Wednesday, September 29, 2010

ആത്മസംയമനം പാലിക്കണമെന്നു വിവിധ മത-ആത്മീയ-രാഷ്‌ട്രീയ നേതാക്കള്‍
കോഴിക്കോട്‌/കൊച്ചി/വര്‍ക്കല/തിരുവനന്തപുരം: അയോധ്യ തര്‍ക്കഭൂമി സംബന്ധിച്ചുള്ള അലഹബാദ്‌ ഹൈക്കോടതിയുടെ വിധി ഇന്നു പ്രസ്‌താവിക്കാനിരിക്കെ എല്ലാ വിഭാഗം ജനങ്ങളോടും ആത്മസംയമനം പാലിക്കണമെന്നു വിവിധ മത-ആത്മീയ നേതാക്കള്‍ ആഹ്വാനം ചെയ്‌തു.

വിധി എന്തായാലും സംയമനം പാലിക്കണമെന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ഇന്ത്യയുടെ യശസും സല്‍പേരും ഉയര്‍ത്തുന്ന വിധമാകണം കോടതിവിധിയെ സമീപിക്കേണ്ട തെന്നു കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. വിധി എന്തായാലും സംയമനം പാലിച്ച്‌ ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയോടു കാണിക്കേണ്ട ആദരവു കാത്തുസൂക്ഷിക്കണമെന്നു കെ.എന്‍.എം. സംസ്‌ഥാന പ്രസിഡന്റ്‌ ടി.പി. അബ്‌ദുള്ളക്കോയ മഅ്‌ദനി, ജന. സെക്രട്ടറി എ.പി. അബ്‌ദുള്‍ ഖാദിര്‍ മൗലവി എന്നിവര്‍ പ്രസ്‌താവിച്ചു. കോടതിവിധി മാനിക്കാന്‍ ഇരുകക്ഷികളും തയാറാവണമെന്ന്‌ ജമാ അത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.

ജനാധിപത്യമര്യാദകള്‍ മാനിക്കാനും പരസ്‌പര സൗഹൃദം കാത്തുസൂക്ഷിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആവശ്യപ്പെട്ടു. പക്വമായി കോടതിവിധിയെ സമീപിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

കോടതിവിധി എന്തായാലും സ്വാഗതം ചെയ്യേണ്ടതു നിയമ വ്യവസ്‌ഥയെ ആദരിക്കുന്ന ഏതൊരു പൗരന്റെയും കടമയാണെന്നു ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റ് പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു.

കോടതിവിധി വരുമ്പോള്‍ ആത്മസംയമനം പാലിക്കണമെന്നും സമുദായ സൗഹാര്‍ദം ഉയര്‍ത്തി മാതൃക കാട്ടണമെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.

വിധി എന്തായാലും എല്ലാവരും സംയമനം പാലിക്കണമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ ആഹ്വാനംചെയ്‌്തു.

വിധിയെ ആദരവോടെ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അഭ്യര്‍ഥിച്ചു.

വിധിയുടെ പശ്‌ചാത്തലത്തില്‍ സാമൂഹിക-സാമുദായിക ബന്ധങ്ങള്‍ക്ക്‌ ഉലച്ചില്‍ തട്ടുന്ന ഒന്നും ഉണ്ടാകരുതെന്നു പാളയം ഇമാം ജമാലുദീന്‍ മങ്കട അഭ്യര്‍ഥിച്ചു.

No comments:

Post a Comment