Tuesday, September 28, 2010

Health and Fitness.--- use of vitamin tablets.

ഹോം  വഴികാട്ടി
എനിക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ


ക്ഷീണിക്കുമ്പോള്‍, ഓര്‍മശക്തി കൂട്ടാന്‍... എല്ലാത്തിനും നമ്മള്‍ വിറ്റാമിന്‍ ഗുളികകളെ ആശ്രയിക്കും. ഇത് ശരീരത്തിന് ഏതൊക്കെ തരത്തില്‍ ഗുണവും ദോഷവുമുണ്ടാക്കുന്നു? ഡോ.ബി. പത്മകുമാര്‍ (അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) വിശദീകരിക്കുന്നു...

ഡോക്ടറോട് രോഗികള്‍ ചോദിച്ചു വാങ്ങി കഴിക്കുന്ന മരുന്നുകളാണ് വിറ്റാമിനുകള്‍. പരീക്ഷാകാലത്ത് മകന്‍ ഉത്സാഹത്തോടെ പഠിക്കാനും അവന്റെ ഓര്‍മശക്തി മെച്ചപ്പെടുത്താനുമൊക്കെ മാതാപിതാക്കള്‍ വിറ്റാമിന്‍ ഗുളികകള്‍ എഴുതാന്‍ ഡോക്ടറെ നിര്‍ബന്ധിക്കാറുണ്ട്. ക്ഷീണം അനുഭവപ്പെടുമ്പോള്‍ പലരും വിറ്റാമിനുകള്‍ സ്വയം വാങ്ങി കഴിക്കാറുമുണ്ട്. കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പ് വിറ്റാമിന്‍ ഗുളികകള്‍ കഴിച്ച് സ്റ്റാമിന മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരും കുറവല്ല.

എന്നാല്‍ ജീവകങ്ങള്‍ സര്‍വരോഗസംഹാരികളോ ഹിമാലയന്‍ ശക്തിയും കരുത്തും തരുന്ന മാജിക് പില്ലുകളോ അല്ല. പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍ക്കോ ആരോഗ്യകരമായ ജീവിതചര്യയ്‌ക്കോ പകരം നില്‍ക്കുന്നവയുമല്ല.

സാധാരണനിലയില്‍ ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ഭക്ഷണവിഭവങ്ങളില്‍ നിന്നുതന്നെ ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. എന്നാല്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്നും കൂടുതല്‍ ജീവകങ്ങള്‍ ആവശ്യമായിവരുന്ന ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വിറ്റാമിനുകള്‍ പുറത്തുനിന്നും നല്‍കേണ്ടിവരും.

വിറ്റാമിനുകള്‍ രണ്ട് തരം

ജീവകങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.

കൊഴുപ്പില്‍ ലയിക്കുന്നവ:
 ശരീരത്തില്‍ ദീര്‍ഘനാള്‍ സംഭരിച്ചുവെക്കുന്ന ജീവകങ്ങളാണിവ. വിറ്റാമിന്‍ എ, ഡി, ഇ, കെ തുടങ്ങിയവ.
വെള്ളത്തില്‍ ലയിക്കുന്നവ: ഇവ ശരീരത്തില്‍ സംഭരിച്ചുവെക്കാറില്ല. ശരീരത്തിലെ വിവിധ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ആവശ്യമാണ്. ബി-കോംപ്ലക്‌സ് വിഭാഗത്തില്‍പെട്ട വിറ്റാമിനുകളും വിറ്റാമിന്‍ സിയും.

ആരോഗ്യവാനായ ഒരു വ്യക്തിയെക്കാള്‍, ജീവകങ്ങള്‍ കൂടുതല്‍ ആവശ്യമായിവരുന്നത് പ്രായമേറിയവര്‍ക്കും പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ്. ഇതുകൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേകമായി കൂടുതല്‍ ആവശ്യമുള്ള ജീവകങ്ങളുണ്ട്. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്നവര്‍ക്കും, ആര്‍ത്തവവിരാമത്തിനുശേഷം പ്രായമേറിയ സ്ത്രീകള്‍ക്കും ജീവകങ്ങള്‍ കൂടുതലായി വേണ്ടിവരും.

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് കൂടുതലായി ആവശ്യം വരുന്ന ജീവകങ്ങളാണ് ബി. കോംപ്ലക്‌സ് വിഭാഗത്തില്‍പ്പെട്ട ഫോളിക് ആസിഡ്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമാണിവ. ഫോളിക് ആസിഡിന്റെ അഭാവത്തെ തുടര്‍ന്ന് തലച്ചോറിനും സുഷുമ്‌നാനാഡിയ്ക്കും ഘടനാപരമായ തകരാറുകള്‍ ഉണ്ടാകാനിടയുണ്ട്.

പാല്‍, മുട്ട, മാംസം, ഇലക്കറികള്‍, പച്ചക്കറിയിനങ്ങള്‍ തുടങ്ങിയവയില്‍ ഫോളിക് ആസിഡ് സുലഭമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘനേരം ഭക്ഷണം പ്രത്യേകിച്ചും, പച്ചക്കറികള്‍ പാചകം ചെയ്യുന്നതിനെ തുടര്‍ന്ന് ഫോളിക് ആസിഡ് നഷ്ടമാകാനിടയുണ്ട്. വിളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും അപസ്മാര സംബന്ധമായ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഫോളിക് ആസിഡ് നിര്‍ദേശിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങളൊന്നുംതന്നെ ഇവ ഉണ്ടാക്കാറില്ല.

സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്ക് കൂടുതലായി വേണ്ടിവരുന്ന ജീവകമാണ് ഡി. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചര്‍മത്തിലാണ് ഈ വിറ്റാമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ മത്സ്യത്തില്‍ നിന്നും മുട്ടയില്‍ നിന്നുമൊക്കെ ചെറിയ അളവില്‍ ജീവകം ഡി ലഭിക്കുന്നുമുണ്ട്. എന്നാല്‍ അധികം പുറത്തിറങ്ങാതെ, മുറിക്കുള്ളില്‍ തന്നെ കഴിയുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പുരുഷന്മാര്‍ക്കും ജീവകം ഡിയുടെ അഭാവം ഉണ്ടാകാനിടയുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് അവശ്യമായ ജീവകം ഡിയുടെ കുറവ് ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളില്‍ അസ്ഥിപൊട്ടലിന്റെ (ഓസ്റ്റിയോ പോറോസിസ്) പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

സമീകൃതമായ ഭക്ഷണരീതി ജീവകം ഡിയുടെ അഭാവത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. കൂടാതെ പ്രഭാതത്തിലെ ഇളം വെയിലിലുകൊള്ളുന്നതും, കൃത്യമായി വ്യായാമങ്ങളിലേര്‍പ്പെടുന്നതും അസ്ഥികളുടെ ഉറപ്പിനും ആരോഗ്യത്തിനും സഹായകമാകും.

ജീവകം ഇയും സ്ത്രീകള്‍ക്ക് ചില പ്രത്യേക അവസരങ്ങളില്‍ കൂടുതലായി വേണ്ടിവരുന്ന ജീവകമാണ്. ധാന്യങ്ങള്‍, അണ്ടിപ്പരിപ്പ്, മുട്ട തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ ധാരാളമടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ശേഷി ഉള്ളതുകൊണ്ട് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും പ്രതിരോധത്തിന് ജീവകം ഇ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളില്‍ മാറിടത്തില്‍ കണ്ടുവരുന്ന തടിപ്പോടുകൂടിയ വേദനയ്ക്ക് (ഫൈബ്രോസിസ്റ്റിക് ഡിസീസ്) ജീവകം ഇ ഫലപ്രദമാണ്. കൂടാതെ സ്ത്രീകളില്‍ പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍ കണ്ടുവരുന്ന കാല്‍ കഴപ്പിനും, വേദനയ്ക്കും വിറ്റമിന്‍ ഇ ഗുണകരമാണ്.

അധികമായാല്‍ പ്രശ്‌നം

അത്ഭുത മരുന്നുകളാണെന്നു കരുതി വിറ്റാമിന്‍ ഗുളികകള്‍ സ്വയം വാങ്ങി കഴിക്കുന്നത് പലപ്പോഴും ദോഷകരമാണ്. ബികോംപ്ലക്‌സ് ഗുളിക കള്‍ ആവശ്യത്തിലേറെ കഴിക്കുകയാണെങ്കില്‍ മൂത്രത്തിലൂടെ വിസര്‍ജിച്ചുപോവുകയേയുള്ളൂ. മറ്റു ചില ജീവകങ്ങളാകട്ടെ, അമിതമായാല്‍ ശരീരത്തില്‍ സംഭരിച്ച് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരും.

ജീവകം എ അമിതമായാല്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. മുടി കൊഴിച്ചില്‍, ചര്‍മം വരണ്ടുണങ്ങല്‍, ചര്‍മത്തിലെ കട്ടികൂടുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. പ്രായമേറിയവരില്‍ ചെറിയ പരുക്കിനെതുടര്‍ന്നുപോലും അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകാനിടയുണ്ട്.

വിറ്റാമിന്‍ സിയുടെ അളവ് അധികമായാല്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കും. ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, അമിത ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. വൃക്കകളില്‍ കല്ലുണ്ടാകാനും തുടര്‍ന്ന് വൃക്കസ്തംഭനത്തിനും സാധ്യതയുണ്ട്.

ജീവകം ഇ ഗുളികകള്‍ പലരും സ്വയം വാങ്ങി ഉപയോഗിക്കാറുണ്ട്. കൈകാല്‍ വേദനയ്ക്കും ക്ഷീണം മാറാനുമൊക്കെയാണ് വിറ്റാമിന്‍ ഇ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പേശികളുടെ ബലക്ഷയം, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ ഇയുടെ അളവ് ക്രമാതീതമായാല്‍ ഗുരുതരമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്. ബി.കോംപ്ലക്‌സ് വിഭാഗത്തില്‍പെട്ട ജീവകം ബി 6 ആര്‍ത്തവാരംഭത്തിലുള്ള വിവിധ തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ദീര്‍ഘനാള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനെതുടര്‍ന്ന് നാഡീഞരമ്പുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുണ്ടാക്കാം. കൈകാല്‍ മരവിച്ച്, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

വിറ്റാമിന്‍ ഗുളികകള്‍ പലതും വിലയേറിയവയാണ്. പ്രായപൂര്‍ത്തിയായ, മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. 
പ്രത്യേകിച്ച് വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

(a mathrubhumi article)

No comments:

Post a Comment