഷിപ്പ്‌ കരാര്‍ മുക്കിയതായാണ്‌ ആരോപണം. രണ്ടാമതു സമര്‍പ്പിച്ച കരാറില്‍, വി.എന്‍. രാധാകൃഷ്‌ണനും കെ.വി. പത്മനാഭനും മറ്റു ചിലരും പ്രത്യക്ഷപ്പെട്ടു. ആദ്യമുണ്ടായിരുന്ന കരാറിലെ ചിലരെ ഒഴിവാക്കി. 1991 മുതല്‍ യൂണിയന്‍ എന്റര്‍പ്രൈസസ്‌ എന്ന സ്‌ഥാപനത്തില്‍നിന്നു വൃന്ദാവന്‍ ഹോട്ടല്‍ പാട്ടത്തിനെടുത്തു നടത്തിക്കൊണ്ടുവരികയാണെന്നാണ്‌ ഈ കരാറില്‍ പറയുന്നത്‌.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍നിന്നാണു രണ്ടാമതു കരാറുണ്ടാക്കാന്‍ മുദ്രപത്രം വാങ്ങിയത്‌. കള്ളക്കളി നടന്നുവെന്നറിഞ്ഞ്‌ ആദ്യത്തെ കരാറിലെ ഒരാള്‍ കോടതിയെ സമീപിച്ച്‌ ഇഞ്ചംഗ്‌ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചു. വൈകാതെ ഇവരും നിലപാടു മാറ്റി. പരാതിക്കാരെയെല്ലാം നിശബ്‌ദരാക്കിയാണു ലൈസന്‍സ്‌ സമ്പാദിച്ച്‌ ബാര്‍ പ്രവര്‍ത്തിപ്പിച്ചത്‌. വി.എന്‍. രാധാകൃഷ്‌ണന്‍ പങ്കാളിയായ ബാറിനു ലൈസന്‍സ്‌ സമ്പാദിക്കാന്‍ മുന്‍ വയനാട്‌ ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. അനുപമന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതി ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാറുടെ മുമ്പിലുണ്ട്‌. വി.എന്‍. രാധാകൃഷ്‌ണന്റെ ബിസിനസ്‌ പങ്കാളിയാണ്‌ അനുപമന്‍.
(mangalam report)

No comments:

Post a Comment