Thursday, September 30, 2010

തേജസ് പോര്‍വിമാനത്തിന് അമേരിക്കന്‍ എന്‍ജിന്‍ വാങ്ങും
Posted on: 01 Oct 2010



ബാംഗ്ലൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘുപോര്‍വിമാനമായ തേജസിന്റെ രണ്ടാം പതിപ്പില്‍ (തേജസ് മാര്‍ക്ക്-2) അമേരിക്കന്‍ എന്‍ജിന്‍ ഉപയോഗിക്കും. ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ ജി.ഇ.എഫ്-414 എന്‍ജിന്‍ ഉപയോഗിക്കാന്‍ ഇതുസംബന്ധിച്ച പ്രതിരോധവകുപ്പിന്റെ പ്രത്യേക സമിതി തീരുമാനിച്ചു.

പ്രതിരോധവകുപ്പ്, പ്രതിരോധ ധനവകുപ്പ്, ഡി.ആര്‍.ഡി.ഒ., ഏറോനോട്ടിക്കല്‍ ഡവലപ്‌മെന്‍റ് ഏജന്‍സി, വ്യോമസേന, നാവികസേന എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സമിതി വിവിധ എന്‍ജിന്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ പരിശോധിച്ചശേഷമാണ് ജനറല്‍ ഇലക്ട്രിക്കിന്റെ എന്‍ജിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോ ജറ്റ് ടര്‍ണോ നിര്‍മിക്കുന്ന ഇ.ജെ-200 എന്‍ജിന്‍ അവസാന റൗണ്ടില്‍ ജനറല്‍ ഇലക്ട്രിക്കുമായി മത്സരിച്ചാണ് പുറത്തായത്.

നിലവിലുള്ള തേജസിന്റെ ഭാരം കുറയ്ക്കുകയും അതേസമയംതന്നെ കൂടുതല്‍ കരുത്തും നല്‍കിക്കൊണ്ടാണ് തേജസ് മാര്‍ക്ക്-2 ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് നിര്‍മിക്കുന്നത്. ചിറകുകള്‍ക്ക് വിസ്താരവും വര്‍ധിപ്പിക്കുന്നുണ്ട്. കൂടുതല്‍ കരുത്തിനായാണ് ജി.ഇ.എഫ്-414 തന്നെ തിരഞ്ഞെടുത്തതെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിലയുടെ കാര്യത്തിലും ഇ.ജെ-200 നേക്കാള്‍ ലാഭകരം ജനറല്‍ ഇലക്ട്രിക് എന്‍ജിനാണെന്ന് സമിതി വിലയിരുത്തി. അതേസമയം, വിലസംബന്ധിച്ച്
കമ്പനിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അമേരിക്കന്‍ പോര്‍വിമാനമായ സൂപ്പര്‍സോണിക്കില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍തന്നെയാണ് തേജസ് മാര്‍ക്ക്-2 നുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ജി.ഇ.എഫ്. 414. യൂറോപ്പ് നിര്‍മിത പോര്‍ വിമാനമായ ടൈഫൂണില്‍ ഉപയോഗിക്കുന്നതാണ് ഇ.ജെ.-200.
ഫ്രഞ്ച് കമ്പനിയായ സെ്‌നക്മയുമായി ചേര്‍ന്ന് കാവേരി-സെ്‌നക്മ എന്ന തദ്ദേശീയമായി ഒരു എന്‍ജിന്‍ നിര്‍മിക്കാമെന്ന് ഡി.ആര്‍.ഡി.ഒ.യുടെ നിര്‍ദേശം സമിതി തള്ളിക്കളഞ്ഞതായി അറിയുന്നു. ഡി.ആര്‍.ഡി.ഒ. നേരത്തേ സ്വന്തമായി ഒരു കാവേരി എന്‍ജിന്‍ നിര്‍മിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. അതേസമയം, പ്രായാധിക്യംമൂലം ഉപയോഗയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്ന മിഗ്-21നുപകരം തേജസ് വിമാനങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ വ്യോമസേന നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. 

ജി.ഇ. അല്ലെങ്കില്‍ യൂറോ ജറ്റ് ടര്‍ബോ എന്‍ജിന്‍ ഉടന്‍ വാങ്ങണമെന്നും കാവേരി-സെ്‌നക്മയ്ക്കായി ഇനി കാത്തിരിക്കാനാവില്ലെന്നുമായിരുന്നു എയര്‍ഫോഴ്‌സിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് ഡി.ആര്‍.ഡി.ഒ. നിലപാട് മാറ്റുകയും സമിതി ജി.ഇ. എന്‍ജിന്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തത്. ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടത്തരം പോര്‍ വിമാനത്തില്‍ കാവേരി-സെ്‌നക്മ എന്‍ജിന്‍ ഉപയോഗിക്കാനാണ് ഇപ്പോഴത്തെ ആലോചന.

വ്യോമസേന 200 തേജസ് വിമാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാവികസേന 20 എണ്ണവും ആവശ്യപ്പെട്ടിട്ടുണ്ട്. (mathrubhumi)

======================================================


No comments:

Post a Comment