Tuesday, September 28, 2010

നിരാഹാരം: സിസ്‌റ്റര്‍ ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലുവ: 'കത്തോലിക്കാ സഭയുടെ മാനസിക പീഡനങ്ങള്‍ക്കെതിരേ'  നിരാഹാര സമരം നടത്തുന്ന സിസ്‌റ്റര്‍ ടീനയെ പോലീസ്‌ ആശുപത്രിയിലേക്കു നീക്കി.

സന്യാസിനി സമൂഹത്തില്‍നിന്നു പുറത്താക്കി സഭ മനുഷ്യാവകാശ ലംഘനം നടത്തുകയായിരുന്നെന്നാരോപിച്ച്‌ സി.എം.സി. സഭയുടെ കേന്ദ്രമായ കമ്പനിപ്പടി ഗാരേജിനു സമീപത്തെ മൗണ്ട്‌ കാര്‍മല്‍ ജനറലേറ്റില്‍ സിസ്‌റ്റര്‍ ടീന നടത്തുന്ന നിരാഹാര സമരം ഒമ്പതുദിവസം പിന്നിട്ടിരുന്നു.

സിസ്‌റ്ററെ നാടകീയമായിട്ടായിരുന്നു പോലീസ്‌ ആശുപത്രിയിലേക്കു നീക്കിയത്‌. ഇന്നലെ രാവിലെ തന്നെ സിസ്‌റ്ററെ ഡോക്‌ടര്‍ പരിശോധന നടത്തിയിരുന്നു.

ഇതിനിടയില്‍ ക്രിസ്‌ത്യന്‍ ജോയിന്റ്‌ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ സിസ്‌റ്റര്‍ ടീന നിരാഹാരം നടത്തുന്ന ജനറലേറ്റിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ക്രിസ്‌ത്യന്‍ ജോയിന്റ്‌ കൗണ്‍സില്‍ ഭാരവാഹികള്‍ ഇതിനിടയില്‍ സിസ്‌റ്ററെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ജനറലേറ്റ്‌ സുപ്പീരിയര്‍ അനുവദിച്ചില്ല. പിന്നീട്‌ പോലീസെത്തിയാണ്‌ ഇവരെ കടത്തിവിട്ടത്‌. 12 മണിയോടെ പോലീസ്‌ സംഘം സിസ്‌റ്ററെ ആശുപത്രിയിലേക്കു നീക്കാനായി ശ്രമിച്ചെങ്കിലും സിസ്‌റ്റര്‍ എതിര്‍ത്തു.

പിന്നീട്‌ ആലുവ സി.ഐ. പ്രഫുല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ്‌ ഇവരെ സ്വകാര്യ കാറില്‍ ആലുവ താലൂക്ക്‌ ആശുപത്രിയിലേക്കു നീക്കിയത്‌. താന്‍ അവശയല്ലെന്നും തന്നെ ബലം പ്രയോഗിച്ചാണ്‌ പോലീസ്‌ ആശുപത്രിയിലേക്കു മാറ്റുന്നതെന്നും സിസ്‌റ്റര്‍ ടീന ആശുപത്രിയിലേക്കു പോകുംവഴി മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു. ആശുപത്രിയിലും അവര്‍ സമരം തുടരുകയാണ്‌.
(mangalam)

No comments:

Post a Comment