പര്‍വേസ് കയാനി വിശ്വസിക്കാന്‍ കൊള്ളാത്തവനും നുണയനുമെന്നു മുന്‍ സി.ഐ.എ. ഉദ്യോഗസ്‌ഥന്‍ |
വാഷിംഗ്‌ടണ്‍: പാകിസ്‌താനിലെ കരുത്തനായ സൈനികമേധാവി ജനറല്‍ അഷ്‌ഫാഖ് പര്‍വേസ് കയാനി അമേരിക്കയുടെ കണ്ണിലെ കരടാകുന്നുവെന്നു യു.എസ്. പത്രപ്രവര്‍ത്തകനായ ബോബ് വുഡ്‌വാഡിന്റെ 'ഒബാമയുടെ യുദ്ധം' എന്ന പുസ്‌തകത്തില്‍ വെളിപ്പെടുത്തല്‍. രാജ്യത്തെ ഗോത്രമേഖലയിലുള്ള ഭീകരരുടെ സുരക്ഷിതതാവളങ്ങള്‍ക്കെതിരേ ശക്‌തമായ സൈനികനടപടി സ്വീകരിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തിനു കയാനി തടസം നിന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നു പുസ്‌തകത്തില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ പാക് ഭീകരനായ ഫൈസല്‍ ഷഹ്‌സാദ് വിഫലമായ ബോംബാക്രമണശ്രമം നടത്തിയതിനു പിന്നാലെ ഒബാമ ഭരണകൂടം മുന്നോട്ടുവച്ച നാല് ആവശ്യങ്ങളും കയാനി തള്ളിക്കളഞ്ഞു. കയാനി നുണയനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണെന്ന് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്‌ഥന്‍ ബ്രൂസ് റീഡല്‍ സംയുക്‌ത സേനാ മേധാവി അഡ്‌മിറല്‍ മൈക്ക് മുള്ളനെ അറിയിച്ചു. അമേരിക്കയുടെ അഫ്‌ഗാന്‍, പാകിസ്‌താന്‍ നയരൂപീകരണത്തിനു ചുക്കാന്‍ പിടിച്ചയാളാണു ബ്രൂസ്. എന്നാല്‍ ഭീകരവിരുദ്ധ യുദ്ധത്തില്‍ കയാനി കാട്ടിയ ആത്മാര്‍ഥതയില്‍ മുള്ളനു വിശ്വാസമുണ്ടായിരുന്നുവെന്നും വുഡ്‌വാഡ് പറയുന്നു. മാര്‍ച്ച് പതിനൊന്നിനു വൈറ്റ്‌ഹൗസില്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജയിംസ് ജോണ്‍സ്, പ്രതിരോധ സെക്രട്ടറി ബോര്‍ട്ട് ഗേറ്റ്‌സ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണു കയാനിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു മുള്ളനെ ബ്രൂസ് അറിയിച്ചത്. എണ്‍പതുകളുടെ പകുതി മുതലുള്ള എല്ലാ ഐ.എസ്.ഐ. മേധാവിമാരെയും തനിക്കറിയാമെന്നും കയാനിക്ക് അന്വേഷണ ഏജന്‍സിക്കുമേല്‍ നിയന്ത്രണമില്ലെന്നും പറയുന്നതു മുഴുവന്‍ കളവാണെന്നും ബ്രൂസ് പറഞ്ഞു. മുള്ളന്‍ ഇതു നിഷേധിച്ചില്ലെന്നു വുഡ്‌വാഡ് പുസ്‌തകത്തില്‍ പറയുന്നു. പാകിസ്‌താന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക കണ്ടിരിക്കില്ലെന്ന ഒബാമയുടെ താക്കീത് അറിയിക്കാന്‍ സി.ഐ.എ. മേധാവി ലിയോണ്‍ പനേറ്റയും ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജയിംസ് ജോണ്‍സും ഇസ്ലാമാബാദിലേക്കു പോയതിന്റെ വിവരങ്ങളും പുസ്‌തകത്തിലുണ്ട്. അമേരിക്കയുടെ ആശങ്കകള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന കയാനി തന്റെ നയങ്ങള്‍ ഇന്ത്യയെ ചുറ്റിപ്പറ്റിയുള്ളതാണെന്നു സമ്മതിച്ചുവെന്നും വുഡ്‌വാഡ് പറയുന്നു. (mangalam) |
Tuesday, September 28, 2010
Pakistan News.
Subscribe to:
Post Comments (Atom)
No comments:
Post a Comment