പാരാമെഡിക്കല്‍ ഹോസ്‌റ്റലിലെ ആത്മഹത്യാശ്രമം; യുവതി പീഡിപ്പിക്കപ്പെട്ടതായി സൂചന |
കുറവിലങ്ങാട്: പാരാമെഡിക്കല്‍ സ്‌ഥാപനത്തിന്റെ ഹോസ്‌റ്റലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ച പൂര്‍വ വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അബോധാവസ്‌ഥയിലായ യുവതി കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പോലീസിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം യുവതിയെ ഇന്നലെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നും പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ചിത്രം വ്യക്‌തമാകും. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പിറവം സ്വദേശിയായ 19 വയസുകാരിയെ കഴിഞ്ഞദിവസം കുറവിലങ്ങാട്ടെ സ്വകാര്യ പാരാമെഡിക്കല്‍ സ്‌ഥാപനത്തിന്റെ ഹോസ്‌റ്റലില്‍ അമിതമായി ഇന്‍സുലിന്‍ ഉപയോഗിച്ച് അബോധാവസ്‌ഥയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ യുവതി ഇവിടെ നഴ്‌സിംഗ് പഠനം നടത്തിയിരുന്നു. ഈ അവസരത്തില്‍ സഹപാഠിയുടെ ബന്ധുവായ വൈദികനുമായി പരിചയപ്പെട്ടു. തുടര്‍ന്ന് വിവാഹിതരാകുന്നതിനും തീരുമാനിച്ചു. ഇതു വൈദികന്റെ വീട്ടുകാര്‍ എതിര്‍ത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നു യുവതി എഴുതിയതായി കരുതുന്ന കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ വൈദികനാണ് ആരോപണ വിധേയന്‍. ബറോഡയില്‍ ജോലി ചെയ്യുന്ന വൈദികനൊപ്പം കഴിഞ്ഞ 10 മുതല്‍ 14 വരെ ചെന്നൈയിലെ ഹോട്ടല്‍ ആകാശിലും 15 മുതല്‍ രണ്ടു ദിവസം എറണാകുളത്ത് കവിതാ തിയേറ്ററിനു സമീപത്തെ ഹോട്ടലിലും 18 മുതല്‍ ആറു ദിവസം കണ്ണൂര്‍ ചെറുപുഴയിലെ ധ്യാനകേന്ദ്രത്തിലും താമസിച്ചതായി കുറിപ്പിലുണ്ട്. ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നതായി കുറവിലങ്ങാട് പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സി.ഐ. രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് എസ്.ഐ: കെ.പി. ടോംസണ്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പാരാമെഡിക്കല്‍ സ്‌ഥാപനത്തിലും ഹോസ്‌റ്റലിലും പോലീസ് പരിശോധന നടത്തി. സ്‌ഥാപന ഉടമയില്‍നിന്നും ഹോസ്‌റ്റല്‍ നടത്തിപ്പുകാരില്‍നിന്നും താമസക്കാരില്‍നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന യുവതിക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. (mangalam) |
Tuesday, September 28, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment