Tuesday, September 28, 2010

ചികിത്സ ലഭിച്ചില്ല; നിര്‍ധന രോഗി പനി മൂര്‍ച്‌ഛിച്ചു മരിച്ചു
പൈക: മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ നിര്‍ധന രോഗി പനി മൂര്‍ച്‌ഛിച്ച്‌ മരിച്ചതായി പരാതി. പൈക ഉരുളികുന്നം കല്ലുപുരയിടത്തില്‍ കെ.എം. മാത്യു (49)വാണ്‌ മരണമടഞ്ഞത്‌.

അഞ്ചുദിവസമായി മാത്യു പൈകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെങ്കിലും ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ടാപ്പിംഗ്‌ തൊഴിലാളിയാണ്‌. സാമ്പത്തിക പരാധീനത മൂലമാണ്‌ സ്വകാര്യ ആശുപത്രികളിലോ ദൂരെയുള്ള മറ്റ്‌ ആശുപത്രികളിലോ ചികിത്സ തേടി പോകാത്തതെന്ന്‌ ബന്ധുക്കള്‍ പറയുന്നു. സംസ്‌കാരം നടത്തി. ഭാര്യ ജാന്‍സി തൊടുപുഴ മൈലാടുംപാറ കുടുംബാംഗമാണ്‌. മക്കള്‍: ടിന്റു, ട്വിങ്കിള്‍.

സംഭവത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ പൈക ആശുപത്രിക്ക്‌ മുന്നില്‍ ഉപരോധ സമരം നടത്തി. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴില്‍ വരുന്ന പൈക ആശുപത്രിയില്‍ ആറ്‌ ഡോക്‌ടര്‍മാരെയാണ്‌ നിയമിച്ചിരുന്നത്‌. മൂന്നുപേര്‍ സ്‌ഥലംമാറ്റം വാങ്ങി പോയെങ്കിലും പകരം ഡോക്‌ടര്‍മാരെ നിയമിച്ചില്ല. രണ്ടുപേര്‍ അവധിയിലാണ്‌.

ഒരു മാസത്തിലേറെയായി ഒരു ഡോക്‌ടറുടെ സേവനമാണ്‌ ലഭിച്ചുകൊണ്ടിരുന്നത്‌. ഈ ഡോക്‌ടര്‍ അഞ്ചുദിവസമായി ഹാജരാകുന്നില്ല. സംഭവത്തെപ്പറ്റി ആരോഗ്യ വകുപ്പ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

No comments:

Post a Comment