അന്തര്‍സംസ്‌ഥാന ഹൈടെക് കൊള്ളസംഘത്തിന്റെ നായിക കോളജ് വിദ്യാര്‍ഥിനി | ||
കൊള്ളസംഘമെന്നാല്‍ അപരിഷ്‌കൃതരായ പിടിച്ചുപറിക്കാരാണെന്നു കരുതിയാല്‍ തെറ്റി. വിമാനങ്ങളിലും വിലകൂടിയ കാറുകളിലും സഞ്ചരിച്ച്, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച്, വന്‍ബിസിനസുകാരുടെ വസതികളില്‍ മാത്രം കൊള്ള നടത്തിയിരുന്ന ഹൈടെക് കൊള്ളസംഘത്തിന്റെ 'തലൈവി' യാണു മാനസി. മുംബൈയില്‍ 'ഓപ്പറേഷനു' ശേഷം വാഗണ്‍ആര്‍, ഹോണ്ട സിറ്റി കാറുകളില്‍ മടങ്ങുകയായിരുന്ന സംഘാംഗങ്ങളെ യു.പി. അതിര്‍ത്തിയില്‍ പിടികൂടുമ്പോള്‍ സ്വര്‍ണവും രത്നങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമടക്കം രണ്ടുകോടി രൂപയിലേറെ വിലമതിക്കുന്ന കൊള്ളമുതലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ ബി.കോം വിദ്യാര്‍ഥിനിയായ മാനസി ഭട്ട് പഠനത്തിനൊപ്പം കാളിന്ദികുഞ്‌ജ് മേഖലയില്‍ ട്രാവല്‍ ഏജന്റായും ജോലി ചെയ്‌തിരുന്നു. ജോലിയുടെ മറവിലാണു യുവതി കൊള്ളസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലക്കാരിയായ മാനസിയുടെ പിതാവ് സംസ്‌ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായിരുന്നു. പിതാവിന്റെ മരണശേഷം മാതാവിനൊപ്പം ഇന്ദിരാപുരം മേഖലയിലായിരുന്നു താമസം. ഒരുവര്‍ഷം മുമ്പു കൊള്ളസംഘത്തില്‍ ചേര്‍ന്ന മാനസി അധികം താമസിയാതെ സംഘത്തിന്റെ നേതൃത്വമേറ്റെടുത്തു. സംഘത്തിലെ മറ്റംഗങ്ങളായ രമേഷ്, സത്യേ്രന്ദ, ചന്ദ്, മുകേഷ്, അമിത് എന്നിവരും ഇടത്തരം കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഇവരുടെ പിതാക്കന്‍മാരാകട്ടെ യു.പി. റോഡ്‌വേയ്‌സിലും റെയില്‍വേയിലുമൊക്കെ ജോലിയുള്ളവരും. കാലത്തിനൊത്ത പരിഷ്‌കാരത്തോടെയാണ് ഇവരുടെ മോഷണരീതി. കൊള്ള നടത്താനുദ്ദേശിക്കുന്ന നഗരത്തിലേക്കു കാറിലോ വിമാനങ്ങളിലോ പോകും. 'ലൊക്കേഷനി'ലെ ഏറ്റവും നല്ല ഹോട്ടലില്‍തന്നെ മുറിയെടുക്കും. ലക്ഷ്യസ്‌ഥാനത്തു സര്‍വേ നടത്തുന്ന ജോലി മാനസിക്ക്. കൊറിയര്‍ ജീവനക്കാരി എന്ന മട്ടില്‍ വന്‍ബിസിനസുകാരും മറ്റും താമസിക്കുന്ന ഫ്‌ളാറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാരുമായി അടുപ്പം സ്‌ഥാപിക്കും. ഇവരില്‍നിന്ന് 'ഇര'യുടെ നീക്കങ്ങള്‍ അനായാസം ചോര്‍ത്തും. പിന്നെ കൊറിയര്‍ ജീവനക്കാരായി ചമഞ്ഞു കൊള്ള നടത്തേണ്ട ചുമതലയേ സംഘത്തിലെ പുരുഷന്‍മാര്‍ക്കുള്ളൂ. കൊള്ളമുതല്‍ ഹോട്ടലില്‍ എത്തിച്ചശേഷം അതുമായി ഡല്‍ഹിക്കു പറക്കുന്നതും പിന്നെ വീതിച്ചു നല്‍കുന്നതും മാനസിയാണ്. ഒരിക്കല്‍ കൊള്ള നടത്തിയ നഗരത്തില്‍ രണ്ടാമതൊരു 'ഓപ്പറേഷനു' ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഇവരെ ഇതുവരെ പിടികൂടാനാകാതിരുന്നതും. എന്നാല്‍, ഇത്തവണ മോഷ്‌ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണു സംഘാംഗങ്ങള്‍ക്കു വിനയായത്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ സംഘം കുടുങ്ങി. ഇവരെ വിശദമായി ചോദ്യംചെയ്‌തപ്പോഴാണു കോളജ് വിദ്യാര്‍ഥിനിയുടെ പങ്കു വെളിച്ചത്തായത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര, യു.പി. എന്നീ സംസ്‌ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ 18 വമ്പന്‍കൊള്ളകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. | ||
Sunday, September 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment