ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് 'ആധാര്‍' പുറത്തിറക്കി |
തെമ്പ്‌ലി: ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയായ 'ആധാറി'നു മഹാരാഷ്‌ട്രയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയും ചേര്‍ന്നു തുടക്കം കുറിച്ചു. പന്ത്രണ്ടക്ക നമ്പര്‍ പതിച്ച കാര്‍ഡ് പത്ത് ആദിവാസികള്‍ക്കു നല്‍കിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്. രജന സോണാവാന്‍ എന്ന സ്‌ത്രീക്കാണു സോണിയാ ഗാന്ധി ആദ്യ കാര്‍ഡ് നല്‍കിയത്. നാലു വയസുകാരനായ ഹിതേഷ് സോണാവാനും എട്ടു വയസുകാരനായ അനില്‍ താക്കറെയും കാര്‍ഡ് കൈപ്പറ്റി. മൂന്നു ഘട്ടമായി എല്ലാ ഇന്ത്യക്കാര്‍ക്കും കാര്‍ഡ് വിതരണം ചെയ്യുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. വിരലടയാളവും കൃഷ്‌ണമണിയുടെ അടയാളവും പതിക്കുന്ന ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് ലോകത്ത് ആദ്യമായാണു പുറത്തിറക്കുന്നത്. സാങ്കേതികവിദ്യ ഇത്രയും വിപുലമായ തരത്തില്‍ ലോകത്തൊരിടത്തും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പൗരന്‍മാര്‍ക്കും ഉടന്‍ കാര്‍ഡ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക്കുകൂടി ലഭ്യമാക്കുകയെന്നതാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. രാജ്യത്തെ ദരിദ്രര്‍ക്കു യാതൊരു തരത്തിലുമുള്ള തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ അവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനോ റേഷന്‍ കാര്‍ഡ് നേടാനോ പോലും കഴിയുന്നില്ല. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ദരിദ്രര്‍ക്കു കിട്ടാതെ പോകുന്ന അവസ്‌ഥയാണുള്ളത്. ആധാര്‍ നമ്പര്‍ രാജ്യത്തെവിടേയും ആജീവനാന്തം ഉപയോഗിക്കാനാവും. ദേശീയോദ്‌ഗ്രഥനത്തിനു പദ്ധതി ഏറെ പ്രയോജനപ്പെടും- പ്രധാനമന്ത്രി പറഞ്ഞു. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ഭരണസംവിധാനം സുതാര്യമാക്കാനും ആവശ്യക്കാര്‍ക്ക് വിഭവങ്ങള്‍ അഴിമതിയില്ലാതെ എളുപ്പത്തില്‍ ലഭ്യമാക്കാനും പദ്ധതി ഉപകരിക്കുമെന്നും സോണിയ അഭിപ്രായപ്പെട്ടു. യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി തലവനും ഇന്‍ഫോസിസ് മുന്‍ മേധാവിയുമായ നന്ദന്‍ നിലേകാനിയാണു പദ്ധതിക്കു ചുക്കാന്‍ പിടിച്ചത്. പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ സദസിലെ ചിലര്‍ എണീറ്റ് കരിങ്കൊടി കാട്ടി. ഇവരെ പോലീസ് നീക്കംചെയ്‌തു. |
Wednesday, September 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment