Thursday, September 30, 2010

പാക് ഭരണനേതൃത്വത്തിന് സൈന്യത്തിന്റെ താക്കീത്
Posted on: 01 Oct 2010

വാഷിങ്ടണ്‍: അഴിമതിക്കാരെ നേരിടാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും നടപടിയെടുക്കണമെന്ന് പാക് പ്രസിഡന്‍റ് ആസിഫലി സര്‍ദാരിയോടും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോടും കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി കര്‍ക്കശ ഭാഷയില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനില്‍ സൈന്യം അട്ടിമറിക്കൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാഷിങ്ടണ്‍ പോസ്റ്റ്' ദിനപത്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കയാനിയും സര്‍ദാരിയും ഗീലാനിയും പാകിസ്താനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സൈന്യം സിവിലിയന്‍ ഭരണകൂടത്തിന് താക്കീത് നല്കിയത്. പട്ടാള അട്ടിമറിക്കും ഭരണത്തില്‍ സൈന്യത്തിന്റെ ഇടപെടലിനും കുപ്രസിദ്ധമായ പാകിസ്താനില്‍ സൈനിക നേതൃത്വം ഇത്തരം താക്കീതുകള്‍ നല്കുന്നത് അപൂര്‍വമല്ല.

അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുത്തും സമ്പദ്‌മേഖലയുടെ തകര്‍ച്ച പരിഹരിച്ചും പ്രളയക്കെടുതിയനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം എത്തിച്ചും ഭരണസംവിധാനം ശരിയാക്കിയെടുക്കണമെന്ന് കയാനി ആവശ്യപ്പെട്ടെന്നാണ് വിവരം. എന്നാല്‍ കയാനി പട്ടാള അട്ടിമറിക്ക് ഒരുങ്ങുകയാണെന്ന് കരുതുന്നില്ലെന്നാണ് യു.എസ്. നേതൃത്വം പറയുന്നത്. പാകിസ്താനിലെ സൈനിക വൃത്തങ്ങളും അട്ടിമറിസാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്
.

No comments:

Post a Comment