Thursday, September 23, 2010

Manmohan Singh.

മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്‌
Posted on: 23 Sep 2010

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കര്‍ പ്രധാനമന്ത്രിയ്ക്കുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി. പരസ്​പര സഹകരണം, സഹനം, സമാധാനം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്ന അപ്പീല്‍ ഓഫ് കോണ്‍ഷ്യന്‍സ് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

സാര്‍വലൗകീകമായ സത്യം തേടിയുള്ള യാത്ര വിവിധ പാതകള്‍ സ്വീകരിക്കുമെങ്കിലും ഉയര്‍ന്ന മൂല്യങ്ങള്‍, ആദര്‍ശം, മനുഷ്യത്വം എന്നിവ നമ്മെയെല്ലാം ഒരുമിച്ചുനിര്‍ത്തുന്നുവെന്ന അടിസ്ഥാന വിശ്വാസപ്രമാണമാണ് എക്കാലത്തും ഇന്ത്യയെ നയിച്ചിട്ടുള്ളതെന്ന് മന്‍മോഹന്‍സിങ് റെക്കോഡ് ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. 

ദീര്‍ഘവീഷണവും നിഷ്ഠയും സത്യസന്ധതയുമുള്ള ഭരണാധികാരിയാണ് മന്‍മോഹന്‍ സിങെന്ന് ചടങ്ങില്‍ സംസാരിച്ച അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിങ്ങര്‍ പറഞ്ഞു. മന്‍മോഹന്‍സിങിന്റെ നേതൃപാടവം ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച വന്‍പുരോഗതിയ്ക്ക് കാരണമായെന്നും കിസ്സിങ്ങര്‍ പറഞ്ഞു. 

നയതന്ത്രജ്ഞതയുടെയും നിഷ്ഠയുടെയും അടിസ്ഥാനത്തില്‍ നല്‍കുന്ന അവാര്‍ഡ് ലഭിക്കാന്‍ മന്‍മോഹന്‍ സിങിനേക്കാള്‍ അര്‍ഹതയുള്ളവരില്ലെന്ന് യു.എസ് സര്‍ക്കാരിന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സ് പറഞ്ഞു. വിനയം, ക്ഷമ എന്നിവ മുഖമുദ്രയായുള്ള മന്‍മോഹന്‍ സിങിന്റെ നിശ്ചയദാര്‍ഡ്യം ഇന്ത്യയ്ക്കും ലോകത്തിനാകെയും വലിയ നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. (mathrubhumi)

No comments:

Post a Comment