റാഗിംഗ്: മലയാളി വിദ്യാര്‍ഥിക്ക് കോയമ്പത്തൂരില്‍ ക്രൂരമര്‍ദനം |
കടുത്തുരുത്തി: റാഗിംഗിന്റെ പേരില്‍ മലയാളിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്കു കോയമ്പത്തൂരിലെ കോളജ് ഹോസ്‌റ്റലില്‍ കൊടിയ മര്‍ദനം. കോയമ്പത്തൂര്‍ കര്‍പകം യൂണിവേഴ്‌സിറ്റി കോളജിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി, കോതനല്ലൂര്‍ കണ്ടനാട്ടില്‍ (അസീസ് മന്ദിരം) ആന്റണിയുടെ മകന്‍ ഫ്രാന്‍സിസ് ആന്റണി (പ്രിന്‍സ്-19)ക്കാണ് മര്‍ദനമേറ്റത്. തലയ്‌ക്കും കൈകള്‍ക്കും കാലിനും പരുക്കേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസിനെ ബന്ധുക്കളെത്തി നാട്ടില്‍കൊണ്ടുവന്നു. ഇപ്പോള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്‌ച ഉച്ചയോടെയാണു റാഗിംഗുണ്ടായതെന്ന് ഫ്രാന്‍സിസ് പറഞ്ഞു. വല്യപ്പന്റെ മരണാനന്തര ചടങ്ങുകള്‍ക്കു നാട്ടിലെത്തിയ ഫ്രാന്‍സിസ് തിങ്കളാഴ്‌ച പുലര്‍ച്ചെയാണു കോളജ് ഹോസ്‌റ്റലില്‍ മടങ്ങിയെത്തിയത്. പനിയുണ്ടായിരുന്നതിനാല്‍ ക്ലാസില്‍ പോകാതെ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ആറു പേരടങ്ങുന്ന സംഘം അതിക്രമിച്ചുകയറുകയും പണം ആവശ്യപ്പെടുകയും ചെയ്‌തെന്നു ഫ്രാന്‍സിസ് പറയുന്നു. പണം ഇല്ലെന്നു പറഞ്ഞതോടെ കമ്പിവടി ഉപയോഗിച്ചു കൈക്കും കാലിനും തല്ലി. ഫീസ് കൊടുക്കുന്നതിനു പഴ്‌സില്‍ വച്ചിരുന്ന 11,000 രൂപ അക്രമിസംഘം കൈക്കലാക്കി. സംഘാംഗങ്ങളില്‍ ഒരാള്‍ തല ഭിത്തിയില്‍ ശക്‌തിയായി ഇടിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഫ്രാന്‍സിസ് പറഞ്ഞു. തല ഭിത്തിയിലിടിച്ച ആഘാതത്തില്‍ ബോധം നഷ്‌ടമായ ഫ്രാന്‍സിസിനെ വൈകുന്നേരം മുറിയിലെത്തിയ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെകുറിച്ചു സഹപാഠികള്‍ കോളജ് അധികൃതരെ സമീപിച്ചു പരാതിപ്പെട്ടെങ്കിലും ഗൗനിച്ചില്ലെന്നു പറയുന്നു. കോളജ് മാനേജ്‌മെന്റിന്റെ തന്നെ ഉടമസ്‌ഥതയിലുള്ള ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതേ കോളജില്‍ പഠിക്കുന്ന ബന്ധുവായ മറ്റൊരു കുട്ടി നാട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണു പിതാവ് ആന്റണിയും ബന്ധുക്കളുമെത്തി നാട്ടിലേക്കു കൊണ്ടുവന്നത്. ഫ്രാന്‍സിസിന്റെ വലതുകൈക്കു കമ്പിവടികൊണ്ടുള്ള അടിയേറ്റു പൊട്ടലുണ്ട്. തലയ്‌ക്കും കഴുത്തിനും ചതവുണ്ട്. കോയമ്പത്തൂരിലെ കോളജിലെത്തിയ തങ്ങളെ പോലീസില്‍ പരാതി നല്‍കുന്നതില്‍നിന്നു കോളജ് അധികൃതര്‍ വിലക്കിയതായി ആന്റണി പറഞ്ഞു. ഫ്രാന്‍സിസിന്റെ മൊബൈല്‍ ഫോണും അക്രമിസംഘം തട്ടിയെടുത്തു. ഫ്രാന്‍സിസിനു മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. സ്‌റ്റീഫന്‍ ജോര്‍ജ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു നിവേദനം നല്‍കി. ( mangalam) |
Wednesday, September 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment