Thursday, September 30, 2010

മലയാളി യുവതിയുടെ തട്ടിപ്പ്

ഒരു കോടിരൂപ തട്ടിയ മലയാളിയുവതി മുങ്ങി
Posted on: 01 Oct 2010

മുംബൈ: മുളുണ്ട് വെസ്റ്റ് ജയ്ശാസ്ത്രി നഗര്‍ ഹൈലാന്‍ഡ് പാര്‍ക്കിലെ പ്രവീണ്‍ ഇലക്ട്രിക്കല്‍സിലെ ജീവനക്കാരി 94 ലക്ഷം രൂപ തട്ടിപ്പുനടത്തി മുങ്ങിയതായി പരാതി. മലയാളിയായ എം.ജി. സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചെങ്ങന്നൂര്‍ പൊറ്റമേല്‍കാട് കുരിപ്പറമ്പില്‍ തെക്കേതില്‍ വീട്ടില്‍ ഉഷ എന്ന നിര്‍മലാ തോമസിനെതിരെയാണ് മുളുണ്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.

ആറു വര്‍ഷമായി അക്കൗണ്ടസ് അസിസ്റ്റന്‍റായി ഇവിടെ ജോലിചെയ്തുവന്ന നിര്‍മല അടുത്തിടെ ജോലി രാജിവെച്ച് നാട്ടിലേക്ക് പോയിരുന്നു. കമ്പനിയിലെ അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കെ. കുഞ്ഞുമോന്റെ കീഴിലായിരുന്നു നിര്‍മല ജോലിചെയ്തിരുന്നത്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ തയ്യാറാക്കുന്ന ചെറിയ തുകയ്ക്കുള്ള ചെക്കുകള്‍ വലിയ തുകയാക്കി മാറ്റി ഉഷ സ്വന്തമായി പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ട്‌സ് മാനേജര്‍ കുഞ്ഞുമോന്‍ അടുത്തിടെ മരിച്ചതിനെത്തുടര്‍ന്ന് അക്കൗണ്ടുകള്‍ മറ്റൊരാള്‍ പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് പുറത്തായതെന്ന് പരാതിയില്‍ പറയുന്നു.

കമ്പനിയുമായി അടുത്ത ബന്ധമുള്ള കരാറുകാരന്‍ നെല്‍സണ്‍ മത്തായി എന്ന വ്യക്തിയാണ് ഭാര്യയുടെ അനുജത്തിയായ നിര്‍മലയെ സ്ഥാപനത്തില്‍ കൊണ്ടുവന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി 93,74,630 രൂപയാണ് നിര്‍മല തട്ടിയത്. ഈ കാലയളവില്‍ 15,000 രൂപയോളം ശമ്പളമുണ്ടായിരുന്ന നിര്‍മല പലദിവസങ്ങളിലും അമ്പതിനായിരത്തിനുമേല്‍ തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

നാല്പത്തൊന്നുകാരനായ കുഞ്ഞമോന്‍ ഹൃദയസ്തംഭനം മൂലം മരിക്കാനിടയായത് ഈ തട്ടിപ്പ് അറിഞ്ഞതുമൂലമാണോ എന്നുപോലും പോലീസ് സംശയിക്കുന്നു.

''വര്‍ഷങ്ങളായി ഈ കമ്പനിയില്‍ ജോലിചെയ്യുന്ന കുഞ്ഞുമോന്റെ ആത്മാര്‍ഥതയില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ആര്‍ക്കും കണക്കുകള്‍ ഇതുവരെ പരിശോധിക്കേണ്ടി വന്നില്ല. സപ്തംബര്‍ 30ന് മുമ്പ് കണക്കുകള്‍ ശരിയാക്കുന്നതിന് പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് നെല്‍സണ്‍ മത്തായിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. തട്ടിപ്പില്‍ അയാള്‍ക്കും പങ്കുള്ളതായി സംശയമുണ്ട്. അയാളുടെ വീട്ടിലായിരുന്നു നിര്‍മല താമസിച്ചിരുന്നത്. ഇപ്പോള്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ആ വീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്'' -സ്റ്റീഫന്‍ പറഞ്ഞു.

കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്.

No comments:

Post a Comment