Wednesday, September 29, 2010

അയോധ്യ വിധി: കേരളവും കനത്ത കാവലില്‍; രണ്ടുനാള്‍ നിരോധനാജ്‌ഞ
തിരുവനന്തപുരം: അയോധ്യക്കേസ്‌ വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്നുമുതല്‍ രണ്ടുദിവസം കേരളത്തില്‍ നിരോധനാജ്‌ഞ.

പ്രശ്‌നമേഖലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിക്കും. കോയമ്പത്തൂരില്‍നിന്നു മൂന്നു കമ്പനി സേന ഇന്നലെ രാത്രിയെത്തി. മലബാര്‍ ജില്ലകള്‍ക്കു പുറമേ ആവശ്യമെങ്കില്‍ തെക്കന്‍ ജില്ലകളിലും സേനയെ വിന്യസിക്കും. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഇന്നു വൈകുന്നേരം അഞ്ചു മുതല്‍ 15 ദിവസത്തേക്കാണു നിരോധനാജ്‌ഞ. 

കേരളമാകെ ആരാധനാലയങ്ങള്‍, ബസ്‌ സ്‌റ്റാന്‍ഡ്‌, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ആരാധനാലയങ്ങളുടെ പരിസരത്തു പാര്‍ക്കിംഗ്‌ അനുവദിക്കില്ല. റെയില്‍വേ പോലീസിന്റെ സഹായത്തോടെ ട്രെയിനുകളില്‍ പരിശോധന നടത്തും. ബാഗേജുകള്‍ സ്‌കാനറില്‍ പരിശോധിക്കും. പോലീസ്‌ പിക്കറ്റിംഗും പട്രോളിംഗും എല്ലായിടത്തുമുണ്ടാകും. വിധിയുടെ സ്വഭാവമനുസരിച്ചു പോലീസ്‌ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഉത്തരകേരളത്തിലാണു സംഘര്‍ഷസാധ്യത കൂടുതല്‍. എസ്‌.പിമാരുടെയും കലക്‌ടര്‍മാരുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു നിരോധനാജ്‌ഞ.

അലഹബാദ്‌ ഹൈക്കോടതി വിധി എന്തായാലും സംയമനത്തോടെ കാണണമെന്നു മന്ത്രിസഭായോഗം അഭ്യര്‍ഥിച്ചു. കോടതിവിധിയെ ബഹുമാനത്തോടെ കാണുകയും തൃപ്‌തികരമല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയുമാണു വേണ്ടത്‌. സമാധാനാന്തരീക്ഷത്തിനു ഭംഗമുണ്ടാകാതിരിക്കാനും മതസൗഹാര്‍ദം ഉറപ്പുവരുത്താനും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു.

സംസ്‌ഥാനത്തെ ആരാധനാലയങ്ങളുടെ സുരക്ഷ ശക്‌തമാക്കിയെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

കോടതിവിധി മുതലെടുത്തു പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. മുന്‍കൂര്‍ അറസ്‌റ്റുള്‍പ്പെടെയുള്ള നടപടിയെടുക്കും. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ എസ്‌.എം.എസ്‌. അയയ്‌ക്കുന്നവരെ അറസ്‌റ്റ് ചെയ്യും. വാഹനപരിശോധനയും രാത്രി പട്രോളിംഗും ശക്‌തമാക്കും.

ശബരിമലയില്‍ പോലീസ്‌ സുരക്ഷ ശക്‌തമാക്കി. പമ്പയിലേക്ക്‌ എത്തുന്ന വാഹനങ്ങളും സന്നിധാനത്തേക്കു പോകുന്നവരും കര്‍ശന പരിശോധനയ്‌ക്കു വിധേയമാകുന്നുണ്ട്‌. പമ്പയിലും സമീപപ്രദേശങ്ങളിലും നിരീക്ഷണം ശക്‌തിപ്പെടുത്തി .

No comments:

Post a Comment