Thursday, September 30, 2010

സൗദിയില്‍ പൊതുമാപ്പ്‌ നടപടികള്‍ തുടങ്ങി
ദമ്മാം: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഭരണാധികാരി അബ്‌ദുല്ലാ രാജാവ്‌ വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ നടപടികള്‍ ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യാ ഡീപോട്ടേഷന്‍ സെന്റര്‍ മേധാവി ക്യാപ്‌റ്റന്‍ മുബാറക്‌ അല്‍ ദോസരി വെളിപ്പെടുത്തി. ഹജ്‌ , ഉംറ, സന്ദര്‍ശന, ട്രാന്‍സിറ്റ്‌ വിസകളില്‍ എത്തിയവര്‍ക്ക്‌ മാത്രമായിരിക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. 
തൊഴില്‍ നിയമലംഘകര്‍ പൊതുമാപ്പിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഹുറൂബിന്റെ കെണിയില്‍പെട്ട്‌ ഇവിടെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കുകയില്ലെന്ന്‌ ഉറപ്പായി.തങ്ങളറിയാതെ നിയമലംഘകരായി മാറിയ ഹുറൂബിന്റെ ഇരകള്‍ ജയിലില്‍ കിടക്കാതെ രക്ഷപ്പെടാമെന്ന ആശ്വാസവുമായി കഴിയുകയായിരുന്നു.

അടുത്തുള്ള ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴിയാണ്‌ പൊതുമാപ്പിന്‌ അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കുക. ഇതിനായി തങ്ങള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയതായി കിഴക്കന്‍ പ്രവിശ്യാ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ ഉപമേധാവി ക്യാപ്‌റ്റന്‍ സാലിഹ്‌ അല്‍ ഖഹ്‌തതാനി പറഞ്ഞു. സന്ദര്‍ശക വിസയിലെത്തി നിയമലംഘകരായി മാറിയ ഏതാനും പേരുടെ അപേക്ഷകള്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചുതുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി.

പൊതുമാപ്പ്‌ പ്രഖ്യാപിച്ച പിറ്റേദിവസം മുതല്‍ നിരവധി പേര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ എത്തുന്നുണ്ടായിരുന്നു. വ്യക്‌തമായ നിര്‍ദേശങ്ങള്‍ കിട്ടാത്തതിനാല്‍ ഇവരെ മടക്കി അയക്കുകയാണ്‌ ചെയ്‌തുകൊണ്ടിരുന്നത്‌.

വിസിറ്റിങ്‌ വിസയിലെത്തി ഇവിടെ കുടുങ്ങി പോയവര്‍ക്കാണ്‌ പൊതുമാപ്പ്‌ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക. കാലാവധി കഴിഞ്ഞ ഓരോ വര്‍ഷത്തിനും വേണ്ടി വരുന്ന ഭീമമായ പിഴ സംഖ്യ നല്‍കാനാവാതെ, തിരിച്ചു പോകാന്‍ മറ്റൊരു വഴിയുമില്ലാതെ വര്‍ഷങ്ങളായി കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക്‌ തിരിച്ചു പോകാനുള അവസരമാണിത്‌.

നേരത്തെ പിഴ സംഖ്യ അടച്ചാലും വിസിറ്റിങ്‌ വിസയിലുള്ളവരെ സംരക്ഷിച്ചവരേയും തിരിച്ചുവരാനാവാത്തവരുടെ ഗണത്തില്‍ പെടുത്തി നാട്ടിലേക്ക്‌ അയച്ചിരുന്നു. പൊതുമാപ്പില്‍ കുടുംബങ്ങളെ നാട്ടിലയക്കുന്നവര്‍ ഈ നടപടിയില്‍ നിന്ന്‌ രക്ഷപ്പെടും.
-ചെറിയാന്‍ കിടങ്ങന്നൂര്‍ (mangalam)

No comments:

Post a Comment