വരുന്നൂ... ഓരോ വീട്ടിലും ഓരോ മെത്രാന്‍ |
'മെത്രാന്‍ സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് കുറിയാക്കോസ് റമ്പാന്‍ വിഷണ്ണനായി. എങ്ങനെയെങ്കിലും മാറിനില്‍ക്കണമെന്നായിരുന്നു ആഗ്രഹം. സഭാ തലവനായ വട്ടശേരില്‍ തിരുമേനി പലരെകൊണ്ടും നിര്‍ബന്ധിപ്പിച്ചു. അദ്ദേഹം വിസമ്മതിക്കുകയായിരുരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം കരഞ്ഞു പ്രാര്‍ത്ഥിച്ച ശേഷമാണ് സ്‌ഥാനം സ്വീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചത്' - പാമ്പാടി തിരുമേനി എന്ന് അറിയപ്പെടുന്ന പരിശുദ്ധ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രത്തില്‍ നിന്ന് . 1911 ല്‍ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1929 ല്‍ മാത്രമാണ് സ്‌ഥാനം സ്വീകരിച്ചത് . പഴയകാല ബിഷപ്പുമാരില്‍ ഭൂരിപക്ഷവും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ് അധികാരമേറ്റിട്ടുളളത് . ഇന്ന് മെത്രാന്‍ പദവി പലര്‍ക്കും അന്തസിന്റെ പ്രതീകമാണ്. 'തിരുമേനി/ പിതാവ് എന്ന സംബോധന, ആദരവോടെ കൈമുത്താന്‍ നില്‍ക്കുന്ന വിശ്വാസികള്‍, ആഡംഭര കാറുകള്‍ ...' മെത്രാന്‍ സ്‌ഥാനത്തേക്ക് പലരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഇവയുംപെടുന്നു. പുതിയ നീക്കങ്ങളനുസരിച്ച് പെന്തിക്കോസ്‌ത് സഭകളെ പോലെ എപ്പീസ്‌കോപ്പല്‍ സഭകള്‍ക്കിടെയിലും ചെറുസഭകള്‍ പരക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ മെത്രാന്‍ , കാതോലിക്കാ, പാത്രിയര്‍ക്കീസ് സ്‌ഥാനങ്ങളും ചെറുസഭകളും സ്വന്തമാക്കാനുളള സാധ്യതയാണുള്ളത് . യേശു തെരഞ്ഞെടുത്ത 12 അപ്പോസ്‌തോലന്മാരുടെ ദൗത്യം സഭയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ നിയമിക്കപ്പെടുന്ന മേല്‍പട്ടക്കാരിലൂടെ പരമ്പരാഗതമായുള്ള തുടര്‍ച്ചയാണ് അപ്പോസ്‌തോലിക തുടര്‍ച്ച. 'കൈവയ്‌പിലൂടെയാണ് പുരോഹിത സ്‌ഥാനിക്ക് അംഗീകാരവും നിയമനവും നടക്കുന്നത് ' - 1 തിമൊഥെയോസ് 4:14. ഈ പാരമ്പര്യം കേരളത്തില്‍ അവകാശമായുള്ളത് കത്തോലിക്ക, ഓര്‍ത്തഡോക്‌സ് , യാക്കോബായ , സിഎസ്‌ഐ, സിഎംഎസ് , ആംഗ്ലിക്കന്‍, മാര്‍ത്തോമ്മാ, കല്‍ദായ, തൊഴിയൂര്‍ സഭകള്‍ക്കാണ് . 15-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയേയും പോപ്പിനെയും എതിര്‍ത്ത പ്രൊട്ടസ്‌റ്റന്റ് സഭ രൂപീകൃതമായതാണ് അപ്പോസ്‌തോലിക സഭകളില്‍ മാറ്റത്തിന് തുടക്കമിട്ടത് . 1906 ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് പെന്തക്കോസ്‌ത് സഭകളുടെ തുടക്കം. പ്രൊട്ടസ്‌റ്റന്റ് വിഭാഗത്തില്‍ നിന്നായിരുന്നു ജനനം. പിന്നീട് വ്യക്‌തികളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സ്വതന്ത്ര സഭകള്‍ പെന്തിക്കോസ്‌ത് കൂട്ടായ്‌മയുടെ ഭാഗമായി. ഇതേ തരംഗമാണ് കേരളത്തിലെ അപ്പോസ്‌തോലിക സഭകളിലേക്കും വ്യാപിക്കുന്നത് . ബിലീവേഴ്‌സ് ചര്‍ച്ചിലൂടെയായിരുന്നു ആദ്യ വിവാദം. സിഎസ്‌ഐ സഭയിലെ ഒരു ബിഷപ്പാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് ബിഷപ്പായി കെ.പി. യോഹന്നാനെ വാഴിച്ചത് . വാഴിക്കല്‍ സിഎസ്‌ഐ സഭയില്‍ വിവാദമാകുകയും ചെയ്‌തു. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് നേരത്തെ തന്നെ വിശ്വാസികള്‍ ഉണ്ടായിരുന്നതിനാലും കെട്ടുറപ്പുണ്ടായിരുന്നിനാലും ചെറിയ ഉപവിഭാഗങ്ങള്‍ രൂപപ്പെട്ടില്ല. യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയിലെത്തിയ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ യാക്കോബായ സഭയോടിടഞ്ഞ രണ്ട് റമ്പാന്‍മാരെ മെത്രാപ്പോലീത്താ സ്‌ഥാനത്തേക്ക് ഉയര്‍ത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത് . വാഴിക്കപ്പെ മൂസാ ഗുര്‍ഗന്‍ മാര്‍ സേവേറിയോസ് അന്തോഖ്യ സിറിയക് ഓര്‍ത്തഡോക്‌സ് സഭ ഉണ്ടാക്കിയെങ്കിലും കേരള സഭകള്‍ അവഗണിച്ചു. എന്നാല്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് വൈദികരെ മെത്രാന്‍ സ്‌ഥാനം നല്‍കി മാര്‍ സേവേറിയോസ് കേരളത്തിലേക്ക് അയച്ചപ്പോള്‍ കേരളീയ സഭകള്‍ ഞെട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെ ഫാ.സി.ജി. മാത്യൂസിനെ മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാനാക്കി കേരളത്തിലേക്ക് അയച്ചപ്പോഴാണ് ഓര്‍ത്തഡോക്‌സ് സഭ അമ്പരന്നു. കോട്ടയത്ത് ആസ്‌ഥാനമുണ്ടാക്കിയ മാര്‍ ഗ്രിഗോറിയോസ് കാതോലിക്കാ സ്‌ഥാനം പുതിയ സഭയ്‌ക്കു വേണമെന്ന് ആഗ്രഹിച്ചതോടെയാണ് രണ്ടാമത്തെ പിളര്‍പ്പ് . അന്തോഖ്യ സിറിയക് ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് കാതോലിക്കാ സ്‌ഥാനം വേണമെന്ന് മാര്‍ ഗ്രീഗോറിയോസ് പ്രസിദ്ധീകരിക്കുന്ന തദ്ദേവൂസ് പത്രത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നാലു കാതോലിക്ക എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെ മാര്‍ സേവേറിയോസ് എതിര്‍ത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ എന്നാണ് പുതിയ സഭയുടെ പേര് . ഈ സഭയ്‌ക്കായി കൂടുതല്‍ ബിഷപ്പുമാര്‍ വാഴിക്കപ്പെട്ടേക്കാം. മാര്‍ ഗ്രീഗോറിയോസ് ഇനി യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭകള്‍ വഴി മൂസാ ഗുര്‍ഗനിലൂടെ ലഭിച്ച കൈവയ്‌പാകും അവകാശപ്പെടുക. അദ്ദേഹം വാഴിക്കുന്ന മെത്രാന്മാരും ഈ അവകാശവാദം ഉന്നയിക്കും. കൈവയ്‌പുകളുടെ പേരില്‍ ഇനിയും ചെറിയസഭകള്‍ക്കും സാധ്യതയേറെ. പുരാതന സഭകളുടെ തലവന്റെ സ്‌ഥാനപ്പേരാണ് കാതോലിക്കാ (കാതോലിക്കോസ്). സാര്‍വത്രിക പിതാവ് എന്നര്‍ത്ഥം. കേരളത്തില്‍ ആദ്യമായി കാതോലിക്കാ ബാവയെ വാഴിച്ചത് ഓര്‍ത്തഡോക്‌സ് സഭയാണ് . 1912 ലായിരുന്നു അത് . 1975 ല്‍ യാക്കോബായ സഭയും, 1995ല്‍ മലങ്കര കത്തോലിക്കാ സഭയും കാതോലിക്കാമാരെ വാഴിച്ചു. ബസേലിയോസ് എന്നാണ് ഈ കാതോലിക്കാമാരുടെ സ്‌ഥാനപ്പേര് . നാലാമത്തെ കാതോലിക്കാ ബാവയെ വേണമെന്നാണ് മാര്‍ ഗ്രിഗോറിയോസ് തന്റെ പത്രമായ തദ്ദേവൂസിലൂടെ ആവശ്യപ്പെട്ടത് . എന്നാല്‍ അദ്ദേഹത്തിന്റെ സഭയ്‌ക്ക് ഭരണഘടന പോലുമായിട്ടില്ല. വ്യക്‌തികളില്‍ കേന്ദ്രീകരിക്കുന്ന ചെറിയ സഭകള്‍ വ്യാപകമായാല്‍ മെത്രാന്‍ സ്‌ഥാനത്തിന്റെ മാനദണ്ഡങ്ങളും മാറിയേക്കാം. വിവാഹിതായവരും സന്യാസികളായ മെത്രാന്മാര്‍ക്ക് അനുവദിക്കപ്പെട്ട വേഷവും പേരും സ്വീകരിച്ച് ഇനി പ്രത്യക്ഷപ്പെട്ടേക്കാം. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്‌ഥാപിതമായ കേരള സഭയ്‌ക്ക് ആദ്യ കാലങ്ങളില്‍ അര്‍ക്കദിയാക്കോനായിരുന്നു തലവന്‍. ഇംഗ്ലീഷില്‍ 'ആര്‍ച്ച് ഡീക്കണ്‍' എന്ന വാക്കിന്റെ സുറിയാനി പദമാണ് അര്‍ക്കദിയാക്കോന്‍. നസ്രാണി സമുദായ തലവന്‍ എന്ന നിലയില്‍ 'ജാതിക്കു കര്‍ത്തവ്യന്‍' എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഉദയംപേര്‍ സുന്നഹദോസ് കാലത്ത്(1599) കേരളീയ വിശ്വാസികളുടെ നേതൃത്വം ഗീവര്‍ഗീസ് അര്‍ക്കദിയാക്കോനായിരുന്നു. പിന്നീട് ബിഷപ്പുമാര്‍ക്കായി കേരളത്തിലെ വിശ്വാസികളുടെ നേതൃത്വം. എപ്പീസ്‌കോപ്പോസ് എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ബിഷപ്പ് എന്ന പദവി ഉണ്ടായത് . മേല്‍നോട്ടക്കാരന്‍ എന്നാണ് പദത്തിന്റെ അര്‍ത്ഥം. കാലം പുരോഗമിച്ചപ്പോള്‍ മെത്രാപ്പോലീത്ത/ ആര്‍ച്ച് ബിഷപ്പ് പദവിയായി സഭാ തലവന്മാര്‍ക്ക്. പ്രധാന പട്ടണത്തിലെ ക്രൈസ്‌തവ മേലധ്യക്ഷനാണ് മെത്രാപ്പോലീത്ത. പിന്നീട് കാതോലിക്കാ സ്‌ഥാനവും മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്‌ഥാനവും പ്രധാന മേലധ്യക്ഷന്മാര്‍ക്ക് ലഭിച്ചു. ഈ സ്‌ഥാനങ്ങള്‍ വ്യക്‌തിഗത സഭകള്‍ സ്വന്തം ഇഷ്‌ടപ്രകാരം ഉപയോഗിക്കുക എന്ന വലിയ വിപത്താണ് കേരളത്തിലെ സഭകളെ കാത്തിരിക്കുന്നത് . മാത്യൂസ് എം. ജോര്‍ജ് (mangalam) |
Wednesday, September 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment