പരിസ്‌ഥിതി ദുര്‍ബല മേഖലയില്‍ ബഹുനില മന്ദിരങ്ങള്‍ ഉയരുന്നു |
മൂന്നാര്‍: കെട്ടിടനിര്‍മാണചട്ടവും ഭൂവിനിയോഗനിയമവും കര്‍ശനമാക്കി നവീന മൂന്നാര്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതരുടെ ഒത്താശയോടെ മേഖലയില്‍ അനധികൃത നിര്‍മാണവും മലയിടിക്കലും വ്യാപകമാകുന്നു. പാരിസ്‌ഥിതിക ദുര്‍ബല മേഖലകളില്‍ ഭൂമാഫിയയുടെ നേതൃത്വത്തിലാണ് വന്‍തോതില്‍ മറ്റ് നിര്‍മാണവും വില്‍പ്പനയും നടക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ക്ക് മൂന്നു നിലകളില്‍ കൂടുതല്‍ നിര്‍മിക്കാനനുവാദമില്ലാത്ത സ്‌ഥലങ്ങളിലാണ് 'പ്രത്യേകാനുമതി'യുടെ മറവില്‍ ബഹുനില കെട്ടിടങ്ങള്‍ മുളച്ചുപൊങ്ങുന്നത്. വന്‍കിട നഗരങ്ങളില്‍നിന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ചുവട് മാറ്റിയിരിക്കുന്നതും ഉന്നതരുടെ പിന്തുണയോടെയാണെന്നാണ് വിവരം. അടിമാലി മുതല്‍ മൂന്നാര്‍ വരെ ദേശീയ പാതയോരത്ത് വന്‍കിട ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. മൂന്നാറിന്റെ സമീപ മേഖലകളില്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കാന്‍ ഉടന്‍ ബുക്കുചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബോര്‍ഡുകളില്‍ നിര്‍മാണം ഉടനാരംഭിക്കുമെന്നും പറയുന്നുണ്ട്. മൂന്നാറിലെ ഭൂമി കച്ചവടവും നിര്‍മാണവും വിവാദമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പല ഇടപാടുകളും കഴിഞ്ഞ രണ്ടു മാസത്തിനിടെ സജീവമായി. സര്‍വേ ജോലിക്കാരും പ്രത്യേക ദൗത്യ സംഘങ്ങളും മലയിറങ്ങിയതോടെയാണ് ഭൂമാഫിയ പിടിമുറുക്കിയത്. പള്ളിവാസലിലെ മലയിടിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നതും റോഡ് വെട്ടുന്നതും വന്‍ പരിസ്‌ഥിതി പ്രശ്‌നമുണ്ടാക്കുന്നതായി മംഗളം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇതിനടുത്തു തന്നെ മലയിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടും കാരണമന്വേഷിക്കാനോ കുറ്റക്കാര്‍ക്കെതിരേ നടപടിക്കോ അധികൃതര്‍ തയാറായിട്ടില്ല. അപൂര്‍വ ജൈവ സമ്പത്തും പ്രകൃതി ഭംഗിയും നശിപ്പിച്ച് റിയല്‍ എസ്‌റ്റേറ്റ് മാഫിയ കുന്നുകളും കാടുകളും നശിപ്പിക്കുന്നു. ടൗണില്‍ നിന്നുമകലെയല്ലാതെ കാടുകള്‍ നിറഞ്ഞ മലകളും കുന്നുകളും കൃത്രിമരേഖയുണ്ടാക്കി വാങ്ങിയശേഷം റോഡുകള്‍ നിര്‍മിച്ച് വന്‍തുകയ്‌ക്കു മറിച്ചു വില്‍ക്കുകയാണ് പതിവ്. മാസങ്ങളുടെ ഇടവേളകളിലാണ് ഈ കച്ചവടം നടക്കുന്നത്. വ്യാപാരത്തിന് നേതൃത്വം നല്‍കുന്നത് കൊച്ചിയും തിരുവനന്തപുരവും ആസ്‌ഥാനമായുള്ള സംഘമാണെന്നാണ് വിവരം. ചിത്തിരപുരം, പള്ളിവാസല്‍, ലക്ഷ്‌മി, പോതമേട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതിലാണ് മലയിടിച്ച് റിസോര്‍ട്ട്- ഫ്‌ളാറ്റ് നിര്‍മാണം നടക്കുന്നത്. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്‌ത കുറ്റ്യാര്‍വാലിയിലെ പ്ലോട്ടുകളും വാങ്ങിക്കൂട്ടാന്‍ ബ്രോക്കര്‍മാര്‍ എത്തിക്കഴിഞ്ഞു. 10 സെന്റിന് 10 ലക്ഷം വരെയാണ് ഇപ്പോഴത്തെ വില. അടുത്തടുത്ത് കിടക്കുന്ന 10 പ്ലോട്ടുകള്‍ വരെ ഒരുമിച്ച് വാങ്ങാനാണ് നീക്കം. ഇപ്പോള്‍ വിജനമാണെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുറ്റ്യാര്‍വാലി മേഖല ജനവാസകേന്ദ്രവും വിനോദ സഞ്ചാരികളുടെ വിശ്രമ സ്‌ഥലവുമായി മാറുമെന്ന പ്രതീക്ഷയിലാണ് ഭൂവുടമകളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്‌ഥലം വാങ്ങാന്‍ ലോബി രംഗത്തെത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളെല്ലാം തടയപ്പെട്ടതിനാല്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും പതിവായി. വനഭൂമി വിജ്‌ഞാപനം അട്ടിമറിക്കപ്പെട്ടതോടെ വനം കൈയേറി കൈമാറ്റം ചെയ്യാനും എളുപ്പമായി. പുഴയുടെ തീരവും റോഡരുകുകളും വരെ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചു. താഴേത്തട്ടിലുള്ള ഉദ്യോഗസ്‌ഥര്‍ മുതല്‍ കണ്ണടയ്‌ക്കുന്നതായാണ് ആക്ഷേപം. -പ്രീത് ഭാസ്‌ക്കര്‍ (mangalam) |
Thursday, September 30, 2010
അഴിമതി നമ്മുടെ ശാപം. അഴിമതി നാടിന്നാപത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment