Thursday, September 30, 2010

ടി.ജെ. ജോസഫിനെ പിന്തുണച്ച ന്യൂമാന്‍ കോളജ്‌ അധ്യാപകനു മൊബൈലില്‍ ഭീഷണി
മൂവാറ്റുപുഴ: മതാന്ധരുടെ ആക്രമണത്തില്‍ കൈപ്പത്തി അറ്റ പ്രഫ. ടി.ജെ. ജോസഫിനെ മാനേജ്‌മെന്റ്‌ പുറത്താക്കിയ നടപടിക്കെതിരേ പരസ്യ നിലപാടെടുക്കുകയും ജോസഫിനെതിരേ ലേഖനമെഴുതിയ ന്യൂമാന്‍ കോളജിലെ വിദ്യാര്‍ഥി ബ്രദര്‍ നോബിള്‍ പാറയ്‌ക്കലിനെ വിമര്‍ശിക്കുകയും ചെയ്‌ത ന്യൂമാന്‍ കോളജ്‌ ബോട്ടണി വിഭാഗം അധ്യാപകന്‍ സ്‌റ്റീഫന്‍ ചേരിക്കലിന്‌ ഭീഷണി.

ഇതു സംബന്ധിച്ച്‌ സ്‌റ്റീഫന്‍ ഇടുക്കി എസ്‌.പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ തൊടുപുഴ എസ്‌.ഐ. ഇന്നലെ ന്യൂമാന്‍ കോളജിലെത്തി സ്‌റ്റീഫന്റെ മൊഴിയെടുത്തു. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ ന്യൂമാന്‍ കോളജിലെ മുഴുവന്‍ അധ്യാപകരും ഒരു ദിവസം അവധിയെടുത്തിരുന്നു.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പിന്നീട്‌ ആറ്‌ അധ്യാപകരൊഴികെ മറ്റെല്ലാവരും അവധി റദ്ദാക്കി ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവച്ചു. ജോസഫിനെ പരസ്യമായി പിന്തുണയ്‌ക്കുന്ന അധ്യാപകര്‍ക്കെതിരേ മാനേജ്‌മെന്റ്‌ പ്രതികാര നടപടി കൈക്കൊളളുകയാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പ്രിന്‍സിപ്പലിനെ വിമര്‍ശിച്ചെന്നാരാപിച്ച്‌ സ്‌റ്റീഫന്‌ മാനേജ്‌മെന്റ്‌ കഴിഞ്ഞ ദിവസം മെമ്മോ നല്‍കിയത്‌ ഈ പ്രതികാരനടപടിയുടെ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ട നടപടി ശരിവച്ചും പരോക്ഷമായി കൈവെട്ടുകാരെ ന്യായീകരിച്ചും ബ്രദര്‍ നോബിള്‍ മംഗളം ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു.

പിന്നീട്‌ കത്തോലിക്കാ സഭയുടെ ജിഹ്വയായ സത്യദീപത്തില്‍ ടി.ജെ. ജോസഫിനെ പിന്തുണയ്‌ക്കുന്നവരും സഹായിക്കുന്നവരുമായ മറ്റ്‌ അധ്യാപകരെ കണക്കറ്റ്‌ വിമര്‍ശിച്ച്‌ നോബിള്‍ ലേഖനമെഴുതി ഈ അധ്യാപകരെക്കൂടി പിരിച്ചുവിടണമെന്നും ധ്വനിയുണര്‍ത്തുന്ന ലേഖനത്തിനെതിനെതിരേ പരസ്യമായി പ്രതികരിച്ചതാണ്‌ സ്‌റ്റീഫന്‍ ചേരിക്കലിനെ നോട്ടപ്പുളളിയാക്കിയത്‌.

ഇതിനിടെയാണ്‌ കഴിഞ്ഞദിവസം മൊബൈലില്‍ എസ്‌.എം.എസ്‌. ആയി ഭീഷണി സന്ദേശം എത്തിയത്‌.

തുടര്‍ന്നാണ്‌ ഇക്കാര്യങ്ങളെപ്പറ്റിയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌റ്റീഫന്‍ തൊടുപുഴ എസ്‌.പി.ക്ക്‌ പരാതി നല്‍കിയത്‌. സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്‌. തൊടുപുഴ എസ്‌.ഐ. ഷിന്റോ കുര്യനാണ്‌ ഇന്നലെ ന്യൂമാന്‍ കോളജിലെത്തി മൊഴിയെടുത്തത്‌.
(mangalam)
======================================================

No comments:

Post a Comment